trump-un-meeting

കൊറിയൻ അതിർത്തിയിലെ സൈനിക മുക്ത മേഖലയിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നും തമ്മിൽ കൂടിക്കാഴ്‌ച നടത്തി. ഇതാദ്യമായാണ് അധികാരത്തിലിരിക്കുന്ന ഒരു അമേരിക്കൻ പ്രസിഡന്റ് ഉത്തര കൊറിയൻ അതിർത്തിയിൽ പ്രവേശിക്കുന്നത്. ഇരുനേതാക്കളും തമ്മിൽ വിവിധ കാര്യങ്ങളിൽ ചർച്ച നടത്തിയെന്നാണ് വൈര് ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം മാദ്ധ്യമങ്ങളെ കണ്ട ഇരുനേതാക്കളും കൂടിക്കാഴ്‌ച ചരിത്ര സംഭവമെന്നാണ് വിശേഷിപ്പിച്ചത്. കിമ്മിനെ തന്റെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിക്കുന്നതായും തന്നെ സ്വീകരിക്കാനായി ഉൻ എത്തിയില്ലായിരുന്നുവെങ്കിൽ ലോകത്തിന് മുന്നിൽ താൻ നാണം കെട്ടേനെയെന്നും ട്രംപ് പറഞ്ഞു. ഇതിന് നന്ദി പറഞ്ഞാണ് ഇരുനേതാക്കളും പിരിഞ്ഞത്.

അതേസമയം,​ കൂടിക്കാഴ്‌ച വെറും നാടകമാണെന്നാണ് വിമർശകരുടെ ആരോപണം. ഇത് മൂന്നാം തവണയാണ് ഇരുനേതാക്കളും തമ്മിൽ കൂടിക്കാഴ്‌ച നടത്തുന്നത്. നേരത്തെ നടത്തിയ കൂടിക്കാഴ്‌ചയിൽ ആണവ നിർവ്യാപനം സംബന്ധിച്ച ചർച്ചയുണ്ടായെങ്കിലും ഒന്നും നടപ്പിലായില്ല. ഇതാണ് വിമർശകരുടെ ആക്ഷേപത്തിന് കാരണമായത്. ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്‌ച വെറും ഫോട്ടോഷൂട്ട് മാത്രമാണെന്നും ഇവർ ആരോപിക്കുന്നു. എന്നാൽ നിലവിലെ ലോകസാഹചര്യത്തിൽ ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്‌ച പ്രതീക്ഷ നൽകുന്നതാണെന്ന് വാദിക്കുന്നവരുമുണ്ട്.

എന്താണ് സൈനിക മുക്ത മേഖല

1953ൽ ഇരുകൊറിയകളും തമ്മിലുള്ള യുദ്ധം അവസാനിച്ചതോടെ ഇരുമേഖലയെയും വിഭജിച്ച് കൊണ്ട് രൂപീകരിച്ച പ്രദേശമാണ് ഇത്. സൈനിക മുക്ത മേഖലയെന്നാണ് പേരെങ്കിലും ലോകത്തിലെ ഏറ്റവും കൂടുതൽ സുരക്ഷയുള്ള പ്രദേശമാണിത്. ഏതാണ്ട് 45 കിലോമീറ്റ‌ർ നീളവും നാല് കിലോമീറ്റർ വീതിയുമുണ്ട്. ഇരുകൊറിയകളും തമ്മിലുള്ള ചർച്ചകളും മറ്റും നടക്കുന്നത് ഇവിടെ വച്ചാണ്. മുൻ അമേരിക്കൻ പ്രസിഡന്റായ ബിൽ ക്ലിന്റൺ ലോകത്തിലെ ഏറ്റവും ഭയപ്പെടുത്തുന്നതെന്നാണ് ഈ പ്രദേശത്തെ വിശേഷിപ്പിച്ചത്.