narendra-modi

ഒസാക്ക: 24 മണിക്കൂറിനുള്ളിൽ ആറ് ലോകനേതാക്കളുമായി ചർച്ച. ഇത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രം കഴിയുന്ന കാര്യമെന്ന് ആരാധകർ. ജി 20 ഉച്ചകോടിയുടെ അവസാന ദിനമായ ശനിയാഴ്‌ചയാണ് മോദി ആറു ലോകരാഷ്‌‌ട്രത്തലവന്മാർക്കൊപ്പം അതീവ സുപ്രധാനപരമായ ഉഭയകക്ഷി ചർച്ചകൾ നടത്തിയത്. ഇൻഡൊനേഷ്യ, ബ്രസീൽ, തുർക്കി, ഓസ്‌ട്രേലിയ, സിങ്കപ്പൂർ, ചിലി എന്നീ രാജ്യങ്ങളുടെ തലവന്മാർക്കൊപ്പമായിരുന്നു മോദിയുടെ കൂടിക്കാഴ്‌ച.

ഇൻഡൊനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോയുമായായിരുന്നു മോദിയുടെ ആദ്യ ചർച്ച. പ്രതിരോധം, നിക്ഷേപം, സമുദ്ര സുരക്ഷ, ബഹിരാകാശം എന്നിവ ചർച്ചയിൽ പ്രധാന വിഷയങ്ങളായി. തുടർന്ന് ബ്രസീൽ പ്രസിഡന്റ് ജൈർ ബൊൽസൊനാരൊയുമായി കൂടിക്കാഴ്‌ച നടന്നു. വ്യാപാരം, നിക്ഷേപം, കാർഷികം, കാലാവസ്ഥ വ്യതിയാനം എന്നിവയെ കുറിച്ച് ഇരുനേതാക്കളും ചർച്ച നടത്തി. തുർക്കി പ്രസിഡന്റ് രജപ് തയ്യിപ് ഉർദുഗാനുമായുള്ള ചർച്ചയിൽ ഭീകര വിരുദ്ധ നടപടികൾ,വ്യാപാരം, നിക്ഷേപം എന്നിവ വിഷയങ്ങളായി. കായികം, ഖനന സാങ്കേതിക വിദ്യ, പ്രതിരോധം, സമുദ്ര മേഖലയിലെ സഹകരണം എന്നീ വിഷയങ്ങളിലായിരുന്നു ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണുമായുള്ള മോദിയുടെ ചർച്ചയിലെ വിഷയങ്ങൾ. മോദിക്കൊപ്പമുള്ള സെൽഫി ചിത്രവും മോറിസൺ ട്വിറ്ററിൽ പങ്കുവച്ചിരുന്നു. ചിലി പ്രസിഡന്റ് സെബാസ്‌റ്റ്യൻ പിനേരയുമായുള്ള ചർച്ചയിൽ ഉഭയകക്ഷി സഹകരണമായിരുന്നു വിഷയം.

ബാങ്ക് വായ്പാ തട്ടിപ്പ് ഉൾപ്പെടെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കു ശേഷം രാജ്യം വിടുന്നവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ, ഇത്തരം കുറ്റവാളികളെ കൈകാര്യം ചെയ്യാൻ എല്ലാ രാജ്യങ്ങളും ശക്തമായ നിയമനിർമ്മാണം നടത്തണമെന്ന് ജി 20 ഉച്ചകോടിയിൽ നരേന്ദ്രമോദി ആഹ്വാനം ചെയ്‌തു. നികുതിവെട്ടിപ്പ്, അഴിമതി, സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവയ്‌ക്കെതിരെ ഇന്ത്യ കർശന നടപടികൾ സ്വീകരിച്ചുവരികയാണെന്നും, ആഗോളസമൂഹം എന്ന നിലയിൽ എല്ലാ രാജ്യങ്ങളുടെയും സഹകരണം ഇക്കാര്യത്തിൽ ഉണ്ടാകണമെന്നും മോദി ലോകനേതാക്കളോട് അഭ്യർത്ഥിച്ചു.