ന്യൂയോർക്ക് : രണ്ടു വയസ് പ്രായമുള്ള ഇരട്ട പെൺകുട്ടികളെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ മാതാവ് ടെനിയ കാംമ്പലിനെ (24)പോലീസ് അറസ്റ്റു ചെയ്തു. ഇരട്ട കൊലപാതക കുറ്റം ചുമത്തി ഇവരെ ജയിലിലടച്ചു. കുട്ടികളെ കൊല്ലുന്നതിനുപ്രേരിപ്പിച്ചതെന്താണെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് വെളിപ്പെടുത്തി. ഒരു പ്രമുഖ മാദ്ധ്യമമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
ജൂൺ ഏഴ് വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം ജാസ്മിൻ, ജെയ്ഡ എന്നീ കുട്ടികളെയാണ് വാനിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവ ദിവസം ടെനിയ മാതാവിനെ ഫോണിൽ വിളിച്ചു ഇനി ജീവിക്കാൻ ആഗ്രഹിക്കുന്നില്ല എന്നു കരഞ്ഞു കൊണ്ട് അറിയിച്ചതായി പൊലീസ് പറയുന്നു. കുട്ടികളോടൊപ്പം കാറിലാണ് ഇരിക്കുന്നതെന്നും ഇവർ പറഞ്ഞു. സംഭവമറിഞ്ഞ് ഉടനെ പൊലീസ് എത്തി വാഹനം പരിശോധിച്ചപ്പോൾ കാർ സീറ്റിൽ ഇരുവരും നിശ്ചലമായി കിടക്കുന്നതാണ് കണ്ടത്. പ്രഥമ ചികിത്സ നൽകി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.
വാഹനത്തിനു സമീപം എത്തിയ പൊലീസിനോട് ടെനിയ കാംമ്പലിനെ വെടിവയ്ക്കുവാൻ ആവശ്യപ്പെട്ടു. ഇവരും ആത്മഹത്യ ചെയ്യുവാൻ തീരുമാനിച്ചിരുന്നതായി പൊലീസ് സംശയിക്കുന്നു. ഇവർക്ക് നാലു വയസുള്ള ഒരു മകനും ഉണ്ട്. ഈ കുട്ടിയുടെ ചുമതല പിതാവിനെ ഏൽപിച്ചു. ടെനിയ ഹോം ഹെൽത്തി എയ്ഡായി ജോലി ചെയ്തു വരികയായിരുന്നു വെന്നും ബുധനാഴ്ച അവസാനമായി കാണുമ്പോൾ ഒരു പ്രത്യേകതയും ഇല്ലായിരുന്നുവെന്ന് സമീപവാസിയായ ആൻഡേഴ്സ്‍സൺ പറഞ്ഞു.