ഇരുചക്ര വാഹന ലോകത്തേക്ക് ആദ്യമായി ചുവടുവയ്ക്കുന്നവരെ ലക്ഷ്യമിട്ട് കെ.ടി.എം അവതരിപ്പിക്കുന്ന എൻട്രി-ലെവൽ സ്‌പോർട്‌സ് ബൈക്കാണ് ആർ.സി 125. റേസിംഗ്, സ്‌റ്റൈലിംഗ്, ഫെർഫോമൻസ്, ബ്രാൻഡ് എന്നിവയ്ക്ക് മുൻഗണന നൽകുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മോഡലാണിത്.
കെ.ടി.എമ്മിന്റെ ഉയർന്ന മോഡലുകളായ ആർ.സി 200, ആർ.സി 390 എന്നിവയുമായി രൂപകല്‌പനയിലും ഫീച്ചറുകളിലും ഒരുപാട് സാമ്യം ആർ.സി 125നുണ്ട്. എൻട്രി-ലെവൽ സ്‌പോർട്‌സ് ബൈക്ക് വിഭാഗത്തിലേക്ക് ആർ.സി ശ്രേണിയിൽ കെ.ടി.എമ്മിന്റെ ചുവടുവയ്പ്പ് കൂടിയാണ് ആർ.സി 125. ഏത് ഭാഗത്ത് നിന്ന് നോക്കിയാലും നല്ല ഭംഗിയുണ്ട് ഈ പുതുമുഖത്തിന്. നിർമ്മാണത്തിൽ നിലവാരവും പൂർണതയും ഉറപ്പാക്കിയിരിക്കുന്നു. റേസിംഗ് മുഖഭാവം ലഭ്യമാക്കാനായി എയറോഡൈനാമിക് പ്രൊട്ടക്‌ഷനോട് കൂടിയ വിൻഡ്‌ഷീൽഡുമുണ്ട്. സൂപ്പർസ്‌പോർട്ട് ട്വിൻ ഹെഡ്‌ലൈറ്റാണ് മറ്റൊരു ആകർഷണം.
കെ.ടി.എമ്മിന്റെ മറ്റ് മോഡലുകളിൽ നിന്ന് വ്യത്യസ്‌തമാണ് ആർ.സി 125ന്റെ ബോഡി ഗ്രാഫിക്‌സ്. ഫെയറിംഗിലും ഇന്ധനടാങ്കിലും വലിയ സ്‌റ്റിക്കറുകളോടെയാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. ഓറഞ്ച്, വെള്ള നിറഭേദങ്ങളാണ് ബൈക്കിന്. ഇരു ഷെയ്ഡുകളും ഒന്നിനൊന്ന് ആകർഷകവുമാണ്. ഇൻസ്‌ട്രുമെന്റ് പാനലിൽ വലിയ എൽ.സി.ഡി സ്‌ക്രീൻ കാണാം. അതിൽ നിന്ന് സ്‌പീഡോ മീറ്റർ, ഓഡോ മീറ്റർ തുടങ്ങിയവ വായിച്ചെടുക്കാം. സ്‌റ്റാൻഡേർഡ് ഡ്യുവൽ ചാനൽ ആന്റിലോക്ക് ബ്രേക്കിംഗ് സംവിധാനത്തോട് (എ.ബി.എസ്) കൂടിയ ഡിസ്‌ക് ബ്രേക്കുകളാണ് ഇരു ചക്രങ്ങളിലുമുള്ളത്. മുന്നിൽ 300 എം.എം ഡിസ്‌കും പിന്നിൽ 200 എം.എം ഡിസ്‌കും.
ബൈക്കിന്റെ സ്‌റ്റീൽ ട്രെലിസ് ഫ്രെയിം പോലും ഉന്നത ആർ.സി മോഡലുകളിലേതിന് സമാനമായി വലുതും ശക്തവുമാണ്. 15 എച്ച്.പി കരുത്തുള്ള, 124.7 സി.സി എൻജിനാണ് ആർ.സി 125നെ മറ്റ് ആർ.സി മോഡലുകളിൽ നിന്ന് വ്യത്യസ്‌തമായി നിറുത്തുന്ന പ്രധാന ഘടകം. 12 ന്യൂട്ടൺ മീറ്ററാണ് ഉത്‌പാദിപ്പിക്കുന്ന പരമാവധി ടോർക്ക്. ലിക്വിഡ്-കൂളായ എൻജിനാണിത്.
100 കിലോമീറ്ററിനുമേൽ പായുമ്പോഴും ബൈക്കിനുമേൽ മികച്ച നിയന്ത്രണം റൈഡർക്ക് ഉറപ്പാക്കുന്നതാണ് 'വലിയ" രൂപകല്‌പന. ആറു ഗിയറുകളുണ്ട്. റേസിംഗ് സ്വഭാവമാണ് ബൈക്കിന് എന്നതിനാൽ മൈലേജിനെ കുറിച്ച് ചിന്തിക്കേണ്ട. പത്തു ലിറ്ററാണ് ഇന്ധനടാങ്കിന്റെ ശേഷി. 820 എം.എം സീറ്റുയരം, 178.5 എം.എം ഗ്രൗണ്ട് ക്ളിയറൻസ്, 135 കിലോഗ്രാം ഭാരം എന്നിവയും മികച്ച റൈഡിംഗിന് അനുകൂലമാണ്. കോളേജ് പയ്യന്മാർക്കും ജോലിയിൽ തുടക്കകാർക്കുമെല്ലാം യോജിക്കുന്ന ബൈക്കാണ് കെ.ടി.എം ആർ.സി 125. ന്യൂഡൽഹി എക്‌സ്‌ഷോറൂം വില 1.47 ലക്ഷം രൂപ.