ലക്നൗ: ഉത്തർപ്രദേശിലെ ക്രമസമാധാനപാലനത്തെയും പൊലീസിനെയും വിമർശിച്ച കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്ക് മറുപടിയുമായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ''ഇത് കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പറയുംപോലെയാണ്. അവരുടെ പാർട്ടി അദ്ധ്യക്ഷന് യു.പി നഷ്ടമായി. അതുകൊണ്ട്, ഡൽഹി, ഇറ്റലി, ഇംഗ്ലണ്ട് തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ഇരുന്ന് വാർത്തകളിലെ തലക്കെട്ടുകൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണ്." യോഗി പറഞ്ഞു. ഉത്തർപ്രദേശിൽ ക്രിമിനലുകൾ സ്വതന്ത്രമായി ഇറങ്ങിനടന്ന് അഴിഞ്ഞാട്ടം നടത്തുകയാണെന്നായിരുന്നു കഴിഞ്ഞദിവസം പ്രിയങ്കയുടെ വിമർശനം.
''യു.പിയിൽ കുറ്റവാളികൾ യഥേഷ്ടം വിളയാടുന്നു. കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരുന്നു. ഇതെല്ലാം ബി.ജെ.പി സർക്കാരിന്റെ ബധിരകർണങ്ങളിലാണു പതിക്കുന്നത്. യു.പി സർക്കാർ ക്രിമിനലുകൾക്ക് കീഴടങ്ങിയോ?" - എന്നായിരുന്നു പ്രിയങ്ക ട്വിറ്ററിൽ കുറിച്ചത്. സംസ്ഥാനത്ത് നടന്ന വിവിധ കുറ്റകൃത്യങ്ങളുടെ വാർത്തകളും ഒപ്പം ടാഗ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിനെ ഉൾപ്പെടെ പരിഹസിച്ച് മറുപടിയുമായി ആദിത്യനാഥെത്തിയത്. അതേസമയം, കുറ്റകൃത്യങ്ങൾ നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിച്ചതിന്റെ കണക്കുകൾ നിരത്തി സംസ്ഥാന പൊലീസും പ്രിയങ്കയുടെ പരാമർശത്തിനെതിരെ രംഗത്തെത്തി.