ബർമിംഗ്ഹാം : 338 റൺസ് ലക്ഷ്യവുമായി ഇംഗ്ളണ്ടിനെതിരായ ലോകകപ്പ് മത്സരത്തിൽ ചേസിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് 31 റൺസ് തോൽവി. സെഞ്ച്വറി നേടി ഒാപ്പണർ രോഹിത് ശർമ്മയും (102) അർദ്ധസെഞ്ച്വറി കടന്ന് നായകൻ വിരാട് കൊഹ്ലിയും (66)പുറത്തായതോടെ പതറിയ ഇന്ത്യയെ രക്ഷിക്കാൻ യുവതാരങ്ങളായ ഹാർദിക്ക് പാണ്ഡ്യയും(45) റിഷഭ് പന്തും (32) പരിശ്രമിച്ചെങ്കിലും വലിയ ലക്ഷ്യം വെല്ലുവിളിയായി അവശേഷിച്ചു. പരിചയസമ്പന്നനായ ധോണി 45 റൺസുമായി പുറത്താകാതെ ക്രീസിലുണ്ടായിരുന്നിട്ടും ആവസാന ഘട്ടത്തിൽ കാറ്റുപോയ ബലൂണായി ഇന്ത്യ മാറി. ഇന്ത്യ ഇൗ ലോകകപ്പിലെ ആദ്യ തോൽവി ഏറ്റുവാങ്ങിയതോടെ അയൽക്കാരായ പാകിസ്ഥാന്റെയും ശ്രീലങ്കയുടെയും സെമിസ്വപ്നങ്ങൾ കൂടിയാണ് തുലാസിലായത്. ഇനിയുള്ള രണ്ട് മത്സരങ്ങളിൽ ഒന്നെങ്കിലും ജയിച്ചാൽ ഇന്ത്യയ്ക്ക് സെമിയിലെത്താം.
ഒരുഘട്ടത്തിൽ 400 കടന്ന് മുന്നേറുമെന്ന് കരുതിയ ഇംഗ്ളണ്ടിനെ അവസാന ഘട്ടത്തിലെ ബൗളിംഗ് പ്രകടനത്തിലൂടെ 337 ലൊതുക്കുകയായിരുന്നു ഇന്ത്യ. അഞ്ച് വിക്കറ്റ് പ്രകടനവുമായി ഷമിയും ഒരു വിക്കറ്റുമാത്രമേ നേടാനായുള്ളൂവെങ്കിലും റൺസ് വിട്ടുകൊടുക്കുന്നതിൽ നിയന്ത്രണം പാലിച്ച ബുംറയും ചേർന്നാണ് ഇംഗ്ളീഷ് കുതിപ്പിന്റെ വേഗം അല്പമെങ്കിലും കുറച്ചത്.
തകർപ്പൻ ഒാപ്പണിംഗ്
ടോസ് നേടിയ ഇംഗ്ളണ്ട് ബാറ്റിംഗിന് ഇറങ്ങിയപ്പോഴേ ഇന്ത്യയ്ക്ക് കാര്യങ്ങൾ അനുകൂലമായിരുന്നില്ല. ബുംറയ്ക്കും ഷമിക്കും ആദ്യ സ്പെല്ലിൽ വിക്കറ്റ് നേടാൻ കഴിഞ്ഞില്ല. ആദ്യ പത്തോവറിൽ 46 റൺസ് നേടിയിരുന്ന ഇംഗ്ളണ്ട് പിന്നീട് തകർത്തടിക്കുകയായിരുന്നു. ബൗളിംഗ് ചേഞ്ചിൽ ചഹൽ എത്തിയതോടെ ബെയർ സ്റ്റോയും (111) റോയ്യും (66) തകർത്താടി. 23-ാമത്തെ ഒാവറിൽ മാത്രമാണ് ഇന്ത്യയ്ക്ക ആദ്യവിക്കറ്റ് നേടാൻ കഴിഞ്ഞത്. അപ്പോഴേക്കും ഇംഗ്ളണ്ട് ടീം 160 റൺസിൽ എത്തിയിരുന്നു. കുൽദീപിന്റെ പന്തിൽ ജഡേജയുടെ അവിശ്വസനീയ ക്യാച്ചിലൂടെ റോയ്യാണ് ആദ്യം പുറത്തായത്. 57 പന്തുകൾ നേരിട്ട് റോയ് ഏഴ് ഫോറുകളും രണ്ട് സിക്സുകളും പായിച്ചിരുന്നു.
സെഞ്ച്വറി ജോണി
റോയ് പുറത്താകുമ്പോൾതന്നെ ജോണി ബെയർസ്റ്റോ സെഞ്ച്വറിക്കരികിലേക്കെത്തിയിരുന്നു. ഫസ്റ്റ് ഡൗണായെത്തിയ ജോറൂട്ടിനെ കൂട്ടുനിറുത്തിയാണ് മൂന്നക്കം തികച്ചത്. നേരിട്ട 90-ാമത്തെ പന്തിലായിരുന്നു ബെയർസ്റ്റോയുടെ ഇൗ ലോകകപ്പിലെ ആദ്യ സെഞ്ച്വറി. കഴിഞ്ഞ ഐ.പി.എൽ സീസണിൽ മിന്നുന്ന ഫോമിലായിരുന്ന ബെയർസ്റ്റോയ്ക്ക് ലോകകപ്പിൽ താളം കണ്ടെത്താൻ കഴിഞ്ഞത് ഇപ്പോഴാണ്.
ഷമിയുടെ ശ്രമം
വമ്പൻ സ്കോറിലേക്ക് കുതിച്ച ഇംഗ്ളണ്ടിന് താത്കാലികമായൊരു സ്പീഡ് ബ്രേക്കറിട്ടത് ഷമിയാണ്. 32-ാം ഒാവറിൽ ബെയർ സ്റ്റോയെയും 34-ാം ഒാവറിൽ ഇംഗ്ളീഷ് ക്യാപ്ടൻ ഇയോൻ മോർഗനെയും ഷമി മടക്കി അയച്ചതോടെ ഏഴിന് പുറത്തായിരുന്ന ഇംഗ്ളീഷ് റൺറേറ്റ് പതിയെ കുറയാൻ തുടങ്ങി. 109 പന്തുകളിൽ 10 ഫോറുകളും ആറ് സിക്സുകളുമടക്കം 111 റൺസ് നേടിയിരുന്ന ബെയർസ്റ്റോയെ ഷമിയുടെ പന്തിൽ ഋഷഭ് പന്താണ് പിടികൂടിയത്. മോർഗൻ കേദാറിന് ക്യാച്ച് നൽകിയതോടെ ഇംഗ്ളണ്ട് 207/3 എന്ന നിലയിലായി.
റൂട്ടും സ്റ്റോക്സും
തുടർന്ന് ക്രീസിലൊരുമിച്ച ജോ റൂട്ടും (44) ബെൻ സ്റ്റോക്സും പതിയെ ഇംഗ്ളണ്ടിനെ പഴയ വേഗത്തിലേക്ക് തിരിച്ചെത്താൻ ശ്രമിച്ചു. 41-ാം ഒാവറിൽ അവർ 250 കടന്നു. എന്നാൽ തന്റെ അടുത്തവരവിൽ ഷമി റൂട്ടിനെ കവർന്നതോടെ ഇന്ത്യയ്ക്ക് വീണ്ടും ആശ്വാസമായി. 45-ാം ഒാവറിൽ പാണ്ഡ്യയ്ക്ക് ക്യാച്ച് നൽകി റൂട്ട് മടങ്ങുമ്പോൾ ഇംഗ്ളണ്ട് 277/7 എന്ന നിലയിലായിരുന്നു. 54 പന്തുകൾ നേരിട്ട റൂട്ട് രണ്ട് ബൗണ്ടറികൾ പായിച്ചു.
പകരമിറങ്ങിയ ബട്ട്ലർ എട്ട് പന്തുകളിൽ രണ്ട് സിക്സും ഒരു ഫോറുമടക്കം 20 റൺസടിച്ച് ഷമിക്ക് റിട്ടേൺ ക്യാച്ച് നൽകി മടങ്ങുമ്പോൾ ഇംഗ്ളണ്ട് 310/5 എന്ന സ്കോറിലെത്തിയിരുന്നു. തുടർന്ന് സ്റ്റോക്സ് തകർത്തടിക്കാൻ തുടങ്ങി. 49-ാം ഒാവറിൽ വോക്സിനെ രോഹിതിന്റെ കൈയിലെത്തിച്ച് ഷമി അഞ്ചുവിക്കറ്റ് തികച്ചു. അവസാന ഒാവറിൽ ബുംറയെ റിവേഴ്സ് സ്വീപ്പിന് ശ്രമിച്ച സ്റ്റോക്സിനെ ജഡേജ പിടികൂടി. 54 പന്തുകളിൽ ആറ് ഫോറും മൂന്ന് സിക്സുമാണ് സ്റ്റോക്സ് പറത്തിയിരുന്നത്. അവസാന ഒാവറിൽ മൂന്ന് റൺസ് മാത്രമാണ് ബുംറ വിട്ടുകൊടുത്തത്.
രാഹുൽ ഡക്ക്
വമ്പൻ സ്കോർ ചേസ് ചെയ്യാനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലെ തിരിച്ചടികിട്ടി. ഒൻപത് പന്തുകൾ നേരിട്ടിട്ടും റൺസൊന്നും നേടാൻ കഴിയാതിരുന്ന കെ.എൽ. രാഹുൽ (0) മൂന്നാം ഒാവറിൽ ക്രിസ് വോക്സിന് റിട്ടേൺ ക്യാച്ച് നൽകി കൂടാരം കയറി. തുടർന്നാണ് കൊഹ്ലിയും രോഹിതും ഒരുമിച്ചത്. ഇവർ 138 റൺസ് കൂട്ടിച്ചേർത്തു.
സെമി ഒരു കടങ്കഥ
l ഇന്ത്യ ഇന്നലെ തോൽവി വഴങ്ങിയതോടെ ലോകകപ്പ് സെമിയിലേക്ക് ഏതൊക്കെ ടീമുകൾ എത്തുമെന്നതിൽ സങ്കീർണത തുടരുകയാണ്.
l 14 പോയിന്റുള്ള ആസ്ട്രേലിയ മാത്രമാണ് സെമി ഉറപ്പിച്ചിരിക്കുന്നത്.
l 11പോയിന്റുള്ള ഇന്ത്യയ്ക്ക് ഇനി രണ്ട് മത്സരങ്ങൾ. നാളെ ബംഗ്ളാദേശുമായും ശനിയാഴ്ച ശ്രീലങ്കയുമായും. ഇതിൽ ഒന്നെങ്കിലും ജയിച്ചാൽ സെമിയിലെത്താം.
l ഇംഗ്ളണ്ടും ന്യൂസിലൻഡും തമ്മിൽ ബുധനാഴ്ച നടക്കുന്ന മത്സരത്തിൽ ജയിക്കുന്നവർക്ക് സെമി ഉറപ്പിക്കാം.
l പാകിസ്ഥാൻ വെള്ളിയാഴ്ച ബംഗ്ളാദേശിനെ തോൽപ്പിച്ചാലും സെമിയിലെത്തണമെന്നില്ല.
l ബംഗ്ളാദേശിന് ഇന്ത്യയെയും പാകിസ്ഥാനെയും തോൽപ്പിച്ചാൽ മാത്രം പ്രതീക്ഷ.
l ശ്രീലങ്ക ഇന്ന് വിൻഡീസിനെയും പിന്നെ ഇന്ത്യയെയും തോൽപ്പിച്ചാലും വലിയ പ്രതീക്ഷയില്ല.
ഇന്ത്യയ്ക്ക് പിഴച്ചത് ഇങ്ങനെ
1. ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ ടോസ് നഷ്ടമായത് ആദ്യ തിരിച്ചടി
2. ഇംഗ്ളീഷ് ഒാപ്പണർമാരെ പുറത്താക്കാൻ 23-ാം ഒാവർ വരെ കാത്തിരിക്കേണ്ടിവന്നു.
3. ബെയർസ്റ്റോയും റോയ്യും പുറത്തായശേഷം മത്സരത്തിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും സ്റ്റോക്സിനും റൂട്ടിനും തടയിടാനായില്ല
4. തുടക്കത്തിലേ അക്രമിച്ചുകളിക്കാൻ നിൽക്കാതെ രാഹുൽ പന്തുകൾ പാഴാക്കി ഡക്കായി മടങ്ങി
5. വിജയപ്രതീക്ഷ ഉണർന്നുതുടങ്ങിയ സമയത്ത് കൊഹ്ലിയും പിന്നാലെ രോഹിത്തും മടങ്ങി.
6. അവസാനം വരെ ക്രീസിൽ നിൽക്കാനുള്ള ക്ഷമ പന്തും പാണ്ഡ്യയും കാട്ടിയില്ല.
7. ധോണിയും കേദാറും തോൽവി ഉറപ്പിച്ചപോലെയാണ് ബാറ്റുവീശിയത്.
ചഹലിന് നാണക്കേട്
ഇന്നലെ 10 ഒാവറിൽ 88 റൺസ് വിട്ടുകൊടുത്ത ഇന്ത്യൻസ്പിന്നർ യുസ്വേന്ദ്ര ചഹൽ ലോകകപ്പ് ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ റൺസ് വഴങ്ങുന്ന ഇന്ത്യൻ ബൗളറായി. 2003 ൽ ആസ്ട്രേലിയയ്ക്ക് 10 ഒാവറിൽ 87 റൺസ് വിട്ടുകൊടുത്തിരുന്ന ജവഗൽ ശ്രീനാഥിനെയാണ് ചഹൽ മറികടന്നത്. ആറ് സിക്സും ഏഴ് ഫോറുകളുമാണ് ചഹൽ വഴങ്ങിയത്. കുൽദീപ് 72 റൺസാണ് വിട്ടുകൊടുത്തത്.
5/69
ഇൗ ലോകകപ്പിലെ ഷമിയുടെ ആദ്യ അഞ്ചുവിക്കറ്റ് നേട്ടമാണിത്. മൂന്ന് മത്സരങ്ങളിൽ നിന്ന് ഷമി ആകെ നേടിയിരിക്കുന്നത് 13 വിക്കറ്റുകൾ. അഫ്ഗാനെതിരെയും വിൻഡീസിനെതിരെയും നാലുവിക്കറ്റ് വീതം നേടി.
111
ഇൗ ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ സെഞ്ച്വറി നേടുന്ന ആദ്യ ബാറ്റ്സ്മാനാണ് ബെയർ സ്റ്റോ.
160
ഇൗ ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ ഏറ്റവും ഉയർന്ന ഒാപ്പണിംഗ് പാർട്ട്ണർ ഷിപ്പാണ് ബെയർ സ്റ്റോയും റോയ്യും ചേർന്ന് നേടിയത്.
ലോകകപ്പ് ക്രിക്കറ്റ് പോയിന്റ് നില
(ടീം, കളി, ജയം, തോൽവി, ഉപേക്ഷിച്ചത്, പോയിന്റ് ക്രമത്തിൽ)
ആസ്ട്രേലിയ 8-1-1-0-14
ഇന്ത്യ 7-5-1-1-11
ന്യൂസിലൻഡ് 8-5-2-1-11
ഇംഗ്ളണ്ട് 8-4-3-0-10
പാകിസ്ഥാൻ 8-4-3-1-9
ബംഗ്ളാദേശ് 7-3-3-1-7
ശ്രീലങ്ക 7-2-3-2-6
ദ. ആഫ്രിക്ക 8-2-5-1-5
വിൻഡീസ് 7-1-5-1-3
അഫ്ഗാനിസ്ഥാൻ 8-0-8-0-0