കഴിച്ച ഭക്ഷണത്തിൽ പല്ലിയെ കണ്ടെത്തിയാൽ ആരായാലും ഒന്ന് പരിഭ്രാന്തനാകും. പല്ലിയോ മറ്റ് ജീവികളോ വീണ ഭക്ഷണം കഴിക്കുന്നത് അറപ്പുളവാക്കുന്ന കാര്യമാണെന്നതിലുപരി ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും എന്നതാണ് ഇതിന് കാരണം. ഇത്തരത്തിലൊരു സംഭവമാണ് ജാർഖണ്ഡിലെ ധുംകയിൽ സംഭവിച്ചത്. വിവാഹസദ്യയ്‌ക്കെത്തിയ 70 പേരാണ് ഒറ്റയടിക്ക് 'ഭക്ഷ്യവിഷബാധ'യുടെ പേരിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്. ഇവർ കഴിച്ച ഭക്ഷണത്തിൽ ചത്ത പല്ലി വീണുകിടക്കുന്നത് കണ്ടതാണ് കാര്യം.
ഇത്രയും ആൾക്കാർ ഒന്നാകെ ആശുപത്രിയിൽ അഡ്മിറ്റ് ആയതുകണ്ട ഡോക്ടർമാരും ഒന്ന് അമ്പരന്നു. വൻ ദുരന്തത്തിലേക്കാണോ കാര്യങ്ങൾ പോകുന്നത് എന്നതായിരുന്നു ഡോക്ടർമാരുടെ പേടി. ഇതിൽ പലരും ഛർദിയും വയറിന്റെ ബുദ്ധിമുട്ടുകളും കാരണം ബോധം കെട്ട് വീണിരുന്നു. ഇത് കൂടി കേട്ടപ്പോഴാണ് ഡോക്ടർമാർ ശരിക്കും ഞെട്ടിയത്.
എന്നാൽ 'രോഗികളെ' ചികിത്സിച്ച ഡോക്ടർമാർ അധികം താമസിയാതെ സത്യം മനസിലാക്കി. പല്ലിയല്ല, മനസാണ് രോഗ കാരണം. തങ്ങൾ കഴിച്ച ഭക്ഷണത്തിൽ പല്ലി വീണുവെന്നറിഞ്ഞ 70 പേരും എന്തോ ഭീകര പ്രശ്‌നം തങ്ങൾക്ക് സംഭവിക്കാൻ പോകുന്നു എന്ന് ഉത്കണ്ഠപെട്ടതാണ് വയറുവേദനയ്ക്കും ഛർദിക്കും കാരണമായത്.
കഴിച്ച ഭക്ഷണം മോശമാണെന്നറിഞ്ഞാൽ ആർക്കായാലും ഓക്കാനവും മനം പിരട്ടലുമെല്ലാം വരും. അത് സ്വാഭാവികമാണ്. അത്തരത്തിലുള്ള 'മാനസിക പ്രശ്നം' മാത്രമാണ് ഇവർക്ക് സംഭവിച്ചത്. ഡോക്ടർമാർ പറയുന്നു. എങ്കിലും ഇങ്ങനെ സംഭവിക്കുമ്പോൾ ആശുപത്രിയിൽ വന്ന് ഗൗരവമായ പ്രശ്നങ്ങളൊന്നും തങ്ങൾക്കില്ല എന്ന് ഉറപ്പുവരുത്തുന്നത് നല്ലതാണെന്നും ഡോക്ടർമാർ ഓർമിപ്പിച്ചു.