vellapally-natesan

കൊല്ലം: മുന്നാക്ക വിഭാഗത്തിലെ പാവപ്പെട്ടവർക്ക് പത്ത് ശതമാനം പ്രത്യേക സംവരണം ഏർപ്പെടുത്തിയത് പോലെ പിന്നാക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവർക്കും ഏർപ്പെടുത്തണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു. വെള്ളാപ്പള്ളി നടേശൻ സ്നേഹഭവനം പദ്ധതിയിൽ ഉൾപ്പെടുത്തി എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ നിർമ്മിച്ച ആദ്യ വീടിന്റെ സമർപ്പണവും പുതുതായി നിർമ്മിക്കുന്ന 25 വീടുകളുടെ തറക്കല്ലീടിലും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

മുന്നാക്ക വിഭാഗ കോർപറേഷൻ ചെയർമാനായി ആനയും അമ്പാരിയും കൊടുത്ത് ആർ. ബാലകൃഷ്ണപിള്ളയെ ഇരുത്തിയിരിക്കുകയാണ്. ആ വകുപ്പിന് സർക്കാർ കൊടുത്ത ആനുകൂല്യങ്ങൾ പോരെന്ന് പറഞ്ഞപ്പോൾ ചില പത്രങ്ങൾ കഴിഞ്ഞ ദിവസം വലിയ പ്രാധാന്യം നൽകി പ്രസിദ്ധീകരിച്ചു. പിന്നാക്ക വികസന കോർപറേഷനെക്കുറിച്ച് പറയാൻ ആരും തയ്യാറാകുന്നില്ല. എന്തെങ്കിലും പറയുന്നത് കേരളകൗമുദി മാത്രമാണ്. കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്ത് യോഗം ശക്തമായ സമരം നടത്തിയാണ് പിന്നാക്ക വികസന കോർപറേഷൻ രൂപീകരിച്ചത്. ഇപ്പോൾ പണവും നൽകുന്നില്ല, ഉദ്യോഗസ്ഥരുമില്ല. പിന്നാക്കക്കാരെ വീണ്ടും വീണ്ടും അടിച്ചമർത്തുന്ന നയങ്ങളാണ് എല്ലാ സർക്കാരും നടപ്പിലാക്കുന്നത്.

സംവരണത്തിനെതിരെ ചങ്ങനാശേരിക്കാരൻ കേസ് കൊടുത്തപ്പോൾ അതിനെതിരെ കക്ഷി ചേർന്നത് യോഗം മാത്രമാണ്. ഈഴവർ എല്ലാവർക്കും വേണ്ടി രക്തസാക്ഷികളാകാൻ നടക്കുകയാണ്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിധി വന്നപ്പോൾ ഭക്തർക്കൊപ്പമെന്ന നിലപാടാണ് യോഗം സ്വീകരിച്ചത്. ഇതിന്റെ പേരിൽ തെരുവിലേക്ക് ഇറങ്ങരുതെന്നും പറഞ്ഞു. ഇതിന്റെ പേരിൽ തന്നെ വേട്ടയാടി. പിന്നാക്ക വിഭാഗക്കാർ എടുത്തുചാടും. മുന്നാക്കക്കാർ കൗശലക്കാരാണ്. അവർ അവിടെത്തന്നെയിരിക്കും. ശബരിമല സമരവുമായി ബന്ധപ്പെട്ട് കേസിൽ പ്രതിയായവരുടെ വിവരം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. സുരേന്ദ്രന്റെ പേരിൽ നൂറിലേറെ കേസുകളാണ്. ഇതിന്റെയെല്ലാം തിരികൊളുത്തിയ ശ്രീധരൻപിള്ളയുടെ പേരിൽ വല്ല കേസുമുണ്ടോ?. മുടന്തൻ ന്യായവും നിയമവും പ്രയോഗിച്ച് നമ്മളെ തകർക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വെള്ളാപ്പള്ളി നടേശൻ സ്നേഹഭവനം പദ്ധതിയുടെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ കൊല്ലം യൂണിയനിലെ ആദ്യ വീടിന്റെ താക്കോൽ വാളത്തുംഗൽ ശാഖയിലെ മങ്കാരത്ത് വീട്ടിൽ രാജി ഷിബുവിന് ജനറൽ സെക്രട്ടറി കൈമാറി. കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ അദ്ധ്യക്ഷത വഹിച്ചു.

പുതുതലമുറയെ നേർവഴിക്ക് നയിക്കാൻ കുട്ടിക്കാലം മുതൽ തന്നെ അവരെ ഗുരുദർശനങ്ങൾ പഠിപ്പിക്കണമെന്ന് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള കാഷ് അവാർഡുകളുടെ വിതരണവും വനിതാസമ്മേളനത്തിന്റെ ഉദ്ഘാടനവും നിർവഹിച്ച് കൊണ്ട് എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം പ്രീതി നടേശൻ പറഞ്ഞു. യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ സ്വാഗതം ആശംസിച്ചു. യോഗം കൗൺസിലർ പി. സുന്ദരൻ, ഡയറക്ടർ ബോർഡ് അംഗം ആനേപ്പിൽ എ.ഡി. രമേഷ്, മഹിമ അശോകൻ, പ്രമോദ് കണ്ണൻ, യൂണിയൻ കൗൺസിലർമാരായ ബി. വിജയകുമാർ, പുണർതം പ്രദീപ്, ബി. പ്രതാപൻ, ജി.ഡി. രാഖേഷ്, നേതാജി ബി. രാജേന്ദ്രൻ, ഷാജി ദിവാകർ, എം. സജീവ്, യൂണിയൻ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. എസ്. ഷേണാജി, ഇരവിപുരം സജീവൻ, ജി. രാജ്മോഹൻ, വനിതാസംഘം താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ. എസ്. സുലേഖ, സെക്രട്ടറി ഷീലാ നളിനാക്ഷൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് രഞ്ജിത്ത് രവീന്ദ്രൻ, അഡ്വ. ധർമ്മരാജൻ, ഡോ. മേഴ്സി ബാലചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് രാജീവ് കുഞ്ഞുകൃഷ്ണൻ നന്ദിയും പറഞ്ഞു.