കൽപ്പറ്റ: സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കടുവ ബൈക്കിന് പിന്നാലെ ഓടുന്ന വീഡിയോ സംബന്ധിച്ച് വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി പുൽപ്പള്ളി റൂട്ടിൽ പാമ്പ്രയിൽ നിന്നുള്ളതെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോയുടെ ഉറവിടം സംബന്ധിച്ചാണ് അന്വേഷണം ആരംഭിച്ചത്. സൗത്ത് വയനാട് വനം ഡിവിഷന് കീഴിലെ ഇരുളം ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ അനന്തന്റെ നേതൃത്വത്തിലാണ് അന്വേഷണം. ചെതലയം റേഞ്ചിലെ കേളു എന്ന വാച്ചർ മൊബൈലിൽ പകർത്തിയതാണ് ദൃശ്യമെന്നാണ് ആദ്യം പ്രചരിച്ചത്. എന്നാൽ കേളുവിന് അങ്ങനെയൊരു ദൃശ്യം കിട്ടിയിട്ടില്ലന്നും വീഡിയോ വ്യാപകമായി പ്രചരിച്ചതിന് ശേഷം കടുവയുടെ ലൊക്കോഷൻ കണ്ടെത്താൻ വനം വകുപ്പ് നിയോഗിച്ച സംഘത്തോടൊപ്പം കേളുവും ഉണ്ടായിരുന്നതായി ചെതലയം റേഞ്ച് ഓഫീസർ പറഞ്ഞു. ഇതിനിടെ ബന്ദിപ്പൂരിൽ നിന്നാണ് ദൃശ്യമെന്ന് കന്നട ചാനലും റിപ്പോർട്ട് ചെയ്തു. വയനാട്ടിൽ കടുവ ശല്യം രൂക്ഷമായതും വന്യ മൃഗങ്ങളുടെ ജീവന്റെ സുരക്ഷയെ കരുതി രാത്രി കാല ഗതാഗത നിരോധനം നിലനിൽക്കുന്നതുമാണ് വീഡിയോയുടെ ദുരൂഹത വർദ്ധിപ്പിക്കുന്നത്.
പാമ്പ്ര എസ്റ്റേറ്റിന് സമീപത്ത് കൂടി കടന്നു പോകുന്ന സംസ്ഥാനപാതയിലൂടെ യാത്ര ചെയ്ത ബൈക്ക് യാത്രികർക്ക് നേരെയാണ് കടുവ പാഞ്ഞടുത്തതെന്നാണ് പറയപ്പെടുന്നത്. ദൃശ്യം വയനാട്ടിൽ നിന്നുള്ളതല്ലന്നും പ്രചാരണം വന്നു.