ന്യൂഡൽഹി: സ്വയം കണ്ടെത്തുന്നതിന് വേണ്ടിയാണ് താൻ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് കേദർനാഥ് സന്ദർശനം നടത്തിയതെന്ന് വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുമായി 'മൻ കി ബാത്തി'ലൂടെ സംസാരിക്കാൻ കഴിയാതിരുന്ന സമയങ്ങളിൽ തന്റെയുള്ളിൽ ഒരു ശൂന്യത രൂപപെട്ടുവെന്നും അതിന് പരിഹാരം തേടിയാണ് താൻ കേദർനാഥിലെത്തിയതെന്നും മോദി വിശദീകരിക്കുന്നു. തന്റെ മൻ കി ബാത്ത് പരിപാടിയിലൂടെയാണ് മോദി ഇക്കാര്യം പറഞ്ഞത്. തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് മോദി 'മൻ കി ബാത്തി'ലെത്തുന്നത്.
'ഞാനി'ൽ നിന്നും 'ഞങ്ങളിലേ'ക്ക് നടത്തിയ ഒരു യാത്രയായിരുന്നു അതെന്നും മോദി ആത്മീയതയുടെ ഭാഷയിൽ പറയുന്നു. ആ സമയത്ത് താൻ ജനങ്ങളുമായി വാക്കുകളിലൂടെയല്ലാതെ സംസാരിക്കുകയായിരുന്നുവെന്നും മോദി പറഞ്ഞു. എന്നാൽ തന്റെ കേദാർനാഥ് സന്ദർശനത്തെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് മറ്റുള്ളവർ ചെയ്തതെന്ന് മോദി കുറ്റപ്പെടുത്തി. സ്വയം കണ്ടെത്തുന്നതിന് വേണ്ടിയും ജനങ്ങളുമായി ആത്മീയതയുടെ ആശയവിനിമയം നടത്തുന്നതിന് വേണ്ടിയുമാണ് താൻ ആ ഗുഹയിലേക്ക് പോയതെന്നും യാത്ര പോയതെന്നും പ്രധാനമന്ത്രി പറഞ്ഞു.
തന്റെ യാത്രകളെ കുറിച്ചറിയാൻ ജനങ്ങൾക്ക് എല്ലാ വിധ അവകാശവുമുണ്ടെന്നും മോദി 'മൻ കി ബാത്തി'ലൂടെ ജനങ്ങളോട് പറഞ്ഞു. യാത്രയെക്കുറിച്ച് ജനങ്ങൾക്ക് സംശയങ്ങൾ ഉണ്ടാകാമെന്നും എന്നാൽ അതിനെ കുറിച്ച് കൂടുതൽ താൻ വിശദീകരിക്കുന്നില്ലെന്നും അതിന് സമയമാകുമ്പോൾ തന്റെ യാത്രോദ്ദേശത്തെ കുറിച്ച് വിശദീകരിക്കുമെന്നും മോദി പറഞ്ഞു. ഇപ്പോൾ താൻ അതിനെ കുറിച്ച് സംസാരിക്കുകയാണെങ്കിൽ 'മൻ കി ബാത്തി'ന്റെ സ്വഭാവം തന്നെ മാറിപോകുമെന്നും മോദി ജനങ്ങളെ അറിയിച്ചു. തനിക്ക് തന്റെ യാത്രയിൽ നിന്നും ലഭിച്ചത് പോലെ, പോസിറ്റീവായ സമീപനം എല്ലാ കാര്യങ്ങളിലും രാജ്യത്തെ ജനങ്ങൾ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി അറിയിച്ചു.