tirupati

വൈകുണ്ഡനാഥൻ മഹാവിഷ്‌ണു ലോകരക്ഷാർത്ഥം ഭൂലോകത്ത് കുടികൊള്ളുന്നിടമാണ് തിരുപ്പതി ബാലാജി ക്ഷേത്രം. ആന്ധ്രാപ്രദേശിലെ തിരുമല ശേഷാചല മലനിരയിലാണ് വരുമാനത്തിലും ആസ്‌തിയിലും ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രമെന്നറിയപ്പെടുന്ന തിരുപ്പതി ബാലാജി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നാൽപ്പതിനായിരത്തോളം ഭക്തരാണ് ദിനവും ഇവിടെ ദർശനത്തിനെത്തുന്നത്. ഭക്തന്റെ അർഹതയ്‌ക്കനുസരിച്ച് ദേവൻ അനുഗ്രഹവും സൗഭാഗ്യവും ലഭിക്കുമെന്നും ഇവിടെനിന്ന് എന്തെങ്കിലും കവർന്നെടുക്കാൻ ശ്രമിച്ചാൽ അവർക്കു ദുരന്തം സംഭവിക്കുമെന്നുമാണ് വിശ്വാസം.

നിത്യവും ആറ് പൂജകൾ

വൈഷ്‌ണവ സമ്പ്രദായ പ്രകാരമുള്ള പൂജാ രീതികളാണ് തിരുപ്പതി ക്ഷേത്രത്തിൽ അവലംബിച്ചിട്ടുള്ളത്. ആറ് നിത്യപൂജകളാണ് ഇവിടെയുള്ളത്. പുലർച്ചെ 2.30 ന് പ്രത്യുഷ പൂജ അഥവാ സുപ്രഭാതസേവ, സൂര്യോദയത്തിനു ശേഷം ഉഷഃപൂജയായ പ്രാതഃകാല പൂജ, മധ്യാഹ്നപൂജ, സൂര്യാസ്‌തമയം തുടങ്ങുമ്പോഴുള്ള അപരാഹ്നപൂജ, പ്രദോഷസന്ധ്യയ്ക്കു നടക്കുന്ന സന്ധ്യാകാലപൂജ, അത്താഴപൂജ എന്നിവയാണ്. തിങ്കളാഴ്‌ചകളിൽ വിശേഷപൂജ, ചൊവ്വാഴ്ചകളിൽ അഷ്ടദളപാദ പത്മാരാധന, ബുധനാഴ്ചകളിൽ സഹസ്രകലശാഭിഷേകം, വ്യാഴാഴ്ചകളിൽ തിരുപ്പാവാട സേവ, വെള്ളിയാഴ്ചകളിൽ അഭിഷേകം എന്നിവയും പ്രധാനമാണ്.

balaji

വെങ്കടേശ്വര ദർശന ഫലങ്ങൾ
1. കലിയുഗദുരിതങ്ങളിൽ നിന്നുള്ള മോക്ഷപ്രാപ്തിക്ക് ഉത്തമമാർഗ്ഗമാണ് തിരുപ്പതിദർശനം

2. അനേകം പുണ്യസ്ഥലങ്ങളിൽ യാഗങ്ങളും തപസ്സും ദാനധർമാദികളും അനുഷ്ഠിച്ചാൽ ലഭിക്കുന്നത്ര ഫലം തിരുപ്പതി ദർശനത്തിൽ ലഭിക്കും.

3. നാഗദോഷങ്ങളെല്ലാം തീർക്കുന്ന തിരുപ്പതിദർശനം രാഹു–കേതു ദോഷനിവാരണത്തിനും ഉത്തമത്രേ.

4. ശനിദോഷം ശമിപ്പിക്കും. ഏഴര ശനി, കണ്ടകശനി, അഷ്ടമശനി, ശനി ദശാദോഷം എന്നിവ അനുഭവിക്കുന്നവർ തിരുപ്പതി ദർശനം നടത്തിയാൽ ദുരിത ശാന്തി ലഭിക്കും

5. ഭഗവാൻ പ്രസാദിച്ചാൽ ഭക്തരുടെ ജീവിതത്തിൽ അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങളുണ്ടാകും.

6. വൈകുണ്ഠ മാസത്തിലെ ഏകാദശി നാളിൽ ഭഗവാനെ ദർശിച്ചാൽ സകല പാപങ്ങളിൽ നിന്നും മുക്തി ലഭിക്കുമെന്നാണ് വിശ്വാസം. മരണാന്തരം മോക്ഷപ്രാപ്തിയും ലഭിക്കും

7. സാമ്പത്തിക അഭിവൃദ്ധിക്കും ദുരിതമോചനത്തിനും മംഗല്യഭാഗ്യത്തിനും തിരുപ്പതിദർശനം ഉത്തമമാണ്.

tirupati

ഒരു ദിവസം 2.25 കോടി കാണിക്ക

ലോകത്തിലെ ഏറ്റവും വരുമാനമുള്ള ക്ഷേത്രമാണ് തിരുപ്പതി. രണ്ടേകാൽ കോടി രൂപ വരെ കാണിക്കയായി ലഭിച്ച ദിവസമുണ്ടിവിടെ. ഭഗവാന് കാണിക്കയർപ്പിക്കുന്നവർക്ക് ഇരട്ടിയായി തിരിച്ചു കിട്ടുമെന്നാണ് വിശ്വാസം. ഈ വിശ്വാസം ഉള്ളതു കൊണ്ടുതന്നെ സ്വർണം, രത്നം, പണം എന്നിങ്ങനെ കാണിക്കയായി ഭക്തർ അർപ്പിക്കുന്ന വസ്‌തുവകകൾക്ക് കണക്കില്ല.