കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ ജനറൽ ബോഡിയിൽ ചേർന്ന ചർച്ചയിൽ എതിർപ്പുമായി വനിതാ കൂട്ടായ്‌മയായ ഡബ്ല്യു.സി.സി. ഭരണഘടന ഭേദഗതിക്കൊരുങ്ങുന്ന അമ്മയുടെ നിലപാട് ശരിയല്ലെന്ന പ്രതികരണമാണ് ഡബ്ല്യു.സി.സി അംഗങ്ങൾ കൂടിയായ രേവതി, പാർവതി എന്നിവരുടെ ഭാഗത്തു നിന്നുമുണ്ടായത്. ഇരുവരും യോഗത്തിൽ പങ്കെടുത്തിരുന്നു. ഭേദഗതിയുമായി ബന്ധപ്പെട്ട കരടിന്മേൽ ഇനിയും ചർച്ച ആവശ്യമാണെന്നും, എതിർപ്പ് രേഖാമൂലം അറിയിക്കുമെന്നും ഡബ്ല്യു.സി.സി അറിയിച്ചു.
നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ടാണ് ഭേദഗതി ചർച്ചകൾക്ക് ആരംഭം കുറിച്ചത്. അത്തരം അനിഷ്‌ട സംഭവങ്ങൾ തടയാൻ ഇനിയും നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് ഡബ്ല്യു.സി.സി കുറ്റപ്പെടുത്തി. എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ താൽപര്യ പ്രകാരമാണ് കരട് തയ്യാറാക്കിയത്. തൊഴിൽ സുരക്ഷ ഉറപ്പു വരുത്തും വിധം കരടിൽ മാറ്റം വരുത്തണം. നിർദേശങ്ങളിൽ ചിലത് ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് വനിതാ കൂട്ടായ്‌മ ചൂണ്ടിക്കാട്ടി.
ഉപസമിതികളിൽ ഒന്നിൽ പോലും വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്നില്ല. അമ്മയിൽ നിന്ന് രാജിവച്ച നടിമാരുടെ തിരിച്ചുവരവിനെ കുറിച്ചും നിലപാട് വ്യക്തമാക്കുന്നില്ലെന്ന് ഡബ്ല്യു.സി.സി അംഗങ്ങൾ യോഗത്തിൽ ചൂണ്ടിക്കാട്ടി.