തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനുമെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല. "പ്രവാസിയുടെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവം, പൊലീസ് സ്റ്റേഷനുകളിലെ ഉരുട്ടിക്കൊല ഒറ്റപ്പെട്ട സംഭവം, കൊടി സുനിയുടെ ഫോണും വനിതാ ജയിലിലെ ജയിൽ ചാട്ടവും ഒറ്റപ്പെട്ട സംഭവം, ബിനോയ് കോടിയേരിയുടെ സ്ത്രീ പീഡനം ഒറ്റപ്പെട്ട സംഭവം. ഈ " ഒറ്റപ്പെട്ട സംഭവങ്ങളെയെല്ലാം " ചേർത്തുവച്ചൊന്ന് നോക്കണം പിണറായി വിജയൻ- അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഒറ്റപ്പെടുന്നത് നിങ്ങളാണ് മുഖ്യമന്ത്രീ....
...............................
"ഒറ്റപ്പെട്ട സംഭവം" എന്നൊരു പ്രയോഗം മലയാളത്തിൽ ഇല്ലായിരുന്നെങ്കിൽ പിണറായി വിജയനും സിപിഎമ്മും വിഷമിച്ചു പോയേനെ.
പ്രവാസിയുടെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവം, പൊലീസ് സ്റ്റേഷനുകളിലെ ഉരുട്ടിക്കൊല ഒറ്റപ്പെട്ട സംഭവം, കൊടി സുനിയുടെ ഫോണും വനിതാ ജയിലിലെ ജയിൽ ചാട്ടവും ഒറ്റപ്പെട്ട സംഭവം, ബിനോയ് കോടിയേരിയുടെ സ്ത്രീ പീഡനം ഒറ്റപ്പെട്ട സംഭവം. ഈ " ഒറ്റപ്പെട്ട സംഭവങ്ങളെയെല്ലാം " ചേർത്തുവച്ചൊന്ന് നോക്കണം പിണറായി വിജയൻ.
നിങ്ങളുടെ കഴിവുകേടിന്റെയും ജനങ്ങളോടുള്ള ഉത്തരവാദിത്തമില്ലായ്മയുടെയും നേർക്കാഴ്ചയാണത്. പിണറായി വിജയനും ലോകനാഥ് ബഹ്റയും ആഭ്യന്തരം ഭരിക്കുന്നിടത്തോളം വകുപ്പിൽ ക്രിമിനലുകൾ അഴിഞ്ഞാടും. ഒരു നാണവുമില്ലാതെ ഓരോന്നിനെയും ഒറ്റപ്പെട്ടതെന്ന് വിശേഷിപ്പിച്ച് പിണറായി - ബഹ്റ കൂട്ടുകെട്ട് തലയൂരും.
അടിയന്തരാവസ്ഥയുടെ ഭീകരതയെക്കുറിച്ചൊക്കെ പാർട്ടി വേദികളിൽ വാചാലരാവുന്ന സഖാക്കൾ പിണറായി ഭരണത്തിലെ അപ്രഖ്യാപിത അടിയന്തരാവസ്ഥയെക്കുറിച്ച് മൗനം പാലിക്കുന്നതെന്ത് ? മനുഷ്യനെ കൊല്ലാൻ മടിയില്ലാത്ത ക്രിമിനലുകളുടെ താവളമാണ് പിണറായിയുടെ പൊലീസ് സ്റ്റേഷനുകൾ.
അതാത് സ്റ്റേഷനുകളിലെ ഈ ക്രിമിനലുകൾക്ക് സിപിഎം നേതാക്കളുടെ സംരക്ഷണവുമുണ്ട്. നെടുങ്കണ്ടത്തെ കൊലപാതകികളെ എം.എം മണി സംരക്ഷിക്കുന്നതുപോലെ. ഈ ക്രൂരതകളും ധാർഷ്ട്യവും നിങ്ങളെയും നിങ്ങളുടെ പാർട്ടിയെയും ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുത്തുകയാണ് മിസ്റ്റർ വിജയൻ.