അധികാര വികേന്ദ്രീകരണത്തെപ്പറ്റിയും പഞ്ചായത്തുകളെയും നഗരസഭകളെയും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും പ്രസംഗിക്കുന്ന സി.പി.എമ്മും ഇടതുമുന്നണിയും അവയുടെ കഴുത്ത് ഞെരിക്കുകയും ശ്വാസം മുട്ടിക്കുകയുമാണ്. ഗ്രാമപഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും നഗരസഭകളുടെയും വികസനപ്രവർത്തനങ്ങൾ പാടെ സ്തംഭിച്ചു പോവുന്ന ദുരവസ്ഥയാണ് . കെടുകാര്യസ്ഥതയും ധൂർത്തും പിടിപ്പില്ലായ്മയും കാരണം സർക്കാർ വരുത്തിയ വൻ സാമ്പത്തിക പ്രതിസന്ധിയുടെ തിക്തഫലം തദ്ദേശസ്ഥാപനങ്ങളുടെ തലയിൽ അടിച്ചേല്പിക്കുകയാണ് . ഇതിനെതിരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് കടക്കുന്നു.
മുന്നോടിയായി കെ.പി.സി.സിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസിന്റെ ഗ്രാമ, ബ്ളോക്ക്, ജില്ലാതല ജനപ്രതിനിധികളും മുനിസിപ്പൽ കോർപ്പറേഷൻ ജനപ്രതിനിധികളും ഇന്ന് നിയമസഭയിലേക്ക് മാർച്ച് നടത്തും. കഴിഞ്ഞ വർഷം (2018- 19) ചെയ്തുതീർത്ത പണികൾക്കുള്ള തുകപോലും ഈ വർഷത്തെ പദ്ധതി വിഹിതത്തിൽ നിന്ന് എടുത്തു നൽകണമെന്ന തുഗ്ളക് പരിഷ്കാരമാണ് ധനകാര്യ വകുപ്പിന്റേത്. സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ ട്രഷറികൾ അധികസമയം തുറന്ന് വച്ച് ബില്ലുകൾ മാറ്റിക്കൊടുക്കുകയാണ് പതിവ്. മാർച്ച് 31 നും പണി പൂർത്തിയാവാത്ത പദ്ധതികളെ സ്പിൽ ഓവറാക്കി അടുത്ത സാമ്പത്തികവർഷം പണി തുടരാൻ അനുവദിക്കുകയും അവയ്ക്ക് പ്രത്യേക ഫണ്ട് നൽകുകയുമാണ് ചെയ്തു പോന്നിരുന്നത്. അതത് വർഷത്തെ പദ്ധതി തുക ലാപ്സായി പോകാതിരിക്കാനാണിത്. കഴിഞ്ഞ സാമ്പത്തിക വർഷമാകട്ടെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി കാരണം കടുത്ത ട്രഷറി നിയന്ത്രണങ്ങളാണ് സർക്കാർ ഏർപ്പെടുത്തിയിരുന്നത്. ജനുവരി ആദ്യം മുതൽ പൂർത്തിയാക്കിയ പണികൾക്കുള്ള ബില്ലുകളൊന്നും യഥാസമയം മാറ്റിക്കൊടുത്തിരുന്നില്ല. മാർച്ച് അവസാനവാരത്തോടെ സാമ്പത്തിക പ്രതിസന്ധി മൂർച്ഛിച്ചു. മാർച്ച് 25 ന് ശേഷം ട്രഷറിയിൽ സമർപ്പിച്ച ബില്ലുകളെല്ലാം ക്യൂവിലാക്കി നിറുത്തി. പണം നൽകിയില്ല. അവ ക്യൂവിൽ നിന്നുതന്നെ സാമ്പത്തിക വർഷത്തെ അവസാന ദിവസമെന്ന മാർച്ച് 31 ന്റെ ലക്ഷ്മണ രേഖ കടന്നു പോയി.
പിന്നീട് വിചിത്രമായ നടപടിയാണ് സർക്കാർ കൊക്കൊണ്ടത്. കഴിഞ്ഞ വർഷത്തെ ഈ ബില്ലുകൾ മാറുമ്പോൾ ഈ സാമ്പത്തിക വർഷത്തെ പ്ലാൻ ഫണ്ടിൽ നിന്ന് തുക തട്ടിക്കഴിക്കാൻ ഉത്തരവിട്ടു. ഇത് ശരിയായ നടപടി അല്ല. കഴിഞ്ഞ സാമ്പത്തികവർഷം പണി പൂർത്തിയാക്കി ബില്ലുകൾ നൽകുകയും സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം പണം കിട്ടാതെ പോയതുമായ ബില്ലുകൾ കഴിഞ്ഞ വർഷത്തെ ഫണ്ടിൽ നിന്നുമാണ് നൽകേണ്ടത്. അല്ലെങ്കിൽ പ്രത്യേക ഫണ്ട് അനുവദിക്കണം. പകരം ഈ സാമ്പത്തിക വർഷത്തെ (2019- 20) തദ്ദേശസ്ഥാപനങ്ങളുടെ വിഹിതത്തിൽ നിന്ന് കൈയിട്ട് വാരുമ്പോൾ തദ്ദേശസ്ഥാപനങ്ങളുടെ ഈ വർഷത്തെ പദ്ധതികൾ പാളം തെറ്റും. സർക്കാരിന്റെ വീഴ്ചയ്ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പിഴ മൂളേണ്ടി വരുന്നു. കഴിഞ്ഞ വർഷത്തെ പണികൾക്കുള്ള പണം ഈ വർഷത്തെ തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടിൽ നിന്നെടുത്തു കൊടുക്കാൻ സർക്കാരിനോ ധനകാര്യ മന്ത്രിക്കോ അധികാരമില്ല.
ഇതിന് പുറമെയാണ് സ്പിൽ ഓവർ പദ്ധതികളുടെ കാര്യത്തിൽ സർക്കാർ കാണിച്ച സർക്കസ്. അതാത് സാമ്പത്തിക വർഷം പണി പൂർത്തീകരിക്കാനാവാതെ പോവുന്ന പദ്ധതികൾ മുടങ്ങിപ്പോകാതിരിക്കാനാണ് സ്പിൽഓവർ പദ്ധതികളാക്കി മാറ്റി അടുത്ത വർഷം പണി തുടരാൻ അനുവദിക്കുന്നത്. സെപ്തംബറിനുള്ളിൽ പണി പൂർത്തിയാക്കുമെന്ന് ഉറപ്പുള്ള പദ്ധതികളുടെ പണമാണ് ഇങ്ങനെ മാറ്റി സൂക്ഷിക്കുന്നത്. പണി പൂർത്തിയാക്കുന്നതിനനുസരിച്ച് തുക റിലീസ് ചെയ്യും. എന്നാൽ പൂർത്തിയാവാത്ത പദ്ധതികൾ സ്പിൽ ഓവറായി അടുത്ത വർഷം തുടരാൻ അനുവദിച്ചെങ്കിലും തുകയിൽ 20ശതമാനം കഴിഞ്ഞുള്ളത് ഈ വർഷത്തെ പദ്ധതി വിഹിതത്തിൽ നിന്നെടുക്കാനാണ് നിർദ്ദേശം . ഇതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വൻതോതിൽ ശോഷിക്കുന്ന സ്ഥിതിയായി.
ലൈഫ് പദ്ധതിക്ക് വേണ്ടി 20ശതമാനം തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടിൽ നിന്ന് നേരത്തെ തന്നെ സർക്കാർ നിർബന്ധപൂർവം വെട്ടിക്കുറച്ചിരുന്നു.
തദ്ദേശ സ്ഥാപനങ്ങളുടെ ഈ വർഷത്തെ 50ശതമാനത്തിലേറെ പ്ലാൻ ഫണ്ട് നഷ്ടപ്പെടുന്ന അവസ്ഥയാണ് . കഴിഞ്ഞ വർഷം ലോക്സഭാ തിരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തിൽ 2019 - 20 വർഷത്തെ വാർഷിക പദ്ധതിക്ക് 2018 ഡിസംബർ 31നകം അംഗീകാരം വാങ്ങണമെന്ന് സർക്കാർ നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് തദ്ദേശ സ്ഥാപനങ്ങൾ 2018 ഓക്ടോബർ രണ്ട് മുതൽ തന്നെ പദ്ധതി രൂപീകരണ പ്രവർത്തനം ആരംഭിച്ചു. പദ്ധതികൾക്ക് നിശ്ചിത സമയത്തിനുള്ളിൽ തന്നെ ജില്ലാ ആസൂത്രണ സമിതികളുടെ അംഗീകാരവും വാങ്ങി. 2019 ജനുവരി മാസത്തിൽ ഗ്രാമസഭകളും വാർഡ് സഭകളും 2019 - 20 ചേർന്ന് വർഷത്തേക്കുള്ള വ്യക്തിഗത ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിക്കുന്ന ദിവസം തന്നെ പദ്ധതി പ്രവർത്തനമാരംഭിക്കാവുന്ന തരത്തിലാണ് എല്ലാം ആസൂത്രണം ചെയ്തിരുന്നത്. അപ്പോഴാണ് സർക്കാർ എല്ലാം തകിടം മറിച്ചത്. സ്പിൽ ഓവർതുകയുടെ 20 ശതമാനം കൂടെ വകയിരുത്തി പദ്ധതി പുനർനിർണയിച്ച് വീണ്ടും ഡി.പി.സി അംഗീകാരം വാങ്ങണമെന്നാണ് ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്നത്. ഇതോടെ പദ്ധതി പൂർണമായി പൊളിച്ചു പണിയേണ്ടി വരികയാണ്. പദ്ധതിതുക വൻതോതിൽ കുറഞ്ഞതോടെ ഈ സാമ്പത്തിക വർഷം വികസന പ്രവർത്തനങ്ങൾ നടത്താനാവാത്ത ദുരവസ്ഥയിൽ തദ്ദേശ സ്ഥാപനങ്ങൾ എത്തിച്ചേർന്നു. ഇതോടെ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള പദ്ധതികൾ പോലും ഉപേക്ഷിക്കേണ്ടി വന്നു. അപേക്ഷ സമർപ്പിച്ച് ഗ്രാമസഭകളുടെയും വാർഡ് സഭകളുടെയും അംഗീകാരവും വാങ്ങി കാത്തിരിക്കുന്ന ഗുണഭോക്താക്കൾക്ക് അവ നിഷേധിക്കപ്പെടും. പാവപ്പെട്ടവർക്ക് വീടുകൾ കെട്ടിമേയുന്നതിനും വയോജനങ്ങൾക്ക് കുടിൽ വാങ്ങുന്നതിനും, കുടിവെള്ള കണക്ഷനും മറ്റുമുള്ള ധനസഹായങ്ങളും നിഷേധിക്കപ്പെടുകയാണ്. ഓരോ തദ്ദേശ സ്ഥാപനത്തിനും ലക്ഷക്കണക്കിനും കോടിക്കണക്കിനും രൂപയുടെ പദ്ധതി വെട്ടിക്കുറയ്ക്കാനാണ് സർക്കാർ നിർബന്ധിക്കുന്നത്.
ഗ്രാമസ്വരാജ് എന്ന മഹാത്മജിയുടെ സ്വപ്നം പൂവണിയിക്കുന്നതിനാണ് രാജീവ് ഗാന്ധി സർക്കാരിന്റെ കാലത്ത് പഞ്ചായത്ത് രാജ് ബില്ലും നഗരപാലികാ ബില്ലും കൊണ്ടു വന്നത്. അവയുടെ കടയ്ക്കൽ കത്തിവയ്ക്കുകയാണ് സർക്കാർ .