കൊച്ചി: പെൺപക്ഷത്തേക്ക് ചായാൻ "അമ്മ" ഇനിയും കാത്തിരിക്കണം. 25-ാമത് വാർഷിക യോഗം ഭേദഗതി നിർദ്ദേശങ്ങൾ ചർച്ച ചെയ്‌തെങ്കിലും അന്തിമ തീരുമാനമുണ്ടായില്ല. എക്‌സിക്യൂട്ടിവ് കമ്മിറ്റിക്ക് പരമാധികാരം നൽകുന്ന തരത്തിലുള്ള നിർദ്ദേശങ്ങളിൽ ഡബ്ളിയു.സി.സി പ്രതിനിധികൾ ശക്തമായ എതിർപ്പ് ഉയർത്തിയതിനെ തുടർന്നാണ് ഭരണഘടനാ ഭേദഗതി തീരുമാനം മരവിപ്പിച്ചത്. കരട് ഭേദഗതിയിൽ കൂടുതൽ നിർദ്ദേശങ്ങൾ ഉയർന്നതോടെ ചർച്ചകൾക്ക് ശേഷം ഭേദഗതി മതിയെന്ന് തീരുമാനിച്ചതായി അമ്മ പ്രസിഡന്റ് മോഹൻലാൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ആരും എതിർപ്പ് പറഞ്ഞില്ല. അംഗങ്ങളിൽ പലരുടെയും അഭിപ്രായങ്ങൾ മുഴുവൻ കേൾക്കാനാവാത്തത് കൊണ്ടാണ് ഭരണഘടനാ ഭേദഗതി മരവിപ്പിച്ചത്. അഭിപ്രായങ്ങൾ എഴുതി അറിയിക്കാനുള്ള അവസരം അംഗങ്ങൾക്ക് നൽകിയിട്ടുണ്ട്. അടുത്ത എക്‌സിക്യൂട്ടിവ് യോഗത്തിൽ ഇതേക്കുറിച്ച് ചർച്ച ചെയ്ത് ആവശ്യമെങ്കിൽ മറ്റൊരു ജനറൽ ബോഡി കൂടി വിളിക്കുമെന്ന് മോഹൻലാൽ പറഞ്ഞു. 2021ൽ നടക്കുന്ന സംഘടനാ തിരഞ്ഞെടുപ്പിലാണ് ഭരണഘടനാ ഭേദഗതിയുടെ ആവശ്യം വരികയെന്നും അതിനുള്ളിൽ തീരുമാനമെടുക്കുമെന്നും ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. ഭരണഘടന ഭേദഗതി ചെയ്യുന്ന കാര്യം എങ്ങനെ വേണമെന്ന് എക്‌സിക്യൂട്ടിവ് കമ്മിറ്റി ചേർന്ന് തീരുമാനിക്കും.
രാജിക്കത്ത് നൽകിയവരെ അംഗങ്ങളായി പരിഗണിക്കേണ്ടെന്നും പരസ്യപ്രതികരണം കർശനമായി വിലക്കണമെന്നും നിർദ്ദേശിക്കുന്ന വ്യവസ്ഥകളാണ് പുതിയ ഭേദഗതിയിലുണ്ടായിരുന്നത്. സംഘടനയുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കാനും, സസ്‌പെൻഡ് ചെയ്യാനും എക്സിക്യൂട്ടിവ് കമ്മിറ്റിക്ക് ഭേദഗതിയിൽ അധികാരം നൽകുന്നുണ്ട്. സംഘടനയിലെ അംഗങ്ങൾക്കെതിരെയോ, നിർവാഹക സമിതിക്കെതിരെയോ നടത്തുന്ന പരസ്യവിമർശനങ്ങളും പ്രസ്താവനകളും അച്ചടക്ക ലംഘനമായി കണ്ട് നടപടിയുണ്ടാകുമെന്നും ഭേദഗതി നിർദ്ദേശമുണ്ടായി. ഇതിനെതിരെ രേവതി അടക്കമുള്ള താരങ്ങൾ ശക്തമായ എതിർപ്പുയർത്തി.
രേവതിയുടെ അഭിപ്രായങ്ങളെ പാർവതി, ജോയ് മാത്യു, ഷമ്മി തിലകൻ, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവർ പിന്തുണച്ചതായാണ് സൂചന. പുതിയ ഭേദഗതി പ്രകാരം എക്‌സിക്യൂട്ടിവ് കമ്മിറ്റിയിലെ മൂന്ന് പേരിലേക്ക് അധികാരം പരിമിതപ്പെടുമെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും നേരത്തേ ഡബ്ളിയു.സി.സി അംഗം കൂടിയായ പദ്മപ്രിയയും നേതൃത്വത്തെ അറിയിച്ചിരുന്നു. കത്ത് മുഖേനയാണ് പദ്മപ്രിയ വിയോജിപ്പ് അറിയിച്ചത്. ബൈലാ തയ്യാറാക്കിയ സബ് കമ്മിറ്റി ആരാണെന്ന് പരസ്യപ്പെടുത്തണമെന്നും സബ്കമ്മിറ്റി ഉണ്ടായിരുന്നോയെന്ന് വ്യക്തമാക്കണമെന്നും പദ്മപ്രിയ ആവശ്യപ്പെട്ടിരുന്നു.
അതേസമയം സംഘടനയിൽ നിന്ന് രാജിവച്ച് പുറത്തുപോയവർ അപേക്ഷ നൽകിയാൽ മടങ്ങിവരാമെന്ന വാദം ഇന്നലെയും അമ്മ നേതൃത്വം ആവർത്തിച്ചു.
മുകേഷ്, ഗണേശ്കുമാർ, സിദ്ദിഖ്, ഇന്ദ്രൻസ്, അജു വർഗീസ്, ഉണ്ണിശിവപാൽ, ജയസൂര്യ, ടിനിടോം, ശ്വേതാമേനോൻ, സുധീർ കരമന, രചന നാരായണൻകുട്ടി, ഹണി റോസ് തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ഇന്നലെ കൊച്ചി ഗ്രാൻഡ് ഹയാത്ത് കൺവെൻഷൻ സെന്ററിൽ നടന്ന ജനറൽ ബോഡിയോഗത്തിൽ അംഗങ്ങളായ മുന്നൂറിലേറെ പേർ പങ്കെടുത്തു.