news

1. എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചു വിട്ടതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിയില്‍ പ്രതിസന്ധി. 2108 താത്കാലിക ഡ്രൈവര്‍മാരെ ആണ് സുപ്രീംകോടതി നിര്‍ദേശ പ്രകാരം പിരിച്ച് വിട്ടത്. അവധി ദിനമായ ഇന്ന് സംസ്ഥാനമാകെ മുടങ്ങിയത് 600 സര്‍വ്വീസുകള്‍ എന്ന് റിപ്പോര്‍ട്ട്. പ്രവൃത്തി ദിനമായ നാളെ പ്രതിസന്ധി രൂക്ഷമാകുമെന്ന് വ്യക്തമായതോടെ അവധി ഉള്ളവരോട് ടേണ്‍ അനുസരിച്ച് തിരിച്ച് ജോലിക്ക് എത്തണം എന്നും സര്‍വ്വീസുകള്‍ മുടങ്ങാതെ ക്രമീകരണം നടത്തണമെന്നും മാനേജ്‌മെന്റ് സോണല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.




2. അതേസമയം, പ്രതിസന്ധി പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ പരിശോധിച്ചു വരികയാണ് ഗതാഗതവകുപ്പ് . പിരിച്ചു വിട്ടവരെ വീണ്ടും കരാര്‍ അടിസ്ഥാനത്തില്‍ തിരിച്ചു നിയമിക്കുന്നതിന്റെ സാധ്യതകളും ആലോചനയില്‍ ഉണ്ട്. അതേ സമയം പി.എസ്.സി റാങ്ക് പട്ടികയില്‍ നിന്നും താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ട ഡ്രൈവര്‍മാര്‍ നല്‍കിയ ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കും. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും തുടര്‍ നടപടികള്‍. പി.എസ്.സി റാങ്ക് പട്ടികയില്‍ ഉള്ളവരുടെ പരാതിയില്‍ ആയിരുന്നു കൂട്ട പിരിച്ചു വിടലിന് കോടതി നിര്‍ദ്ദേശിച്ചത്.
3. ഏപ്രില്‍ എട്ടിലെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി പ്രകാരം 180 ദിവസത്തില്‍ കൂടുതല്‍ താത്കാലികമായി ജോലിയില്‍ തുടരുന്ന ഡ്രൈവര്‍മാരെ ഏപ്രില്‍ 30ന് മുമ്പു പിരിച്ചുവിടേണ്ടത് ആയിരുന്നു. എന്നാല്‍, ഈ വിധിക്കെതിരെ ജീവനക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും എം പാനല്‍ ജീവനക്കാരെ ഒഴിവാക്കണം എന്ന ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവയ്ക്കുക ആയിരുന്നു. തിരുവനന്തപുരം മേഖലയില്‍ 1479, മധ്യമേഖലയില്‍ 257, വടക്കന്‍മേഖലയില്‍ 371 എന്നിങ്ങനെയാണു താത്കാലിക ഡ്രൈവര്‍മാരെ ഒഴിവാക്കിയത്.
4. അമ്മയുടെ വക്താവായി മോഹന്‍ ലാലിനെ തിരഞ്ഞെടുത്തു. സംഘടനയുടെ കാര്യങ്ങള്‍ ഇനി മോഹന്‍ലാല്‍ സംസാരിക്കും. അതേസമയം, അമ്മയുടെ ഭരണഘടനാ ഭേദഗതിക്ക് എതിരെ ഡബ്ല്യൂ.സി.സി. രംഗത്ത്. കരട് തയ്യാറാക്കിയത് ചര്‍ച്ചകള്‍ ഇല്ലാതെയെന്ന് വിമര്‍ശനം. കണക്കിലെടുത്തത് എക്സ്‌ക്യൂട്ടിവ് കമ്മിറ്റിയുടെ താല്‍പാര്യം മാത്രം. നിര്‍ദേശങ്ങളില്‍ ചിലത് ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവും. അനിഷ്ട സംഭവങ്ങള്‍ തടയാന്‍ നടപടികള്‍ ഇല്ലെന്ന് ഡബ്ല്യൂ.സി.സി. ഉപസമിതികളില്‍ ഒന്നിലും വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്നില്ല. ഡബ്ല്യൂ.സി.സിയുടെ അടിസ്ഥാന ഉദേശ്യത്തെ കുറിച്ച് നിശബ്ദത പാലിക്കുന്നു. രാജിവച്ച നടിമാരുടെ തിരിച്ചുവരവിനെ കുറിച്ച് നിലപാട് വ്യക്തമാക്കുന്നില്ല എന്നും പരാമര്‍ശം.
5. പാര്‍വതിയും രേവതിയുമാണ് യോഗത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്. സംഘടനാ നേതൃത്വത്തില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും ആഭ്യന്തര പ്രശ്ന പരിഹാര സെല്‍ വേണമെന്നും ആവശ്യം ഉയര്‍ന്നു. കരടിന്മേല്‍ ഇനിയും ചര്‍ച്ച വേണമെന്നും നടിമാരുടെ സംഘടന. തൊഴില്‍ സുരക്ഷ ഉറപ്പാക്കും വിധം കരടില്‍ മാറ്റം വരുത്തണമെന്നും ആവശ്യം.
6. ഡബ്ല്യൂ.സി.സിയുടെ നിലപാട് അമ്മയെ രേഖാമൂലം അറിയിച്ചു. യോഗത്തില്‍ ഒരു വിഭാഗം ഇരുവരുടേയും അഭിപ്രായത്തെ പിന്തുണച്ചു. അമ്മ യോഗത്തിന് ശേഷം പാര്‍വതിയും രേവതിയും പുറത്തിറങ്ങി. നിര്‍ദേശങ്ങള്‍ സംഘടനയ്ക്ക് മുന്നില്‍ വെച്ചിട്ടുണ്ടെന്ന് രേവതി. തീരുമാനിക്കേണ്ടതും ചര്‍ച്ച ചെയ്യേണ്ടതും സംഘടനയാണ്. മറ്റ് കാര്യങ്ങള്‍ ഭാരവാഹികള്‍ പറയുമെന്നും രേവതി പ്രതികരിച്ചു.
7. സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിലെ അനിശ്ചിതത്വം നീക്കുന്നതിനായി നാളെ മാനേജ്മന്റെും സര്‍ക്കാറുമായി ചര്‍ച്ച നടക്കും. ജൂലായ് മൂന്നിന് നടത്താനിരുന്ന ചര്‍ച്ചയാണ് നാളെ തിരുവനന്തപുരത്ത് നടക്കുന്നത്. മാനേജ്മന്റുകള്‍ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതിനാല്‍ ആണ് ചര്‍ച്ച നേരത്തെ നടത്തുന്നത്. ഫീസ് പുതുക്കി നിശ്ചയിക്കാന്‍ വൈകിയതാണ് ഇത്തവണത്തെ പ്രവേശനം പ്രതിസന്ധിയില്‍ ആക്കിയത്.
8. ഫീസ് നിര്‍ണയിക്കാതെ സര്‍ക്കാര്‍ സ്വാശ്രയ മെഡിക്കല്‍ പ്രവേശന നടപടികള്‍ ആരംഭിക്കുന്നതിന് എതിരെയാണ് സ്വകാര്യ മെഡിക്കല്‍ കോളജ് മാനേജ്മന്റെ് അസോസിയേഷനും ക്രിസ്ത്യന്‍ പ്രഫഷണല്‍ കോളജ് മാനേജ്മന്റെ് ഫെഡറേഷനും കോടതിയെ സമീപിക്കുന്നത്.കഴിഞ്ഞ തവണ ചെയ്തതു പോലെ ബോണ്ട് വാങ്ങി പ്രവേശനം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. എം.ബി.ബി.എസ് പ്രവേശനത്തിന് ആയി സര്‍ക്കാര്‍ നിയമ സഭയില്‍ മെഡിക്കല്‍ ബില്‍ അവതരിപ്പിക്കുകയും അത് നിയമം ആക്കുകയും ചെയ്തിരുന്നു. ഹൈകോടതി നിര്‍ദേശമനുസരിച്ച് ഫീസ് നിര്‍ണയ സമിതിയും മേല്‍നോട്ട സമിതിയും രൂപീകരിച്ച് അംഗങ്ങളെ നിജപ്പെടുത്തി.
9. എന്നാല്‍ ഫീസ് നിശ്ചയിക്കുക എന്ന കടമ്പ മറി കടക്കാന്‍ സര്‍ക്കാറിന് ആയില്ല. മെഡിക്കല്‍ മാനേജ് മെന്റെുകളുമായി ചര്‍ച്ചയിലൂടെ ഒത്തുതീര്‍പ്പില്‍ എത്താനും നിലവിലെ പ്രതിസന്ധി മറികടക്കാനും ആണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതേസമയം ഫീസ് വര്‍ധിപ്പിക്കുക എന്ന ആവശ്യത്തില്‍ വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് മാനേജ്മന്റെ്. ഡീംഡ് സര്‍വകലാശാലകള്‍ വാങ്ങുന്ന ഉയര്‍ന്ന ഫീസ് വാങ്ങാന്‍ തങ്ങള്‍ക്കും അവകാശമുണ്ടെന്നും അത് കോടതി അംഗീകരിച്ചത് ആണെന്നുമുള്ള വാദം മാനേജ്മന്റെ് സര്‍ക്കാറിന് മുന്നില്‍ ഉന്നയിക്കാനാണ് സാധ്യത.
10. കര്‍ണാടകയിലെ ജെ.ഡി.എസ് കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെ ഇറക്കാനുള്ള ശ്രമങ്ങള്‍ ബി.ജെ.പി താത്കാലികമായി ഉപേക്ഷിച്ചു. മൂന്ന് സംസ്ഥാനങ്ങളിലേക്ക് നടക്കാനുള്ള നിയമസഭാ തിരഞ്ഞെടുപ്പ് കഴിയും വരെ കര്‍ണാടക സര്‍ക്കാരിനെ താഴെ ഇറക്കാന്‍ ശ്രമിക്കേണ്ടതില്ല എന്ന് കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കിയതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേതൃത്വത്തിന്റെ നീക്കം മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ ഇരിക്കെ.
11. ഓപ്പറേഷന്‍ താമര ഇപ്പോള്‍ സജീവമാക്കിയാല്‍ അത് തിരഞ്ഞെടുപ്പിനെ ബാധിച്ചേക്കും എന്ന വില ഇരുത്തലിലാണ് കേന്ദ്ര നേതൃത്വം. ദേശീയ പ്രസിഡന്റ് അമിത് ഷായുടെ നിലപാടും സമാനമാണ്. ലോക് സഭാ തിരഞ്ഞെടുപ്പിന് ശേഷം കര്‍ണാടകയില്‍ ബിജെപി ഓപ്പറേഷന്‍ താമര സജീവം ആക്കിയിരുന്നു. കോണ്‍ഗ്രസ് ജെ.ഡി.എസ് അസ്വാരസ്യങ്ങളും പുറത്തു വന്നതോടെ സര്‍ക്കാരിന്റെ സ്ഥിരതയ്ക്ക് ഭീഷണി ഉയര്‍ന്നിരുന്നു. സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിഷയം കൈകാര്യം ചെയ്തത്. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ പുതിയ നിര്‍ദ്ദേശം കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തിന് താത്കാലിക ആശ്വാസമായി