pakistan

ബിർമിംഗ്ഹാം: ഇന്ത്യ ഇംഗ്ലണ്ട് ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ടീമിനായ് ഗ്യാലറിയിൽ ആർപ്പുവിളിച്ച് പാക് ആരാധകർ. അയൽ രാജ്യക്കാരാണെങ്കിലും ഇന്ത്യ ജയിക്കുന്നത് കാണാൻ അത്ര താത്പര്യമില്ലാത്തവരാണ് പാകിസ്ഥാൻ. ഇംഗ്ലണ്ടിന്റെ ജയം ശ്രീലങ്ക, പാകിസ്ഥാൻ, ബംഗ്ലാദേശ് ടീമുകളുടെ സെമി സാധ്യതകളെ പിന്നോട്ടടിക്കും എന്നതാണ് അയൽ രാജ്യങ്ങളെയെല്ലാം ഒരുമിപ്പിക്കാൻ കാരണം.

ആസ്‌ട്രേലിയ, ഇന്ത്യ, ന്യുസീലൻഡ് ടീമുകളെ മാറ്റിനിറുത്തിയാൽ പിന്നെ ബാക്കിയുള്ളത് ഒരൊറ്റ സെമി ബെർത്താണ്. പാകിസ്ഥാൻ,​ ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവർക്ക് പുറമേ ഇംഗ്ലണ്ടാണ് ഈ സ്ഥാനത്തിനായി മത്സരിക്കുന്ന മറ്റൊരു ടീം. അതുകൊണ്ടുതന്നെ ഇംഗ്ലണ്ട് തോൽക്കേണ്ടത് ഇന്ത്യയേക്കാൾ ഈ മൂന്ന് ടീമുകളുടെ ആവശ്യമാണ്.

ഇന്ത്യയ്ക്കെതിരായ നിർണായക ലോകകപ്പ് പോരാട്ടത്തിൽ ഇംഗ്ലണ്ട് തകർപ്പൻ തുടക്കമാണ് കാഴ്ചവച്ചത്. ഒരു വിക്കറ്റ് നഷ്ടത്തിൽ 187 റൺസ് എന്ന നിലയിലാണിപ്പോൾ. ഓപ്പണിംഗ് വിക്കറ്റിൽ ജോണി ബെയർസ്റ്റോയ്ക്കൊപ്പം 160 റൺസ് കൂട്ടുകെട്ടു സ്ഥാപിച്ച ജെയ്സൺ റോയിയാണ് പുറത്തായത്.

നേരത്തെ, ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ നിരയിലും ഇംഗ്ലണ്ട് ടീമിലും മാറ്റങ്ങളുണ്ട്. ഇന്ത്യൻ ടീമിൽ വിജയ് ശങ്കറിനു പകരം റിഷഭ് പന്ത് ലോകകപ്പ് അരങ്ങേറ്റം കുറിച്ചു. ഇംഗ്ലണ്ട് നിരയിൽ മോയിൻ അലിക്കു പകരം ലിയാം പ്ലങ്കറ്റും ജയിംസ് വിൻസിനു പകരം ജെയ്സൺ റോയിയും തിരിച്ചെത്തി. ഇന്നത്തെ മൽസരം തോറ്റാൽ ഇംഗ്ലണ്ടിന്റെ സെമി സ്വപ്നങ്ങളെ അതു കാര്യമായി ബാധിക്കും. അതേസമയം, ഇന്നത്തെ ഇന്ത്യ–ഇംഗ്ലണ്ട് മൽസരം ശ്രീലങ്ക, പാക്കിസ്ഥാൻ, ബംഗ്ലദേശ് ടീമുകൾക്കും നിർണായകമാണ്.