vogo

അത്യാവശ്യമായി എവിടെയെങ്കിലും പോകാനൊരുങ്ങുമ്പോൾ ബസും ടാക്‌സിയും കിട്ടിയില്ലെങ്കിൽ എന്തുചെയ്യും? കാത്തിരിക്കുക തന്നെ എന്നാകും ഉത്തരം! എന്നാൽ, ഇനി കാത്തിരിപ്പ് വേണ്ട. ലക്ഷ്യമിട്ട സ്ഥലങ്ങളിലേക്ക് സ്‌കൂട്ടറിൽ പോകാം. സമയവും ലഭിക്കാം; ഒപ്പം പണവും!

ബംഗളൂരു ആസ്ഥാനമായുള്ള പ്രമുഖ സ്‌കൂട്ടർ ഷെയറിംഗ് കമ്പനിയായ 'വോഗോ" കേരളത്തിലേക്കും എത്തുകയാണ്. ബംഗളൂരു, മംഗലാപുരം, മൈസൂർ, ഹൂബ്ളി, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ സാന്നിദ്ധ്യമുള്ള വോഗോ, ഏതാനും മാസങ്ങൾക്കകം കൊച്ചിയിലും ചുവടുവയ്‌ക്കും. പിന്നീട് തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും പ്രവർത്തനം വ്യാപിപ്പിക്കും. പെട്രോൾ, ഇലക്‌ട്രിക് സ്‌കൂട്ടറുകളാണ് (ബൈക്കുകൾ ഇല്ല) കമ്പനി ഉപഭോക്താക്കൾക്ക് നൽകുന്നത്. നിലവിൽ 10,000ലേറെ സ്‌കൂട്ടറുകൾ കമ്പനിക്കുണ്ട്. കമ്പനിക്ക് സ്വന്തമായി ഉള്ളതിന് പുറമേ പാട്ടത്തിനും ഫ്രാഞ്ചൈസികളിലൂടെയും ലഭിച്ചവയാണ് ഈ സ്‌കൂട്ടറുകൾ. ഇതിൽ നല്ലൊരു പങ്കും ഇലക്‌ട്രിക് സ്‌കൂട്ടറുകളാണ്.

ബംഗളൂരുവിലും മറ്റും മെട്രോ റെയിലുമായി സഹകരിച്ചാണ് വോഗോയുടെ പ്രവർത്തനം. സമാന രീതിയായിരിക്കും കൊച്ചിയിലും. ഇതിനായി കൊച്ചി മെട്രോയുമായി ചർച്ചകൾക്ക് തുടക്കമിട്ടുവെന്ന് പാലക്കാട് സ്വദേശിയും കമ്പനിയുടെ സ്ഥാപക - ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ പത്‌മനാഭൻ ബാലകൃഷ്‌ണൻ 'കേരളകൗമുദി"യോട് പറഞ്ഞു.

ആറു നഗരങ്ങളിലായി 500ലധികം സ്‌കൂട്ടർ സ്‌റ്റേഷനുകൾ വോഗോയ്ക്കുണ്ട്. ഉപഭോക്താവിന് വോഗോ ആപ്പിലൂടെ സമീപത്തെ സ്‌റ്റേഷനിൽ നിന്ന് സ്‌കൂട്ടർ തിരഞ്ഞെടുക്കാം. വോഗോ ആപ്പ് തന്നെയാണ് സ്‌കൂട്ടറിന്റെ താക്കോൽ. ആപ്പ് വഴിയാണ് സ്‌കൂട്ടർ ഓൺ/ഓഫ് ചെയ്യേണ്ടത്. ഉപയോഗശേഷം സമീപത്തെ സ്‌റ്റേഷനിൽ സ്‌കൂട്ടർ തിരിച്ചേല്‌പ്പിക്കാം. കിലോമീറ്ററിന് അഞ്ച് രൂപ മാത്രമാണ് നിരക്ക്. അതായത്, പത്തു കിലോമീറ്റർ യാത്ര ചെയ്‌താൽ പോലും ഉപഭോക്താവിന് ചെലവ് 50 രൂപ മാത്രം!

മറ്റ് പൊതുഗതാഗത സംവിധാനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കായതിനാൽ വലിയ സ്വീകാര്യതയാണ് കമ്പനിക്കുള്ളത്. പ്രതിദിനം 40,000ലേറെ റൈഡുകൾ ഇപ്പോൾ കമ്പനിക്ക് കിട്ടുന്നുണ്ട്. 12 മാസത്തിനകം 15 പുതിയ നഗരങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുകയും 2025ഓടെ സ്‌കൂട്ടറുകളുടെ എണ്ണം ഒരുലക്ഷത്തിലേക്ക് ഉയർത്തുകയുമാണ് കമ്പനിയുടെ ലക്ഷ്യം.

ഇലക്ട്രിക് സ്‌കൂട്ടറുകളുമായാണ് കൊച്ചിയിൽ കമ്പനി പ്രവർത്തനം തുടങ്ങുക. തുടക്കത്തിൽ അഞ്ചിൽ താഴെ സ്‌റ്റേഷനുകളുണ്ടാകും. 2,000 സ്‌കൂട്ടറുകളും 200 സ്‌റ്റേഷനുകളും കൈകാര്യം ചെയ്യാനുള്ള ശേഷി കൊച്ചി നഗരത്തിനുണ്ട്. ഇൻഷ്വറൻസ്, ജി.പി.എസ്., ബ്ളൂടൂത്ത്, മികച്ച ബാറ്ററി ബാക്കപ്പ് തുടങ്ങിയ സൗകര്യങ്ങൾ ഉറപ്പാക്കിയാണ് ഉപഭോക്താവിന് സ്‌കൂട്ടർ നൽകുന്നത്. ഡ്രൈവിംഗ് ലൈസൻസുള്ളവർക്ക് മാത്രമേ സ്‌കൂട്ടർ നൽകൂ എന്നും അദ്ദേഹം പറഞ്ഞു.

2016ൽ ബംഗളൂരുവിൽ ഏതാനും സ്‌കൂട്ടറുകളുമായാണ് പത്‌മനാഭൻ ബാലകൃഷ്‌ണനും സുഹൃത്തുക്കളായ ആനന്ദ് അയ്യാദുരൈ, സച്ചിത് മിത്തൽ എന്നിവരും ചേർന്ന് വോഗോയ്ക്ക് തുടക്കമിട്ടത്. അടുത്തിടെ വിവിധ വെഞ്ച്വർ കാപ്പിറ്റൽ നിക്ഷേപക സ്ഥാപനങ്ങളിൽ നിന്നായി 50 കോടി രൂപയ്ക്കുമേൽ നിക്ഷേപം കമ്പനി നേടിയിരുന്നു.