kazakhstan

ന്യൂഡൽഹി : തദ്ദേശീരയരുമായുള്ള സംഘർഷത്തെ തുടർന്ന് കസാഖ്സ്ഥാനിലെ എണ്ണപ്പാടത്ത് കുടുങ്ങിക്കിടക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള 150 ഓളം ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യൻ എംബസിയോട് കേരള സർക്കാർ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച വിവരങ്ങൾ അടിയന്തരമായി ലഭ്യമാക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. കുടുങ്ങിക്കിടക്കുന്ന മലയാളികളെക്കുറിച്ചുള്ള വിവരം കൈമാറാനും അഭ്യർത്ഥിച്ചിട്ടുണ്ട്. പ്രശ്നത്തിൽ നോർക്ക റൂട്ട്സ് ഇന്ത്യൻ എംബസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. അതേസമയം കസാഖ്‍സ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ വിവരങ്ങൾ അറിയാനായി ഹെൽപ് ലൈൻ തുറന്നിട്ടുണ്ട്. സഹായം ആവശ്യമുള്ളവര്‍ക്ക് 77012207601,77012207603,77172925700,77172925717 എന്നീ നമ്പറുകളിൽ വിളിക്കാം.

വിഷയവുമായി ബന്ധപ്പെട്ട് കസാഖ്‍സ്ഥാനിലെ ഇന്ത്യൻ അംബാസിഡറുമായി ബന്ധപ്പെട്ടതായും ഇന്ത്യക്കാർ സുരക്ഷിതരാണെന്നും ഇവരെ പുറത്തെത്തിക്കാനുള്ള ഇടപെടൽ തുടരുകയാണെന്നും വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു

തദ്ദേശീയരുമായുണ്ടായ സംഘർഷത്തിന് പിന്നാലെയാണ് ടെങ്കീസ് എണ്ണപ്പാടത്ത് മലയാളികളടക്കമുള്ള ഇന്ത്യക്കാർ കുടുങ്ങിയത്. ലബനീസ് തൊഴിലാളി പോസ്റ്റ് ചെയ്ത ഒരു ചിത്രത്തെ ചൊല്ലിയാണ് സംഘർഷം തുടങ്ങിയതെന്നാണ് വിവരം.