kashmir

ന്യൂഡൽഹി: കാശ്മീരിലെ തീവ്രവാദ സംഘങ്ങൾ തമ്മിൽ തർക്കം മുറുകി പരസ്പരം ഏറ്റുമുട്ടുന്ന സ്ഥിതിവിശേഷത്തിലേക്ക് എത്തിയത് പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐയ്ക്ക് തലവേദനയാകുന്നു. ഹിസ്ബുൽ മുജാഹിദ്ദീൻ ഒരുഭാഗത്തും അൽഖ്വയിദയുടെയും ഐസിസിന്റെയും കാശ്മീർ ഘടകങ്ങൾ മറുവശത്തും അധികാരത്തിന് വേണ്ടി നിലയുറപ്പിച്ചതോടെയാണ് കാര്യങ്ങൾ കീഴ്‌മേൽ മറിഞ്ഞത്. തീവ്രവാദ സംഘങ്ങളെക്കുറിച്ച് പരസ്പരം ഒറ്റുകൊടുക്കുന്ന നിലയിലേക്ക് കൂടി എത്തിയതോടെ അവസരം മുതലെടുത്ത് താഴ്‌വരയിലെ തീവ്രവാദികളെ അമർച്ച ചെയ്യാൻ ഇന്ത്യൻ സൈന്യം നീക്കം തുടങ്ങിയതായാണ് അറിയുന്നത്.

സുരക്ഷാസൈന്യത്തിന് വിവരങ്ങൾ ചോർത്തി നൽകുകയും എന്നാൽ വിഘടനവാദി നേതാക്കളുമായി രഹസ്യ ചർച്ച നടത്തുകയും ചെയ്യുന്നത് ഹിസ്ബുൽ മുജാഹിദീനാണെന്നാണ് രഹസ്യവിവരം. ഇവർ പാകിസ്ഥാൻ ഏജൻസികളുമായും രഹസ്യ ബന്ധം പുലർത്താറുണ്ട്. ഇരുരാജ്യങ്ങളും തമ്മിൽ സമാധാന ചർച്ചകൾ തുടങ്ങിയാൽ തങ്ങളെയും അതിൽ ഉൾപ്പെടുത്തുമെന്നാണ് ഇക്കൂട്ടരുടെ പ്രതീക്ഷ. പുൽവാമ ഭീകാരാക്രമണത്തിന് മറുപടിയായി ജെയ്ഷ് കേന്ദ്രങ്ങളിൽ ഇന്ത്യ ശക്തമായ ആക്രമണം നടത്തിയത് മൂലം ഭീകരപ്രവർത്തനങ്ങൾക്ക് ഇപ്പോൾ പുതിയ ആളുകളെ കിട്ടാനില്ലാത്തതും ഇവർക്ക് തിരിച്ചടിയായിട്ടുണ്ട്.

കാശ്മീരിൽ മാത്രം പ്രവർത്തിക്കുന്ന ഭീകരവാദ സംഘടനയാണ് ഹിസ്ബുൽ മുജാഹിദീൻ. തങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്ന വിധം പ്രാദേശികമായി യുവാക്കളെ മറ്റ് ഭീകര സംഘടനകൾ റിക്രൂട്ട് ചെയ്യുന്നതാണ് ഹിസ്ബുലിനെ പ്രകോപിപ്പിക്കുന്നത്. ഐസിസിന്റെ കാശ്‌മീർ ഘടകം, ലഷ്‌കറെ ത്വയിബ എന്നീ ഭീകരവാദ ഗ്രൂപ്പുകളുമായും ഹിസ്ബുൽ കലഹത്തിലാണ്. അടുത്തിടെ ഐസിസുമായി ഹിസ്ബുൽ ഏറ്റുമുട്ടിയിരുന്നു. ഇതിൽ ഐഎസിസ് ഭീകരനായ ആദിൽ ദാസ് കൊല്ലപ്പെട്ടു. പരിക്കേറ്റ ഹിസ്ബുൽ ഭീകരൻ ആരിഫ് ഹുസൈൻ ഭട്ടിനെ സുരക്ഷാസേന പിടികൂടുകയും ചെയ്തു.


അതേസമയം, ജമ്മുകാശ്മീരിലെ ബുദ്ഗാമിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സൈന്യം ഒരു ഭീകരനെ വധിച്ചു. പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ സന്ദേശത്തെ തുടർന്ന് തെരച്ചിൽ നടത്തിയ സൈന്യത്തിന് നേരെ ഭീകരർ വെടിവയ്ക്കുകയായിരുന്നു. ശക്തമായി തിരിച്ചടിച്ച സൈന്യം ഒളിച്ചിരുന്ന ഒരു ഭീകരനെ വധിച്ചു. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ നടക്കുന്നതായാണ് വിവരം.