അമൃത്സർ: 2700 കോടി രൂപ വിലമതിക്കുന്ന 532 കിലോ ഹെറോയിൻ പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് കടത്താൻ ശ്രമിക്കവെ അട്ടാരി അതിർത്തിയിൽ വെച്ച് കസ്റ്റംസ് പിടികൂടി. ഇന്ത്യ-പാക് അതിർത്തിയിൽ അടുത്തിടെ നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. 15 കല്ലുപ്പ് ചാക്കുകളിൽ ഒളിപ്പിച്ച നിലയിലാണ് ഹെറോയിൻ കടത്താൻ ശ്രമിച്ചത്. ചെക്ക് പോസ്റ്റിലെ പരിശോധനയ്ക്കിടെ ചാക്കുകളിലെ വെള്ള നിറത്തിലുള്ള തരികൾ ശ്രദ്ധയിൽപ്പെട്ടുവെന്നും സംശയം തോന്നി പരിശോധിച്ചപ്പോൾ ഹെറോയിൻ ആണെന്ന് മനസ്സിലായെന്നും കസ്റ്റംസ് കമ്മീഷണർ ദീപക് കുമാർ ഗുപ്ത പറഞ്ഞു. ഇപ്രകാരം 600 ചാക്കുകൾ പരിശോധിച്ചപ്പോഴാണ് 15 എണ്ണത്തിൽ നിന്ന് ഹെറോയിൻ പിടികൂടിയത്. കൂടാതെ പല തരത്തിലുള്ള 52 കിലോയോളം മയക്കുമരുന്നും പിടികൂടി. സംഭവത്തിൽ പ്രധാന സൂത്രധാരനെന്ന് കരുതുന്ന താരിഖ് അഹമ്മദിനെയും മറ്റെരാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ കസ്റ്റംസ് ചരിത്രത്തിലെ സുവർണ നേട്ടമാണിതെന്ന് ദീപക് കുമാർ പറഞ്ഞു.