nusrath

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എം.പിയും ചലച്ചിത്ര താരവുമായ നുസ്രത്ത് ജഹാൻ റൂഹിയുടെ വിവാഹത്തെച്ചൊല്ലിയും പാർലമെന്റിലെ അവരുടെ വേഷവിധാനത്തെയും ചൊല്ലി വിവാദം. പാർലമെന്റിലെ സത്യപ്രതിജ്ഞാ ചടങ്ങിൽ നുസ്രത്ത് ജഹാൻ സിന്ദൂരം ധരിച്ച് പങ്കെടുത്തതാണ് വിവാദമായത്. മുസ്‌ലിം സ്ത്രീകൾ ഇസ്‌ലാം മത വിശ്വാസികളായ പുരുഷന്മാരെ മാത്രമേ വിവാഹം കഴിക്കാവൂ എന്ന് നിലപാടെടുത്ത മുസ്‌ലിം പണ്ഡിതന്മാർ എം.പിക്കെതിരെ ഫത്‌വ പുറപ്പെടുവിച്ചു. ഇതിനെതിരെ ബി.ജെ.പി നേതാവ് സാധ്വി പ്രാച്ചി അടക്കമുള്ള നേതാക്കൾ രംഗത്ത് വന്നതോടെയാണ് വിവാദം കൊഴുത്തത്. എന്നാൽ താൻ ഇപ്പോഴും ഇസ്‌ലാം മത വിശ്വാസിയാണെന്നും താൻ ഇന്ത്യയെ മുഴുവൻ പ്രതിനിധാനം ചെയ്‌താണ് പാർലമെന്റിലെത്തിയതെന്നും നുസ്രത്ത് ജഹാൻ പ്രതികരിച്ചു.

പാർലമെന്റിൽ നുസ്രത്ത് ജഹാൻ സിന്ദൂരം ധരിച്ച് പങ്കെടുത്തതും ഇതര മതസ്ഥനെ വിവാഹം കഴിച്ചതുമാണ് ഫത്‌വയ്‌ക്ക് കാരണമായത്. സംഭവം അനിസ്‌ലാമികമാണെന്ന് വ്യക്തമാക്കിയ ദയൂബന്ദിലെ മതപണ്ഡിതന്മാർ നുസ്രത്തിനെതിരെ ഫത്‌വ പുറപ്പെടുവിച്ചു. നുസ്രത്ത് ഒരു ജൈന മതക്കാരനെ കല്യാണം കഴിച്ചതായി തങ്ങൾക്ക് മനസിലായെന്നും ഇത് അനിസ്‌ലാമികമാണെന്നുമാണ് ഇവരുടെ വാദം. ചലച്ചിത്ര താരമായ നുസ്രത്തിന് മതത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നും അതാണ് പാർലമെന്റിൽ കണ്ടതെന്നും ദയൂബന്ദിലെ പണ്ഡിതനായ ആസാദ് വാസ്‌മി ആരോപിച്ചു. നുസ്രത്തിന്റെ കാര്യങ്ങളിൽ ഇടപെട്ട് സമയം കളയാനില്ലെന്നും ഇക്കാര്യത്തിലെ ഇസ്‌ലാമിക നിയമം വ്യക്തമാക്കുക മാത്രമാണ് തങ്ങൾ ചെയ്‌തതെന്നും വാസ്‌മി കൂട്ടിച്ചേർത്തു.

അതേസമയം, ഫത്‌വയ്‌ക്കെതിരെ രംഗത്ത് വന്ന ബി.ജെ.പി നേതാവ് സാധ്വി പ്രാച്ചി രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ഒരു മുസ്‌ലിം സ്ത്രീ മറ്റൊരു മതത്തിലെ പുരുഷനെ വിവാഹം കഴിക്കുകയും അവരുടെ വേഷവിധാനങ്ങളും ധരിക്കുന്നതും ഹറാമാണെന്നാണ് മതപണ്ഡിത്മാരുടെ ഭാഷ്യം. എന്നാൽ ഹിന്ദു പെൺകുട്ടികളെ ലൗ ജിഹാദിൽ കുടുക്കി പർദ്ദ ധരിപ്പിക്കുന്നത് ഇവർക്ക് ഹറാമല്ല. ഇത് അംഗീകരിക്കാൻ ആവില്ലെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ രാജ്യത്ത് കുഴപ്പങ്ങളുണ്ടാക്കാണ് നുസ്രത്ത് ജഹാനെപ്പോലുള്ളവരുടെ ശ്രമമെന്നും ഇത് സാധ്വി പ്രാച്ചിയെപ്പോലുള്ളവർ ഏറ്റെടുക്കുകയാണെന്നുമാണ് ദയൂബന്ദ് ഇക്കാര്യത്തിൽ പ്രതികരിച്ചത്.