virat-kohli

ലണ്ടൻ: കാവി നിറത്തിലുള്ള ക്രിക്കറ്റ് വേഷം സ്ഥിരം ആക്കണമെന്ന് താൻ ആഗ്രഹിക്കുന്നില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്‍ലി. ഈ നിറത്തിലുള്ള ജേഴ്‌സി ഇംഗ്ലണ്ടുമായുള്ള ഒറ്റ ദിവസത്തെ കളിക്ക് മാത്രം ധരിച്ചാൽ മതിയെന്നും ബാക്കി കളികൾക്ക് ഇന്ത്യൻ കളിക്കാർ നീല ജേഴ്‌സി തന്നെ ധരിക്കുന്നതാണ് നല്ലതെന്നും കോഹ്ലി പറഞ്ഞു.

എക്കാലത്തും നീല തന്നെയായിരുന്നു ഇന്ത്യൻ ടീമിന്റെ നിറമെന്നും കോഹ്ലി പറഞ്ഞു. ഇന്ത്യൻ ടീമിന് കാവി നിറത്തിലുള്ള ജേഴ്‌സി നൽകുന്നതിനെതിരെ വ്യാപകമായി വിമർശനം ഉയർന്നിരുന്നു.

'എനിക്കത്(കാവി നിറത്തിലുള്ള ജേഴ്‌സി) ഇഷ്ടപ്പെട്ടു. അതൊരു മാറ്റം തന്നെയാണ്. ഒരു കളിക്ക് ആ ജേഴ്‌സി ധരിക്കാവുന്നതാണ്. സന്ദർഭം അനുസരിച്ച് അത് ധരിക്കാം. പക്ഷെ സ്ഥിരമായി ആ നിലയിലേക്ക് നീങ്ങണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. നീലയായിരുന്നു എന്നും ഞങ്ങളുടെ നിറം. അത് ധരിക്കുന്നത് ഞങ്ങൾക്ക് അഭിമാനമാണ്. ' കോഹ്ലി വ്യക്തമാക്കി. ലണ്ടനിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോഹ്ലി.

ഇന്ത്യൻ ക്രിക്കറ്റ് ബോർഡാണ് കാവി നിറത്തിലുള്ള ജേഴ്‌സി ടീമിനായി ഡിസൈൻ ചെയ്തത്. ഇന്ത്യൻ ടീമിന്റെ ജേഴ്‌സിയുടെ അതേ നിറത്തിലുള്ള ജേഴ്‌സി ധരിച്ചാണ് ഇംഗ്ലണ്ടും ലോകകപ്പിൽ കളിക്കാനിറങ്ങുന്നത്. ഇരു ടീമുകളും ഒന്നിച്ച് കളിക്കാനിറങ്ങുമ്പോൾ ആശയകുഴപ്പം ഒഴിവാക്കാനാണ് ക്രിക്കറ്റ് ബോർഡ് ഈ തീരുമാനത്തിലേക്ക് എത്തിയത്. ഇന്നാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുളള മത്സരം.

എന്നാൽ ജേഴ്സിയിലെ ഈ നിറം മാറ്റത്തിന് പിന്നിൽ വർഗീയ അജണ്ടയാണ് ഉള്ളതെന്നാണ് കോൺഗ്രസും സമാജ്‌വാദി പാർട്ടിയും പറയുന്നത്. ഈ തീരുമാനത്തിന് പിന്നിൽ വർഗീയതയാണെന്നും ആർ.എസ്. എസ് സംഘടനയാണ് അതിന് കാരണം എന്നുമാണ് ഇരു പാർട്ടികളും ആരോപിക്കുന്നത്.