trump

പൻമുൻജോം (കൊറിയ): ആഗോള നയതന്ത്രത്തിൽ ചരിത്രം സൃഷ്ടിച്ചുകൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്നലെ, നിത്യശത്രുവായി കരുതിയിരുന്ന ഉത്തരകൊറിയയിൽ എത്തി ഭരണാധികാരിയായ കിം ജോംഗ് ഉന്നുമായി കൂടിക്കാഴ്ച നടത്തി. അമേരിക്കയെ ശത്രുവായി കണക്കാക്കുന്ന ഉത്തരകൊറിയയിൽ ഒരു അമേരിക്കൻ പ്രസിഡന്റ് എത്തുന്നത് ആദ്യമാണ്.

ദക്ഷിണ - ഉത്തര കൊറിയകളെ വേർതിരിക്കുന്ന അതിർത്തിയിലെ സൈനിക മുക്ത മേഖലയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ദക്ഷിണ കൊറിയയെയും ഉത്തര കൊറിയയേയും വേർതിരിക്കുന്ന അതിർത്തിയിലെ കോൺക്രീറ്റ് ബ്ലോക്ക് മറികടന്ന് ട്രംപ് ഉത്തരകൊറിയൻ മണ്ണിൽ കാലുകുത്തി.

കിം ജോംഗ് ഉന്നുമായി ഹസ്തദാനത്തിനുശേഷം ഇരുനേതാക്കളും ഉത്തരകൊറിയൻ മണ്ണിലൂടെ നടക്കുകയും സൗഹൃദസംഭാഷണം നടത്തുകയും ചെയ്തു. ഫോട്ടോഗ്രാഫർമാർക്ക് ചിത്രങ്ങളെടുക്കാനും അവസരം നൽകി. ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇന്നും ചരിത്രമുഹൂർത്തത്തിന് സാക്ഷിയാവാൻ എത്തിയിരുന്നു.

വളരെ അപ്രതീക്ഷിതമായിട്ടാണ് ഉത്തരകൊറിയൻ മണ്ണിൽ കിമ്മും ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് വഴിയൊരുങ്ങിയത്.

ജപ്പാനിലെ ഒസാകയിൽ ജി - 20 ഉച്ചകോടിക്കെത്തിയ ട്രംപ് ശനിയാഴ്‌ച ഒരു ട്വീറ്റിലൂടെയാണ് ചരിത്രമുഹൂർത്തത്തിന് വഴിയൊരുക്കിയത്. താൻ ദക്ഷിണകൊറിയയിലേക്ക് പോവുകയാണെന്നും

അതി‌ർത്തിയിലെ സൈനികമുക്ത മേഖലയിൽ വച്ച് ഉത്തരകൊറിയൻ ചെയർമാൻ കിമ്മിനെ കാണാൻ താൽപര്യമുണ്ടെന്നും ട്രംപ് ട്വീറ്റ് ചെയ്തു. അത് നല്ല നിർദ്ദേശമാണെന്ന് മണിക്കൂറുകൾക്കുള്ളിൽ ഔദ്യോഗിക വാർത്താ ഏജൻസിയിലൂടെ ഉത്തരകൊറിയയുടെ മറുപടി എത്തിയതോടെയാണ് ചരിത്രസംഗമം സാദ്ധ്യമായത്. ദക്ഷിണകൊറിയൻ തലസ്ഥാനമായ സോളിൽ പ്രസിഡന്റ് മൂൺ ജെ ഇന്നുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ട്രംപ് അതിർത്തിയിൽ എത്തിയത്.

ട്രംപും കിമ്മും മൂന്നാം തവണയാണ് കൂടിക്കാഴ്ച നടത്തുന്നത്. കഴിഞ്ഞ വർഷം സിംഗപ്പൂരിലായിരുന്നു ആദ്യ കൂടിക്കാഴ്ച. ഫെബ്രുവരിയിൽ വിയറ്റ്നാമിലും കൂടിക്കാഴ്ച നടത്തി. വിയറ്റ്നാം ഉച്ചകോടി ആണവ നിരായുധീകരണത്തിൽ തീരുമാനമോ ധാരണയോ ആകാതെ പിരിയുകയായിരുന്നു. ആണവ നിരായുധീകരണ ചർച്ചകളിൽ പുരോഗതി ഉണ്ടായില്ലെങ്കിലും ഇരുവരും കൂടിക്കാഴ്‌ചയ്‌ക്ക് തയ്യാറായത് ശ്രദ്ധേയമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

''ലോകത്തിന് വളരെ മഹത്തായ ദിവസമാണിത്. ഇവിടെ എത്താൻ കഴിഞ്ഞത് എനിക്കു ലഭിക്കുന്ന ആദരവാണ്. മഹത്തായ പല കാര്യങ്ങളും സംഭവിക്കുന്നു"

- ഡൊണാൾഡ് ട്രംപ്

ഉത്തരകൊറിയയിൽ

 ആ കോൺക്രീറ്റ് പാത

1950 മുതൽ 53 വരെ നീണ്ട കൊറിയൻ യുദ്ധത്തോടെ ദക്ഷിണ - ഉത്തര കൊറിയകളെ വേർതിരിച്ച് നിർമ്മിച്ച അതിർത്തിയാണിത്. നാല് കിലോമീറ്റ‍ർ വീതിയും 250 കിലോമീറ്റർ നീളവുമുള്ള അതിർത്തി ഇടനാഴി സൈനികമുക്ത മേഖലയാണ്. ഇവിടെ ഇരുകൊറിയകളും സൈനികവിന്യാസം നടത്തരുതെന്നാണ് ചട്ടം. അതിനപ്പുറവും ഇപ്പുറവും ലോകത്തെ ഏറ്റവും പഴുതടച്ച സൈനിക വിന്യാസവും സുരക്ഷയുമാണ്.