മംഗലാപുരം: മംഗലാപുരം വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. ദുബായ് - മംഗലാപുരം എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ടാക്സിവേയിൽ നിന്ന് തെന്നിമാറിയത്. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് എയർ ഇന്ത്യ അറിയിച്ചു.
വൈകിട്ട് 5.40ഓടെയാണ് സംഭവം. ദുബായിൽ നിന്നെത്തിയ വിമാനം നിലത്തിറങ്ങുന്നതിനിടെയാണ് റൺവെയിൽ നിന്ന് തെന്നിമാറിയത്. വിമാനത്തിന്റെ ചക്രങ്ങൾ മണ്ണിൽ താഴ്ന്നു. സംഭവത്തിനു ശേഷം ഉടൻതന്നെ യാത്രക്കാരെ വിമാനത്തിൽനിന്ന് പുറത്തിറക്കി.
വിമാനം എയർ ഇന്ത്യ എൻജിനിയർമാർ പരിശോധിച്ചതായും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും എയർപോർട്ട് അധികൃതർ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് ഡയറക്ടർ ജനറൽ ഓഫ് ഏവിയേഷൻ നിർദേശം നൽകി.