jacob-thomas

തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിനെ സ്വയം വിരമിക്കാൻ അനുവദിക്കില്ലെന്നറിയിച്ച് സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച് കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന് സംസ്ഥാന സർക്കാർ റിപ്പോർട്ട് നൽകിയിട്ടുണ്ട്. സസ്‌പെൻഷനിലായ ഉദ്യോഗസ്ഥനെ വിരമിക്കാൻ അനുവദിക്കാനാകില്ല എന്ന് കാണിച്ചാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയത്. സ്വയം വിരമിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് കേരള സർക്കാരിനെ സമീപിച്ചിരുന്നു.

ഇത് നിഷേധിക്കപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹം കേന്ദ്രത്തെ സമീപിച്ചത്. കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിന്റെ സമയത്താണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ജേക്കബ് തോമസ് സ്വയം വിരമിക്കലിന് ശ്രമിച്ചുകൊണ്ട് സംസ്ഥാന സർക്കാരിന് കത്ത് നൽകിയിരുന്നത്. എന്നാൽ ഈ അപേക്ഷ അംഗീകരിക്കാൻ സർക്കാർ തയാറായില്ലെന്നു മാത്രമല്ല സർക്കാർ അദ്ദേഹത്തിന്റെ സസ്‌പെൻഷൻ കാലാവധി നീട്ടുകയും ചെയ്തു.

സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നൽകിയ റിപ്പോർട്ടിൽ ജേക്കബ് തോമസിന്റെ ചട്ടലംഘനങ്ങളും അദ്ദേഹത്തിന് ഇതുവരെ സംഭവിച്ച വീഴ്ചകളുമെല്ലാം അക്കമിട്ട് നിരത്തിയിട്ടുണ്ട്. ഓഖി ചുഴലിക്കാറ്റിന്റെ സമയത്തും പ്രളയത്തിന്റെ സമയത്തും സർക്കാരിനെ ജേക്കബ് തോമസ് തോമസ് വിമർശിച്ചതും, സർക്കാരിൽ നിന്ന് മുൻകൂട്ടി അനുവാദം വാങ്ങാതെ സർവീസ് സ്റ്റോറി എഴുതി പ്രസിദ്ധീകരിച്ചതുമെല്ലാം സർക്കാർ ഈ റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്. ഇതെല്ലാം ഗുരുതര ചട്ടലംഘനമായാണ് സർക്കാർ റീപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ഈ സംഭവങ്ങളെ തുടർന്നാണ് അദ്ദേഹത്തെ സംസ്ഥാന സർക്കാർ സസ്‌പെൻഡ് ചെയ്യുന്നത്. തുറമുഖ ഡയറക്ടർ ആയിരുന്നപ്പോൾ ഡ്രെഡ്ജർ വാങ്ങിയത് സംബന്ധിച്ച, അദ്ദേഹം നടത്തിയെന്ന് പറയുന്ന അഴിമതിയെക്കുറിച്ചുള്ള വിജിലൻസ്, ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോർട്ടുകളും, ഡി.ജി.പിയുടെ റിപ്പോർട്ടും കേന്ദ്രത്തിന് നൽകിയ രേഖയിൽ സർക്കാർ ചേർത്തിട്ടുണ്ട്. ഈ റിപ്പോർട്ട് നൽകിയതിലൂടെ ജേക്കബ് തോമസിന് സ്വയം വിരമിക്കാനുള്ള സാധ്യകളെല്ലാം അടഞ്ഞിരിക്കുകയാണ്.