ന്യൂഡൽഹി: എയർ ഇന്ത്യയെ സ്വകാര്യവത്‌കരിക്കുന്നതിന് മുമ്പ് ശമ്പള കുടിശിക ഇനത്തിലുള്ള 1,200 കോടി രൂപ ഉടൻ നൽകണമെന്ന് പൈലറ്റുമാർ ആവശ്യപ്പെട്ടു. എയർ ഇന്ത്യ എക്‌സിക്യൂട്ടീവ് പൈലറ്റ്‌സ് അസോസിയേഷനാണ് കമ്പനിയുടെ ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ അശ്വനി ലോഹാനിക്ക് അയയ്‌ച്ച കത്തിൽ ഇക്കാര്യം ആവശ്യപ്പെട്ടത്.

1997-2006 കാലയളവിലെ ശമ്പള കുടിശിക കിട്ടാത്ത പൈലറ്റുമാരുണ്ട്. 2007 മുതൽ പരിഷ്‌കരിച്ച ശമ്പളം കിട്ടാത്തവരുണ്ട്. ചിലരുടെ ശമ്പളം പിടിച്ചുവയ്‌ക്കുകയും ചെയ്‌തിരുന്നു. ഈയിനങ്ങളിലെ കുടിശികയായാണ് 1,200 കോടി രൂപ നൽകേണ്ടത്. ചില പൈലറ്റുമാർക്ക് ലഭിക്കാനുള്ള കുടിശിക ഒരു കോടി രൂപയ്‌ക്കുമേൽ വരും. എയർ ഇന്ത്യയുടെ ഓഹരികൾ വിറ്റഴിക്കാനുള്ള നടപടികൾ തുടരുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞതിന്റെ പശ്‌ചാത്തലത്തിലാണ് പൈലറ്റുമാരുടെ സംഘടന, കമ്പനി ചെയർമാന് കത്ത് അയയ്ച്ചത്. കുടിശിക ഉടൻ വീട്ടിയില്ലെങ്കിൽ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിനെ (എൻ.സി.എൽ.ടി) സമീപിക്കുമെന്നും അസോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്.

50,000 കോടി രൂപയ്ക്കുമേൽ കടബാദ്ധ്യതയുള്ള എയർ ഇന്ത്യ നിലവിൽ കേന്ദ്രസർക്കാരിൽ നിന്നുള്ള രക്ഷാപാക്കേജിന്റെ പിൻബലത്തിലാണ് പ്രവർത്തിക്കുന്നത്. 2012 മുതൽ ഇതുവരെ 30,000 കോടിയോളം രൂപ സർക്കാരിൽ നിന്ന് എയർ ഇന്ത്യയ്ക്ക് ലഭിച്ചിട്ടുണ്ട്. ഈ ബാദ്ധ്യത തുടരുന്നത് ഒഴിവാക്കാനാണ് ഓഹരി വില്‌പന നീക്കം. എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും കേന്ദ്രസർക്കാരിന്റെ കൈവശമാണ്.