ഏതാനും നാളുകൾക്ക് മുൻപാണ് യാഥാർത്ഥ്യത്തെ വെല്ലുന്ന തരത്തിൽ വീഡിയോകളിൽ കൃത്രിമം കാണിക്കാൻ സാധിക്കുന്ന 'ഡീപ്പ്ഫേക്ക്' എന്ന സാങ്കേതിക വിദ്യ വിവാദമാകുന്നത്. ഇതുപയോഗിച്ച് അമേരിക്കൻ പ്രസിഡന്റിനെ അശ്‌ളീല സിനിമയിലെ കഥാപാത്രമാക്കാം, അഭിമുഖങ്ങളിലും മറ്റും കൃത്രിമം കാണിച്ച് ആരെ വേണമെങ്കിലും കുടുക്കിൽ പെടുത്താം. ഈ ആപ്പ് സെലിബ്രിറ്റികൾക്കിടയിലും, രാഷ്ട്രീയക്കാർക്കിടയിലും ഉണ്ടാക്കിയ ഭീതി ചെറുതൊന്നുമല്ല. കാരണം, ഏത് നിമിഷവും, ഒട്ടും ആയാസപ്പെടാതെ അവരുടെ മുഖങ്ങൾ മറ്റൊരാളുടേതിലേക്ക് മാറ്റി സ്ഥാപിക്കാം. ഇതുമൂലം ഇവർക്ക് ഉണ്ടാകുന്ന പ്രശ്‌നങ്ങൾ പെട്ടെന്ന് പരിഹരിക്കാവുന്നവയല്ല.
എന്നാൽ ഈ സാങ്കേതിക വിദ്യ സാധാരണ ജനങ്ങളെയും കുഴപ്പത്തിലാക്കാൻ തുടങ്ങുകയാണ്. ആൾക്കാരെ, പ്രത്യേകിച്ച് സ്ത്രീകളെ, നഗ്നരാക്കി കാണിക്കുന്ന സാങ്കേതിക വിദ്യയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. 'ഡീപ്പ്ന്യൂഡ്' എന്നാണ് ഇതിന്റെ പേര്. ആപ്പിന്റെ രൂപത്തിലാണ് 'ഡീപ്പ്ന്യൂഡ്' വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇതുപയോഗിച്ച് വ്യാജമെന്ന് ഒരിക്കലും സംശയം തോന്നാത്ത രീതിയിലാകും ഈ ആപ്പ് നഗ്നചിത്രങ്ങൾ നിർമിക്കുക.
ആളിന്റെ ശരീര ഘടനയും രൂപവും നിറവും എല്ലാം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ കൃത്യമായി പരിശോധിച്ച ശേഷമാണ് 'ഡീപ്പ്ന്യൂഡ്' നഗ്നചിത്രങ്ങൾ നിർമിക്കുക. വസ്ത്രം ധരിച്ച ഏതൊരാളേയും ഈ 'ഇന്റലിജൻസ്' വഴി ആപ്പിന് നഗ്നരാക്കാൻ സാധിക്കും. സ്ത്രീകൾക്കിടയിലാണ് ഇത് ഏറ്റവും കൂടുതൽ ഭീതി പരത്തിയിരിക്കുന്നത്. വളരെ ലളിതമായാണ് 'ഡീപ്പ്ഫേക്കി'ന്റെ പ്രവർത്തനം. വസ്ത്രം ധരിച്ച ഒരു സ്ത്രീയുടെ ചിത്രം ഈ ആപ്പിലേക്ക് ലോഡ് ചെയ്തുകഴിഞ്ഞാൽ ഒറ്റ സ്പർശനം കൊണ്ട് ഇവരെ ആപ്പ് വിവസ്ത്രരാക്കി കാണിക്കും. ഇങ്ങനെ നഗ്നരാക്കുന്ന സ്ത്രീകൾ ആരുടെയെങ്കിലും അമ്മയോ സഹോദരിയോ മകളോ ആകാം.
എന്നാൽ അധികം പേടിക്കേണ്ട കാര്യമില്ല എന്ന വാർത്തയാണ് പുറത്തുവരുന്നത്. 'ഡീപ്പ്ഫേക്ക്' നിർമിച്ചവർ തന്നെ അത് നിർത്തലാക്കിയിട്ടുണ്ട്. ആപ്പിനെതിരെ വൻതോതിൽ, പ്രത്യേകിച്ച് സ്ത്രീകളിൽ നിന്നും, പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് അത് നിർത്തലാക്കാൻ ഇവർ തീരുമാനിച്ചത്. ട്വിറ്റർ വഴിയാണ് ഇവർ ആപ്പ് നിർത്തുന്നതിന്റെ കാരണത്തെ കുറിച്ച് വിശദീകരിച്ചത്. ആപ്പ് ചില ഫോട്ടോകളുടെ കാര്യത്തിൽ മാത്രമേ കൃത്യമായി പ്രവർത്തിക്കുന്നുള്ളൂ എന്നും നല്ല രീതിയിലല്ല പ്രവർത്തിക്കുന്നതെന്നും അവർ പറയുന്നു. ഇനി മുതൽ ആപ്പ് ലഭ്യമാകില്ലെന്നും കൂടുതൽ വില കൊടുക്കേണ്ടി വരുന്ന ആപ്പിന്റെ പ്രീമിയം വേർഷൻ പോലും തങ്ങൾ നിർത്തുകയാണെന്നും ഇത് വികസിപ്പിച്ചവർ പറഞ്ഞു.
ഈ വാർത്ത താൽക്കാലിക ആശ്വാസം നൽകുന്നുണ്ടെങ്കിലും ഇതോടെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല. സ്ത്രീകളെ നഗ്നരാക്കി കാണിക്കാനും അത് ലാഭകരമായ കച്ചവടമാക്കാനും ലക്ഷ്യമിടുന്ന ആപ്പ് ഡെവലപ്പേഴ്‌സ് വേറെയും ഉണ്ട്. അധികം താമസിയാതെ 'ഡീപ്പ്ഫേക്കി'ന്റെ വകഭേദങ്ങളുമായി ഇവർ രംഗത്തെത്തും. ഇന്റർനെറ്റ് വഴി ഈ ആപ്പുകൾ പ്രചരിക്കുന്നത് കൊണ്ട് ഇവയെ നിയമം ഉപയോഗിച്ച് തടയുക എന്നതും എളുപ്പമല്ല. അതിനാൽ തങ്ങളുടെ സ്വകാര്യതയിലുള്ള കടന്നുകയറ്റം തടയാൻ എല്ലാവരും കരുതിയിരുന്നേ മതിയാകൂ.