ജൂൺ പെയ്യുകയാണ്
ഗുൽമോഹറിന്റെ ഇരുണ്ടപച്ചിലച്ചാർത്തുകളിൽ,
നിരയായ് നിൽക്കുന്ന മരങ്ങൾ വിരിച്ചിട്ട
കടും ചുവപ്പു പരവതാനിയിലൂടെ
ഞാൻ നടന്നു.
പട്ടുപാവാടയുടെ ഭാരമുള്ള കസവുകരയിൽ
കാൽ തട്ടിത്തട്ടി, എന്റെ പ്രീഡിഗ്രി ക്ളാസിലേക്ക്
പിന്നെയൊരു ഏപ്രിൽ...
വേനൽ ചുരത്തിയ മഞ്ഞപ്പൂക്കൾ വാരിച്ചൂടി
കാമ്പസിലെ ചാപ്പലിന്റെ മണൽമുറ്റത്ത്
പ്രാർത്ഥനയോടെ നിന്ന കണിക്കൊന്നയ്ക്കു താഴെ
പനങ്കുലപോലെ മുടിവിടർത്തിയിട്ടിരുന്ന
എന്റെ സ്നേഹിതയുടെ മുടിയിൽ കൊന്നമരം
ചാർത്തിയ സ്വർണതൊങ്ങലുകൾ..
ഓർമ്മയുടെ കളിയോടം തുഴഞ്ഞുവരുമ്പോൾ
ഇന്നലെകൾക്കെന്തൊരു ഭംഗി,
ഒരു കണ്ണ് നോവ് പൂവുപോലെ..
കണ്ണിനെപൊള്ളിച്ചു കൊണ്ട്
ഒരു കണ്ണീർത്തുള്ളിയായ് കാലം കടന്നു പോകുന്നു.
അന്ന് ഞാൻ കടന്നുചെന്ന ബിഷപ്പ് മൂർകോളജിന്റെ
ഗുൽമോഹറുകൾ കാലം കവർന്നെടുത്തുപോയ്.
മറ്റൊരു ജൂൺ..
ഞാൻ പടിയിറങ്ങുകയാണ്
ഗുരുവരുളിന്റെ മൊഴിമുത്തുകൾ കാതിൽ മുഴങ്ങുമ്പോൾ
വിടനൽകാൻ സാക്ഷിയായി
ദേശാഭിമാനി ടി.കെ.മാധവന്റെ ധീരോദാത്ത സ്മരണകളും..
ഇക്കുറി ജൂൺ പെയ്യുന്നില്ല,
പൊള്ളുന്ന തിരശീല താഴ്ത്തി കടന്നുപോകുന്നു.
ഇടവപ്പാതിയിൽനിന്ന്
മിഥുനപ്പാതിയിലേക്ക്
കാലാവസ്ഥ വ്യതിയാനത്തിന്റെ കളം മാറുമ്പോൾ
വേനലറുതിയുടെ പെയ്ത് തോറ്റങ്ങളിലേക്ക്
ഞാൻ പടിയിറങ്ങുന്നു