വിട്ടുമാറാത്ത ദുഖം, ഒന്നിലും താത്പര്യമില്ലായ്‌മ, മാനസികമായി തളരുക, ജീവിതത്തിൽ പ്രതീക്ഷ നഷ്‌ടപ്പെടുക തുടങ്ങിയ വികാരങ്ങൾ എല്ലാവരിലുമുണ്ടാവുമെങ്കിലും ഇവ അധികമായാൽ മനുഷ്യൻ വിഷാദരോഗത്തിന്റെ അല്ലെങ്കിൽ ഡിപ്രഷന്റെ പിടിയിലാകുമെന്ന് വൈദ്യശാസ്ത്രം പറയുന്നു. 12 വയസിന് മുകളിലുള്ള എട്ട് ശതമാനം പേരിലും വിഷാദരോഗത്തിന്റെ വിത്തുകൾ കാണാൻ കഴിയും. എന്നാൽ ചിലരെങ്കിലും വിഷാദരോഗത്തിന്റെ അടയാളങ്ങൾ ഉള്ളിലൊതുക്കി ജീവിക്കുന്നവരാണ്. ഉള്ളിൽ വ്യഥകളുടെ മഹാമാരി പെയ്‌തൊഴിയുമ്പോഴും ചുറ്റുമുള്ളവർക്ക് വേണ്ടി ഇത്തരക്കാർ കൃത്രിമമായി ചിരിക്കും. ലോകത്തിലെ ഒന്നിനും തന്നെ കീഴ്‌പ്പെടുത്താനാവില്ലെന്ന് മറ്റുള്ളവരോട് വിളിച്ച് പറയും. ഒന്നുറക്കെ പൊട്ടിക്കരയാൻ പോലുമാകാതെ വിങ്ങി വിങ്ങി കാലം കഴിക്കും. ഇത്തരത്തിൽ മനുഷ്യമനസിന്റെ അടിത്തട്ടിൽ ഉറങ്ങിക്കിടക്കുന്ന വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
അമിത വിശപ്പും, പെട്ടെന്നുണ്ടാകുന്ന ഭാരക്കുറവും
വലിച്ചുവാരി ഭക്ഷണം കഴിക്കുന്നതും ഒട്ടും ഭക്ഷണം കഴിക്കാത്തതും വിഷാദരോഗത്തിന്റെ ലക്ഷണമാണെന്നാണ് ഗവേഷകരുടെ ഭാഷ്യം. തങ്ങൾ പെട്ടിരിക്കുന്ന മാനസികാവസ്ഥയിൽ നിന്ന് പുറത്തുകടക്കാനായി ചിലർ ഒരുപാട് ഭക്ഷണം കഴിക്കുമ്പോൾ ചിലർ തങ്ങളുടെ ചിന്തയുടെ ഭാരം കാരണം ഭക്ഷണം പൂർണമായും ഒഴിവാക്കും. ഇതുമൂലം ശരീരഭാരത്തിൽ പെട്ടെന്ന് മാറ്റങ്ങളുണ്ടാകുമെന്നും വൈദ്യശാസ്ത്രം പറയുന്നു.
ഉറക്കശീലത്തിലെ മാറ്റം
ഒരാളുടെ മാനസികാവസ്ഥയും അയാളുടെ ഉറക്കശീലവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. ഉറക്കമില്ലായ്‌മ ചിലരെ വിഷാദരോഗത്തിലേക്ക് നയിക്കും, ചിലർ വിഷാദരോഗം മൂലം അമിതമായി ഉറങ്ങും. ഉറക്കമില്ലായ്‌മ അനുഭവപ്പെടുന്നവർക്ക് മറ്റുള്ളവരേക്കാൾ 10 ശതമാനം വിഷാദരോഗം വരാനുള്ള സാധ്യതയുണ്ടെന്ന് ഇതിനോടകം തന്നെ പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ലഹരി ഉപയോഗം
വിഷാദരോഗത്തിന് അടിമപ്പെടുന്നവർ തങ്ങളുടെ മാനസികാവസ്ഥയിൽ നിന്ന് പുറത്തുകടക്കാൻ മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിവസ്തുക്കൾ ഉപയോഗിക്കും. വിഷാദരോഗികളിൽ അഞ്ചിൽ ഒരാളെങ്കിലും ലഹരിക്ക് അടിമയാകുമെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.
അമിതമായ ക്ഷീണം
അമിതമായ ക്ഷീണം അനുഭവപ്പെടുന്നത് വിഷാദരോഗത്തിന്റെ ലക്ഷണമാണ്. വിഷാദരോഗത്തിൽ അകപ്പെട്ട 90 ശതമാനം പേരിലും അമിതമായ ക്ഷീണം അനുഭവപ്പെടാറുണ്ട്. എന്നാൽ എല്ലാ തരത്തിലുമുള്ള ക്ഷീണവും വിഷാദരോഗത്തിന്റെ ലക്ഷണമായിരിക്കില്ല. ചിലപ്പോൾ മറ്റ് പല രോഗങ്ങൾക്കുമുള്ള സാധ്യതയാകാമെന്നും പഠനം പറയുന്നു.
ഒന്നും ശരിയാകില്ല
വിഷാദരോഗത്തിൽ അകപ്പെട്ടവർക്ക് ഭാവിയെക്കുറിച്ച് ഇരുളടഞ്ഞ പ്രതീക്ഷമാത്രമാണ് ഉണ്ടാവുക. ജീവിതത്തിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങളെയും നെഗറ്റീവായി കാണുന്ന ഇക്കൂട്ടർ സ്വയം പരാജയം സംഭവിച്ചവരായിരിക്കും. ജീവിതത്തിൽ എന്തെങ്കിലും സ്വപ്‌നങ്ങളോ ലക്ഷ്യങ്ങളോ ഇല്ലാത്ത ഇക്കൂട്ടർ ഭൂമിയിൽ ജനിച്ചത് കൊണ്ട് മാത്രം ജീവിച്ച് പോകുന്നു എന്ന് ചിന്തിക്കുന്നവരാണ്.
ഏകാഗ്രത നഷ്‌ടപ്പെടുക
മറ്റുള്ളവരുമായി സംസാരിച്ച് കൊണ്ടിരിക്കെ ഏകാഗ്രത നഷ്‌ടപ്പെടുന്നതും ചിന്തകൾ കാടുകയറുന്നതും വിഷാദരോഗത്തിന്റെ മുഖ്യലക്ഷണങ്ങളിലൊന്നാണ്. ഇത്തരം രോഗലക്ഷണങ്ങളുള്ളവരുടെ ജീവിതം, ജോലി, വ്യക്തിബന്ധങ്ങൾ എന്നിവ സാരമായ രീതിയിൽ ബാധിക്കപ്പെടാമെന്നും വൈദ്യശാസ്ത്രം പറയുന്നു.
ലൈംഗിക ജീവിതത്തിൽ താത്പര്യം നഷ്‌ടപ്പെടുക
ലൈംഗിക ജീവിതത്തിലെ താളപ്പിഴകൾ വിഷാദരോഗത്തിന്റെ വലിയ ലക്ഷണങ്ങളാണെന്ന് മനശാസ്ത്രത്തിൽ പഠനം നടത്തുന്ന വിദഗ്‌ദ്ധർ കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല വിഷാദരോഗത്തിന് അടിമപ്പെട്ടവർ തങ്ങളുടെ മനസിനും ശരീരത്തിനും സന്തോഷം നൽകുന്ന എല്ലാത്തിൽ നിന്നും വിട്ടുനിൽക്കുമെന്നും പഠനം പറയുന്നു. മാത്രമല്ല ഇക്കൂട്ടർ അനാവശ്യകാര്യങ്ങൾക്ക് പോലും വഴക്കടിക്കുമെന്നും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.
ശാരീരിക പ്രശ്‌നങ്ങൾ
വിഷാദരോഗം മനസിനെ മാത്രമല്ല ശരീരത്തെയും ദോഷകരമായി ബാധിക്കും. പുറം വേദന, വിട്ടുമാറാത്ത വേദന, തലവേദന, ദഹന സംബന്ധമായ പ്രശ്‌നങ്ങൾ എന്നിവ വിഷാദത്തിന്റെ ലക്ഷണങ്ങളാകും. മാത്രവുമല്ല ക്യാൻസർ, ഹൃദ്രോഗം, ഡയബറ്റീസ്, ആർത്രൈറ്റീസ് തുടങ്ങിയ രോഗാവസ്ഥയിലുള്ളവർ വിഷാദത്തിന് അടിമപ്പെടാമെന്നും ഗവേഷകർ പറയുന്നു.
എങ്ങനെ പുറത്തുകടക്കാം?
ഇത്തരം ലക്ഷണങ്ങൾ ഉണ്ടെന്ന് കരുതി താൻ ഒരു വിഷാദരോഗിയാണെന്ന് വിധിയെഴുതാൻ വരട്ടെ, വളരെ സിംപിളായി ഈ അവസ്ഥയിൽ നിന്നും പുറത്തുകടക്കാമെന്ന് വൈദ്യശാസ്ത്രം പറയുന്നു. ഒന്നുകിൽ ഒരു വിദഗ്‌ദ്ധന്റെ സേവനം തേടുക, അല്ലെങ്കിൽ താഴെ പറയുന്ന ശീലങ്ങൾ ജീവിതത്തിൽ കൊണ്ടുവന്നാൽ മതിയാകും.
#യോഗ, മെഡിറ്റേഷൻ തുടങ്ങിയവയിലൂടെ മനസിലെ ആകുലതകൾ അകറ്റാൻ ശ്രമിക്കുക
#നല്ലകാര്യങ്ങൾ മാത്രം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതിലൂടെ ആത്മവിശ്വാസം ഉണ്ടാക്കാൻ ശ്രമിക്കുക
#മറ്റുള്ളവരുമായി ഇടപഴകുക
#മനസിന് സന്തോഷം ഉണ്ടാക്കാൻ കഴിയുന്ന രീതിയിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുക
#സ്ഥിരമായി വ്യായാമം ചെയ്യുക
#ശരിയായ ഡയറ്റ് കീപ്പ് ചെയ്യുക
#കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണ തേടുക