forest-

ഹൈദരാബാദ്: വൃക്ഷത്തൈകൾ നടുന്ന പരിപാടിക്ക് നേതൃത്വം നൽകാനെത്തിയ വനിതാ ഫോറസ്റ്റ് ഓഫീസർക്ക് ടി.ആർ.എസ് നേതാവിന്റെയും പാർട്ടി അണികളുടെയും മർദ്ദനം. ആസിഫാബാദ് ജില്ലയിലെ സർസാല ഗ്രാമത്തിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. ഫോറസ്റ്റ് റേഞ്ച് ഓഫീസർ സി. അനിതയ്ക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെലങ്കാന സർക്കാരിന്റെ വനവത്കരണ പരിപാടികളുടെ ഭാഗമായാണ് അനിതയും സംഘവും സർസാലയിലെത്തിയത്. ടി.ആർ.എസ് സർക്കാരിന്റെ കാലേശ്വരം ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നടക്കുന്ന വനവത്കരണ പരിപാടികളാണ് പ്രദേശത്ത് ലക്ഷ്യമിട്ടിരുന്നത്.

പരിപാടിക്കെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ ജില്ലാ പരിഷത്ത് വൈസ് ചെയർമാൻ കെ. കൃഷ്ണ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞു. തുടർന്ന് ട്രാക്ടറിൽ നിന്നുകൊണ്ട് ജനക്കൂട്ടത്തോട് കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അനിതയ്ക്കു നേരെ ആക്രമണമുണ്ടായത്. വലിയ മരത്തടികളുപയോഗിച്ച് ഇവരെ നാട്ടുകാരടങ്ങുന്ന സംഘം മർദ്ദിക്കുന്നതും ഇവർ നിലവിളിക്കുന്നതും ഉൾപ്പെടെയുള്ള വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്. പൊലീസെത്തിയാണ് അനിതയെ അക്രമികളുടെ കൈയിൽനിന്ന് രക്ഷിച്ചത്. സംഭവത്തിൽ ടി.ആർ.എസ് നേതാവിന്റെ സഹോദരനടക്കം 16 പേരെ അറസ്റ്റ് ചെയ്തതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു.