കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ പൊലീസ് കസ്‌റ്റഡിയിലെടുത്ത രാജ്‌കുമാറിന് ക്രൂരമർദ്ദനമേറ്റുവെന്ന് തെളിയിക്കുന്ന പോസ്‌റ്റ്മോർട്ടം റിപ്പോർട്ട് പുറത്തായി. രാജ്‌കുമാറിന്റെ ശരീരത്തിൽ 22 മുറിവുകളുണ്ടായിരുന്നുവെന്നാണ് പോസ്‌റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. ആന്തരിക മുറിവുകളെ തുടർന്നുണ്ടായ ന്യൂമോണിയയാണ് മരണകാരണമായി ചൂണ്ടിക്കാട്ടുന്നത്. മരിക്കുന്നതിന് മുമ്പ് രാജ്‌കുമാറിന് കുടിക്കാൻ ഒരു തുള്ളി വെള്ളം പോലും കൊടുത്തില്ലെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
രാജ്കുമാറിന്റെ ശരീരത്തിൽ നിന്ന് 22 മുറിവുകളാണ് പോസ്‌റ്റ്‌മോർട്ടം ചെയ്ത ഡോക്ടർമാർ കണ്ടെത്തിയത്. 22 പരിക്കുകളിൽ 15 എണ്ണം മുറിവുകളാണ്, ബാക്കിയുള്ളവ ചതവുകളും. തുട മുതൽ കാൽപാദം വരെയുള്ള ഭാഗത്ത് അസ്വാഭാവികമായ നാല് വലിയ ചതവുകൾ കണ്ടെത്തിയിട്ടുണ്ട്. വിരലുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇതെല്ലാം ഉരുട്ടൽ അല്ലെങ്കിൽ ക്രൂരമായ മർദ്ദനം നടന്നതിന്റെ സൂചനയാണ്. മരണകാരണം ന്യൂമോണിയ ആണെങ്കിലും പൊലീസിന്റെ മർദ്ദനമുറ സാധ്യതയാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ശരിയായ ആഹാരം ലഭിക്കാതെ മർദ്ദനം ഏറ്റത് ന്യൂമോണിയയിലേക്ക് നയിച്ചേക്കാം എന്നും ഡോക്ടർമാർ പറയുന്നുണ്ട്. മർദ്ദനം ഏറ്റത് കൈകൊണ്ടല്ല പകരം മൂർച്ചയില്ലാത്ത ആയുധം കൊണ്ടാണെന്നും ഡോക്‌ടർമാ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. അരയ്‌ക്ക് കീഴ്‌പ്പോട്ടുള്ള ചതവുകൾ ക്രൂരമായ പൊലീസ് മർദ്ദനത്തിൽ തന്നെ സംഭവിച്ചതാണ്. നാട്ടുകാർ മർദ്ദിച്ചിരുന്നെങ്കിൽ അരയ്‌ക്ക് മുകളിലേക്ക് മാത്രമേ മർദ്ദനം ഏൽക്കുമായിരുന്നുള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം,രാജ്‌കുമാറിന്റെ മുറിവുകൾ എങ്ങനെ സംഭവിച്ചുവെന്ന് കണ്ടെത്താൻ വിശദമായ പരിശോധന ആവശ്യമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. കസ്‌റ്റഡി മർദ്ദനമെന്ന ആരോപണത്തിന് ശക്തി പകരുന്ന തെളിവുകൾ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഉണ്ടെന്നാണ് കരുതുന്നത്. ഇത് സ്ഥിരീകരിക്കുന്നതിനായി രാജ്കുമാറിനെ പരിശോധിച്ച മുഴുവൻ ഡോക്ടർമാരുടെയും മൊഴികൾ രേഖപ്പെടുത്തും. അതിനിടെ നെടുംകണ്ടം പൊലീസ് സ്‌റ്റേഷനിലെ വിവാദ സി.സി.ടി.വി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്‌ക്കും അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു. കോടതിയിൽ സമർപ്പിച്ച ശേഷം ഹാർഡ് ഡിസ്‌ക് വിശദമായി പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. രാജ്‌കുമാറിനെ കസ്‌റ്റഡിയിൽ എടുത്ത ദിവസത്തെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ നിന്നും മായ്‌ച്ച് കളഞ്ഞതായി ആരോപണമുണ്ടായിരുന്നു.