തിരുവനന്തപുരം: കേരളത്തിൽ സ്ത്രീകൾക്ക് നേരെയുള്ള ഗാർഹിക പീഡനം വർദ്ധിക്കുന്നുവെന്നാണ് കണക്കുകൾ. എന്നാൽ പലപ്പോഴും തങ്ങളുടെ കുടുംബത്തെ ഓർത്ത് സ്ത്രീകൾ ഇക്കാര്യം പുറത്തുപറയാൻ മടിക്കാറാണ് പതിവ്. ഇത്തരത്തിൽ പങ്കാളിയിൽ നിന്നും ക്രൂര മർദ്ദനമേൽക്കേണ്ടി വന്ന ഒരു സ്ത്രീയുടെ അനുഭവം തുറന്നെഴുതുകയാണ് എഴുത്തുകാരിയും ഡോക്‌ടറുമായ ഷിംന അസീസ്. കുഞ്ഞിന്റെ മുന്നിൽ വച്ച് മർദ്ദനമേറ്റപ്പോൾ മരിക്കണോ അതോ കുഞ്ഞിനെയും കൊണ്ട് വീട് വിട്ടിറങ്ങണോ എന്ന് ചോദിച്ച് തന്നെ ഗർഭിണിയായ ഒരു യുവതി വിളിച്ചിരുന്നുവെന്നും വളരെ പണിപ്പെട്ടാണ് അവളെ സമാധാനിപ്പിച്ചതെന്നും ഡോക്ടർ പറയുന്നു. അവളുടെ വിവരങ്ങൾ കിട്ടിയെന്നും രക്ഷിക്കാൻ വേണ്ടത് ചെയ്യുമെന്നുമുള്ള നിലപാട് മാതൃകയാണെന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം.
കുറിപ്പിന്റെ പൂർണരൂപം
"നമ്മൾ പറയുന്നത് ശരിയാണെന്ന ഉറപ്പിൽ ഭാവഭേദമില്ലാതെ നിന്നാൽ നല്ല തല്ല് കിട്ടുമല്ലേ ഇത്താ?''
മാസാവസാനം ബാക്കിയുണ്ടായിരുന്ന ലീവുകളിലൊന്നിൽ പുതിയതായി കിട്ടിയ പാട്ടിൽ ലയിച്ച് കിടക്കുന്നതിനിടക്കാണ് മെസഞ്ചർ 'ക്‌ടിൻ' എന്ന് ശബ്‌ദമുണ്ടാക്കി ഈ സന്ദേശം കൊണ്ടു വന്ന് തന്നത്.
പെട്ടെന്ന് എന്താണ് മറുപടി പറയേണ്ടതെന്ന് മനസ്സിലായില്ല.
അവളുടെ ആവലാതികൾ കേട്ട് തുടങ്ങിയിട്ട് മാസം രണ്ടായി. ഇപ്പോൾ പൂർണഗർഭിണിയാണ്. പ്രഫഷനൽ വിദ്യാഭ്യാസമുള്ള പെണ്ണ്. ആദ്യത്തെ കുഞ്ഞിന് മുൻപിൽ വെച്ച് തല്ല് കിട്ടിയപ്പോൾ അവനെയുമെടുത്ത് വീട് വിട്ടിറങ്ങണോ അതോ മരിക്കണോ എന്ന് ചോദിക്കാൻ മുൻപൊരിക്കൽ വിളിച്ചിരുന്നു. വളരെ കഷ്‌ടപ്പെട്ടാണ് അന്നവളെ സമാധാനിപ്പിച്ച് നിർത്തിയത്. അടി കൊണ്ട് വയറടിച്ച് വീണപ്പോഴാണത്രേ അയാൾ തല്ല് നിർത്തിയത്. "എന്നാലും ഇക്കുറി എന്നെ ഉപദ്രവിക്കുന്നത് മോൻ കണ്ടില്ല കേട്ടോ, അതാണൊരു സമാധാനം" എന്ന് പറയുന്നത് കേട്ട് വാക്കുകൾ വറ്റി നാവ് മരവിച്ച് പോയി. സഹിച്ചത് മതി, അവളുടെ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലേക്ക് വിവരങ്ങൾ അറിയിക്കാമെന്ന് പറഞ്ഞു. "ഒരു ഗർഭിണിയെന്ന വലിയ ബാധ്യത എങ്ങോട്ട് പോകാനാണ് ഇത്താ? അഥവാ എനിക്ക് വല്ലതും സംഭവിച്ചാൽ എല്ലാവരെയും വിവരങ്ങളറിയിക്കാൻ കത്തുകളെഴുതി വെച്ചിട്ടുണ്ട്. ഞാനിവിടെ എരിഞ്ഞ് തീരും....വെക്കട്ടെ ഇത്താ... അവര് വരുന്നുണ്ടെന്ന് തോന്നുന്നു..." "നിനക്ക് അറിവും വിദ്യാഭ്യാസമുണ്ട്, തന്റേടമുണ്ട്. നിനക്ക് പ്രസവിക്കാനുള്ള സൗകര്യം ഇവിടെ ഏർപ്പാടാക്കിത്തരാം. സർക്കാർ ആശുപത്രിയുടെ പരിമിതമായ സൗകര്യങ്ങളേ കാണൂ...എന്നാലും വേണ്ടത് ചെയ്യാം" പറഞ്ഞ് മുഴുമിപ്പിക്കാനായില്ല, അവിടെ ഒരാൺശബ്‌ദം കേട്ടു... അവളുടെ ശബ്‌ദമൊരു ദീർഘനിശ്വാസത്തോടെ മുറിഞ്ഞടർന്നു. ഫോൺ കൈയിൽ പിടിച്ച് ഞാനിവിടെ തലക്ക് അടികൊണ്ട കണക്കിന് നിൽക്കുന്നു... പെണ്ണേ, നീയിത് കാണുന്നുവെങ്കിൽ, നിനക്കൊപ്പം ചുറ്റുമുള്ള ലോകമുണ്ടെന്ന് ഉറപ്പ് തരട്ടെ. ഇറങ്ങി വന്ന് ജീവിക്കണമെന്ന് തീരുമാനിച്ചാൽ ഒരു കോളിനിപ്പുറമുണ്ടാകും. ഈ നീറ്റൽ സഹിച്ച് അവിടെയൊടുങ്ങല്ലേ, പുറത്തുള്ള ലോകം വിശാലമാണ്. നീയും നിന്റെ കുഞ്ഞിക്കിളികളും ഇവിടെയൊരധികപ്പറ്റാകില്ല... കൂടെയുണ്ട്... ഉണ്ടാകും. നീ വായിച്ചുവെന്ന് തന്നെ കരുതട്ടെ. ..... Edit: അവളുടെ വിവരങ്ങൾ എനിക്ക് കിട്ടി. എല്ലാവർക്കും നന്ദി. വേണ്ടത് ചെയ്യും.