കുടുങ്ങിയത് 150 ഇന്ത്യക്കാർ
എല്ലാവരെയും ഹോട്ടലിലേക്ക് മാറ്റി
ന്യൂഡൽഹി /നുർ സുൽത്താൻ: കസാക്കിസ്ഥാനിലെ ടെൻഗിസ് എണ്ണപ്പാടത്ത് തദ്ദേശീയരും അരബ് വംശജരും തമ്മിലുണ്ടായ സംഘർഷത്തിൽ കുടുങ്ങിയ മലയാളികളുൾപ്പെടെ 150 ലേറെ ഇന്ത്യക്കാർ സുരക്ഷിതരാണെന്നും അവരെ ഹോട്ടലിലേക്ക് മാറ്റിയതായും കേന്ദ്ര വിദേശമന്ത്രാലയം അറിയിച്ചു.
ഇന്നലെ രാവിലെ തദ്ദേശീയരുമായുണ്ടായ സംഘർഷത്തിന് പിന്നാലെയാണ് തൊഴിലാളികൾ ഇവിടെ കുടുങ്ങിയത്. കസാഖ് യുവതിയുടെ ഫോട്ടോ മോശമായ അടിക്കുറിപ്പോടെ ലിബിയൻ സ്വദേശി സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതാണ് കുഴപ്പത്തിന് കാരണം. ശനിയാഴ്ച രാവിലെ നാട്ടുകാർ അരബ് വംശജരെ അക്രമിക്കുകയായിരുന്നു. തദ്ദേശീയർ തൊഴിലാളികളെ മർദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. അക്രമത്തിൽ 30ഓളം പേർക്ക് പരിക്കേറ്റതായാണ് വിവരം. ആരുടെയും പരിക്ക് ഗുരുതരമല്ല.
കസാഖ് തലസ്ഥാനമായ നുർ സുൽത്താനിൽനിന്ന് 2,200 കിമി അകലെയാണ് ടെങ്കിസ് എണ്ണപ്പാടം. ഇവിടെ 70ഓളം മലയാളികൾ ഉള്ളതായാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നെന്ന വിവരം ലഭിച്ചതിന് പിന്നാലെ, മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം, നോർക്ക റൂട്ട്സ് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടു. മലയാളികൾ ഉൾപ്പെടെയുള്ള എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് എംബസിയോട് സംസ്ഥാന സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച വിവരങ്ങൾ അടിയന്തരമായി ലഭ്യമാക്കണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യക്കാർ സുരക്ഷിതരാണെന്നും പ്രശ്നമുണ്ടെന്ന മാദ്ധ്യമ വാർത്തകൾ തെറ്റാണെന്നും കസാഖിസ്ഥാനിൽ ജോലി ചെയ്യുന്ന രജീബ് വി.പി, തോമസ് എബ്രഹാം എന്നിവർ അറിയിച്ചു.
ഇന്ത്യക്കാരുടെ സുരക്ഷ
ഉറപ്പാക്കും: വി .മുരളീധരൻ
ന്യൂഡൽഹി: കസാഖിസ്ഥാനിലെ അത്തൈറോ പ്രവിശ്യയിലെ ടെൻഗിസ് എണ്ണപ്പാടത്ത് നാട്ടുകാരും വിദേശീയരും തമ്മിലുള്ള സംഘർഷത്തിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ഇന്ത്യൻ എംബസിക്ക് നിർദ്ദേശം നൽകിയെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അറിയിച്ചു. മലയാളികൾ അടക്കം നൂറിലേറെ ഇന്ത്യക്കാർ ഇവിടെ ജോലിയെടുക്കുന്നുണ്ട്. ആവശ്യമായ സഹായം ഇന്ത്യൻ തൊഴിലാളികൾക്ക് ലഭ്യമാക്കും - മന്ത്രി ട്വീറ്റ് ചെയ്തു.
നോർക്ക ഇടപെട്ടു
തിരുവനന്തപുരം:കസാഖ്സ്ഥാനിലെ എണ്ണപ്പാടത്ത് 150 ഓളം ഇന്ത്യക്കാർ കുടുങ്ങിയെന്ന വാർത്തകളെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശാനുസരണം നോർക്ക റൂട്ട്സ് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടു.
മലയാളികൾ ഉൾപ്പെടെയുള്ള എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ഇതു സംബന്ധിച്ച വിവരങ്ങൾ അടിയന്തരമായി ലഭ്യമാക്കണമെന്നും എംബസിയോട് സംസ്ഥാന സർക്കാർ അഭ്യർത്ഥിച്ചു.