ന്യൂഡൽഹി: ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള മൻ കി ബാത്ത് പരിപാടിയിൽ കേരളത്തെ കുറിച്ച് പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. താൻ വായനയിലൂടെ കണ്ടെത്തിയ കേരളത്തിലെ ഒരു ലൈബ്രറിയെക്കുറിച്ചും അതിന്റെ നടത്തിപ്പുകാരിൽ ഒരാളായ ചായക്കടക്കാരനെക്കുറിച്ചുമാണ് മോദിയുടെ പരാമർശം. ഇടുക്കിയിൽ, കൊടുംകാടിന് നടക്കുള്ള 'അക്ഷര' എന്ന വായനശാലയെ കുറിച്ച് തനിക്ക് ലഭിച്ച അറിവാണ് മോദി ജനങ്ങളുമായി പങ്കുവച്ചത്.
പി.വി ചിന്ന തമ്പി എന്ന ചായക്കടക്കാരനും. പി.കെ. മുരളീധരൻ എന്ന സ്‌കൂൾ അദ്ധ്യാപകനും ചേർന്നാണ് ഈ വായനശാല നടത്തുന്നതെന്നും ഏറെ കഷ്ടപ്പെട്ടാണ് ഈ സ്ഥാപനം ഇവർ മുൻപോട്ട് കൊണ്ടുപോകുന്നതെന്നും മോദി പറയുന്നു. ഇവർ പുസ്തകകെട്ടുകൾ ചുമലിൽ ചുമന്ന് വായനശാലയിലേക്ക് എത്തിച്ച ഒരു കാലം ഉണ്ടായിരുന്നുവെന്നും ഏറെ നാൾ കഴിഞ്ഞ് ഇപ്പോൾ ഇവിടെയുള്ള ആദിവാസി കുട്ടികളെ ഈ വായനശാല പുതിയ പാതയിലേക്ക് നയിച്ചുവെന്നും മോദി 'മൻ കി ബാത്തി'ലൂടെ പറഞ്ഞു.
രാജ്യത്തെ വരൾച്ചയെക്കുറിച്ച് ഉത്കണ്ഠ പ്രകടിപ്പിച്ച പ്രധാനമന്ത്രി വരൾച്ച പ്രതിരോധിക്കാൻ ജലശേഖരണത്തിനുള്ള മാർഗങ്ങൾ തേടണമെന്നും ജനങ്ങളോട് പറഞ്ഞു. രാജ്യത്ത് ലഭിക്കുന്ന മഴയുടെ എട്ട് ശതമാനം മാത്രമേ ശേഖരിക്കപ്പെടുന്നുള്ളൂ എന്നും ജനങ്ങളുടെ പങ്കാളിത്തത്തോടെ ഇതിന് പരിഹാരം കാണാൻ സാധിക്കുമെന്നും മോദി പറഞ്ഞു. എല്ലായിടത്തും ഒരേ രീതിയിലല്ല വെള്ളം ശേഖരിക്കപ്പെടുന്നതെന്നും അതിനുള്ള പരമ്പരാഗത മാർഗങ്ങൾ എല്ലാവരും തേടണമെന്നും പ്രധാനമന്ത്രി പറഞ്ഞു.