കൊച്ചി: വിമർശകരെ പോലും അമ്പരിപ്പിക്കുന്ന വിജയവുമായാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻ.ഡി.എ സർക്കാർ വീണ്ടും അധികാരമേറ്റത്. ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിന് രണ്ടാം മോദി സർക്കാർ അറിയിക്കുന്ന 'നന്ദി" ആയിരിക്കും ഇത്തവണത്തെ കേന്ദ്ര ബഡ്‌ജറ്റ് എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. സാധാരണക്കാരനും ബിസിനസ് ലോകത്തിനും ആശ്വസിക്കാനുള്ള ഒട്ടേറെ പ്രഖ്യാപനങ്ങൾ ബഡ്‌ജറ്റിലുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
ജൂലായ് അഞ്ചിനാണ്, ഇന്ത്യയുടെ ആദ്യ 'മുഴുവൻ സമയ വനിതാ ധനമന്ത്രി" നിർമ്മല സീതാരാമൻ രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബഡ്‌ജറ്റ് അവതരിപ്പിക്കുന്നത്. അധികാരം നിലനിറുത്തിയെങ്കിലും ബഡ്‌ജറ്രിനെ നിസാരമായി കൈകാര്യം ചെയ്യാവുന്ന അവസ്ഥയിലല്ല ഇപ്പോൾ കേന്ദ്ര സർക്കാരുള്ളത്. ഇന്ത്യയുടെ ജി.ഡി.പി വളർച്ച കഴിഞ്ഞ സാമ്പത്തിക വർഷം അഞ്ചുവർഷത്തെ താഴ്‌ചയായ 6.8 ശതമാനത്തിലേക്ക് കൂപ്പുകുത്തി. തൊഴിലില്ലായ്‌മ നിരക്ക് 45 വർഷത്തെ ഉയരത്തിലാണുള്ളത്.
കാർഷിക മേഖലയുടെ തളർച്ച, വിദേശ നിക്ഷേപത്തിലെ ഇടിവ്, ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും നേരിടുന്ന സാമ്പത്തിക പ്രതിസന്ധി എന്നിവ തരണം ചെയ്യാനുള്ള വഴികൾ ബഡ്‌ജറ്റിൽ ഉൾക്കൊള്ളിക്കണമെന്ന വൻ വെല്ലുവിളി നിർമ്മലയ്ക്ക് മുന്നിലുണ്ട്. 2022നകം കർഷക വരുമാനം ഇരട്ടിയാക്കുമെന്ന പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനത്തിന് കരുത്തേകുന്ന നടപടികളുണ്ടാവണം. ഒരുദശാബ്ദത്തിനകം ഇന്ത്യയെ അഞ്ച് ലക്ഷം കോടി ഡോളർ ജി.ഡി.പി മൂല്യമുള്ള രാജ്യമായി ഉയർത്താനുള്ള പദ്ധതികളും പ്രതീക്ഷിക്കാം.
പ്രതീക്ഷിക്കുന്ന പ്രഖ്യാപനങ്ങൾ
കാർഷികം
കാർഷിക, ഭക്ഷ്യ സംസ്‌കരണ മേഖലകൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാം. ഒരുലക്ഷം കോടി രൂപ കാർഷിക മേഖലയ്‌ക്കായി മാത്രം നീക്കിവച്ചേക്കുമെന്നാണ് സൂചന.
ആദായ നികുതി
കഴിഞ്ഞ ഫെബ്രുവരിയിൽ അവതരിപ്പിച്ച ബഡ്‌ജറ്റിൽ അഞ്ചുലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവരെ ആദായ നികുതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ, അഞ്ചുലക്ഷത്തിനുമേൽ വരുമാനം കടന്നാൽ ഇവർ രണ്ടരലക്ഷം രൂപ മുതലുള്ള വരുമാനത്തിന് നികുതി നൽകണം. ഈ വ്യവസ്ഥയിൽ മാറ്റം ഇത്തവണ ബഡ്‌ജറ്രിൽ ഉണ്ടായേക്കും. സെക്‌ഷൻ 80 സി പ്രകാരമുള്ള ആദായ നികുതി ഇളവിന്റെ പരിധി ഒന്നര ലക്ഷത്തിൽ നിന്ന് രണ്ടുലക്ഷം രൂപയാക്കിയേക്കും.
സ്വപ്‌ന വീടിന് കൈത്താങ്ങ്
വ്യക്തി ആദ്യമായി നിർമ്മിക്കുകയോ വാങ്ങുകയോ ചെയ്യുന്ന വീടിന്റെ വായ്‌പയ്ക്ക് പലിശ ആനുകൂല്യം കഴിഞ്ഞ സർക്കാർ ഒന്നരലക്ഷം രൂപയിൽ നിന്ന് രണ്ടുലക്ഷം രൂപയായി ഉയർത്തിയിരുന്നു. ഇക്കുറി ഇത് രണ്ടരലക്ഷം രൂപയാക്കിയേക്കും. രണ്ടാമത്തെ വീടിനും ആനുകൂല്യം നൽകിയേക്കും. മാത്രമല്ല, രണ്ടാമത്തെ വീടിൽ നിന്ന് വാടക വരുമാനമുണ്ടെങ്കിൽ, അതിന് നികുതിയിളവും പ്രതീക്ഷിക്കാം. കൺസ്‌ട്രക്ഷൻ, ബാങ്കിംഗ്, റിയൽ എസ്‌റ്റേറ്ര് മേഖലകൾക്ക് നേട്ടമാകുന്ന നീക്കങ്ങളാണിത്.
പൊതുമേഖലാ ഓഹരി വില്‌പന
പൊതുമേഖലാ കമ്പനികളുടെ ഓഹരി വിറ്റഴിച്ച് കഴിഞ്ഞവർഷം സർക്കാർ 85,000 കോടി രൂപ നേടിയിരുന്നു. നടപ്പുവർഷം ലക്ഷ്യം 90,000 കോടി രൂപയാണെന്ന് ഇടക്കാല ബഡ്‌ജറ്റിൽ പറഞ്ഞിരുന്നു. ഇത്, നിർമ്മല സീതാരാമനും ശരിവയ്‌ക്കും. കൂടുതൽ ബാങ്കുകളുടെ ലയന പ്രഖ്യാപനവും പ്രതീക്ഷിക്കാം.
വ്യവസായം
കോർപ്പറേറ്റ് നികുതി 30 ശതമാനത്തിൽ നിന്ന് 25 ശതമാനമായി കുറയ്‌ക്കാൻ നടപടിയുണ്ടാകും. ഇത്, കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കാൻ വഴിയൊരുക്കും. എം.എസ്.എം.ഇ., കയറ്റുമതി മേഖല എന്നിവയ്ക്ക് കൂടുതൽ നികുതി ഇളവുകളും ബഡ്‌ജറ്റിൽ പ്രതീക്ഷിക്കുന്നു.
മറ്ര് മേഖലകൾ
ആരോഗ്യ മേഖലയിൽ ആയുഷ്‌മാൻ ഭാരത് പദ്ധതി കൂടുതൽ വിപുലമാക്കും. ഉജ്വല യോജന, പി.എം-കിസാൻ സമ്മാൻ നിധി തുടങ്ങിയ ജനപ്രിയ പദ്ധതികളിലെ ആനുകൂല്യങ്ങളും ഉയർത്തിയേക്കും. സ്‌കിൽ ഇന്ത്യ, സ്‌റ്റാർട്ടപ്പ് ഇന്ത്യ എന്നിവയ്‌ക്കും മികച്ച പരിഗണന ലഭിക്കും.