നോയിഡ: ഒരു കോടി സ്ത്രീധനം നൽകണമെന്ന് ആവശ്യപ്പെട്ട വരനേയും ബന്ധുക്കളേയും പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർ പ്രദേശിലെ ഗ്രേയ്റ്റർ നോയിഡയിലുള്ള കസ്‌നയിലാണ് സംഭവം നടന്നത്. സ്ത്രീധനം നൽകാത്തതിനാൽ വിവാഹം മുടങ്ങുകയും ചെയ്തു. വിവാഹത്തിന് രണ്ട് ദിവസം മാത്രം ബാക്കി നിൽക്കേയാണ് അക്ഷത് ഗുപ്ത എന്നയാളും ഇയാളുടെ ബന്ധുക്കളും വധുവിന്റെ മാതാപിതാക്കളോട് ഇത്രയും പണം ആവശ്യപ്പെട്ടത്. പണം നൽകിയില്ലെങ്കിൽ പെൺകുട്ടിയെ വിവാഹം കഴിക്കില്ല എന്നും ഇയാൾ പറഞ്ഞിരുന്നു.
ഇതിനെ തുടർന്ന് വധുവായ പെൺകുട്ടി തന്നെയാണ് പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ 32കാരനായ അക്ഷത് ഗുപ്തയ്‌ക്കൊപ്പം ഇയാളുടെ അച്ഛൻ വിജയ് കുമാർ, അമ്മ രജനി ഗുപ്ത എന്നിവരുടേയും പേരുകൾ പെൺകുട്ടി ഉൾക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ വരന്റെ ആറ് സഹോദരിമാരുടേയും മറ്റ് ബന്ധുക്കളുടെ പേരും പരാതിയിലുണ്ട്. ഏപ്രിലിൽ വിവാഹം ഉറപ്പിച്ചത് മുതൽ അക്ഷതും ബന്ധുക്കളും ഇത്തരത്തിലുള്ള കാര്യങ്ങൾ ആവശ്യപ്പെട്ടിരുന്നുവെന്നും പെൺകുട്ടി തന്റെ പരാതിയിൽ പറയുന്നു,
ഫൈവ് സ്റ്റാർ ഹോട്ടലിൽ വച്ച് വിവാഹം, സഹോദരിമാരുടെ ഭർത്താക്കന്മാർക്കും ബന്ധുക്കൾക്കും സ്വർണ നാണയങ്ങൾ, അച്ഛനും തനിക്കും സ്വർണമാലകൾ, വിവാഹത്തിന് എത്തുന്ന ബന്ധുക്കൾക്ക് ദക്ഷിണയായി പണം. ഇതൊക്കെയായിരുന്നു അക്ഷതിന്റേയും ബന്ധുക്കളുടേയും ഡിമാന്റുകൾ. ഇതെല്ലാം തന്റെ മാതാപിതാക്കൾ സമ്മതിച്ചിരിന്നുവെന്നും എന്നാൽ ഇത് നൽകാൻ കഴിഞ്ഞില്ലെന്നും യുവതി പറയുന്നു. പണം നൽകാത്തതിനാൽ അച്ഛനെ എല്ലാവരുടേയും മുൻപിൽ വച്ച് അക്ഷത് അപമാനിച്ചുവെന്നും വധു പറഞ്ഞു.