ശ്രീനഗർ: തന്റെ മതത്തേയും വിശ്വാസത്തേയും ഹനിക്കുന്നു എന്ന കാരണത്താൽ സിനിമയിൽ നിന്നും വിട പറഞ്ഞ് 'ദംഗൽ' നടി സൈറ വസീം. തന്റെ വിശ്വാസത്തിന്റെ കാര്യത്തിൽ സിനിമയിൽ നിന്നും ഇടപെടലുണ്ടാകുന്നു എന്നും താൻ അതിൽ ദുഖിതയാണെന്നും സൈറ വിശദീകരിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കാശ്മീർ സ്വദേശിയായ സൈറ ഇക്കാര്യം പറഞ്ഞത്. ഈ പോസ്റ്റ് ട്വിറ്റർ പോലുള വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും സൈറ ഷെയർ ചെയ്തിട്ടുണ്ട്.
'അഞ്ച് വർഷം മുൻപ് എന്റെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റുന്ന ഒരു തീരുമാനം ഞാൻ എടുത്തു. ഞാൻ ബോളിവുഡിലേക്ക് കാലെടുത്ത് വച്ചപ്പോൾ പ്രശസ്തിയിലേക്കുള്ള വാതിൽ അതെനിക്ക് തുറന്നു തന്നു. അതിനാൽ അസാമാന്യമായ അളവിൽ പൊതുശ്രദ്ധ എന്നെ തേടിയെത്താൻ തുടങ്ങി. ജീവിത വിജയത്തിന്റേയും, യുവത്വത്തിന്റേയും റോൾ മോഡലായി എന്നെ ആൾക്കാർ കാണാൻ തുടങ്ങി. പക്ഷേ ഞാൻ അതൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എന്റെ വിജയത്തിന്റെ മാതൃക അതായിരുന്നില്ല.' സൈറ പറയുന്നു.
'ഈ മേഖല എനിക്ക് അളവിൽക്കവിഞ്ഞ സ്നേഹവും കരുതലും പിൻബലവും തന്നു. പക്ഷെ അതെന്നെ പതുക്കെ അറിവില്ലായ്മയിലേക്കാണ് നയിച്ചത്. ഞാൻ എന്റെ വിശ്വാസത്തെ(ഇമാം) മറക്കാൻ ആരംഭിച്ചു. എന്നിട്ടും ഞാൻ എന്റെ വിശ്വാസത്തെ ഹനിച്ച് കൊണ്ടിരുന്ന ഒരു മേഖലയിൽ തന്നെ എന്റെ പ്രവർത്തനം തുടർന്നു. പക്ഷെ എന്റെ മതവുമായുള്ള എന്റെ ബന്ധം ഭീഷണിയിലായിരുന്നു. എന്നിട്ടും ഞാൻ തുടർന്നു, എന്റെ വിശ്വാസം എന്നെ വിട്ട് പോകില്ല എന്നുള്ള വിശ്വാസത്തിൽ ഞാൻ മുൻപോട്ട് പോയി. എന്നാൽ, ആ സമയം കൊണ്ട് എന്റെ ജീവിതത്തിലെ എല്ലാ സമാധാനവും നഷ്ടപ്പെട്ടു. എന്റെ സമാധാനത്തിനും, വിശ്വാസത്തിനും അള്ളാഹുവുമായുള്ള എന്റെ ബന്ധത്തിനും ഉലച്ചിൽ സംഭവിച്ചു.' ദീർഘമായ തന്റെ പോസ്റ്റിലൂടെ സൈറ വിശദീകരിക്കുന്നു.
സൈറയുടെ തീരുമാനത്തെ പിന്തുണച്ച് മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്‌ദുള്ള, എഴുത്തുകാരി സൈനാബ് സിക്കന്ദർ, ബോളിവുഡ് നടി പ്രിയങ്ക ചോപ്ര എന്നിവർ രംഗത്ത് വന്നു. അഞ്ച് വർഷമായി ബോളിവുഡ് സിനിമയുടെ ഭാഗമാണ് 18കാരിയായ സൈറ വസീം. അമീർ ഖാനുമൊത്തുള്ള 'ദംഗൽ' സിനിമയിലെ അഭിനയത്തിന് സൈറയ്ക്ക് ദേശീയ അവാർഡ് ലഭിച്ചിരുന്നു. പ്രിയങ്ക ചോപ്രയുമൊത്തുളള സൈറയുടെ 'മൈ സ്കൈ ഈസ് പിങ്ക്' എന്ന ചിത്രം ഉടൻ പുറത്തിറങ്ങാനിരിക്കുകയാണ്.