babu-paul

കൊച്ചി : അമ്മയുടെ പേരിൽ വായനശാലയെന്ന ബാബു പോൾ ബാക്കിവച്ചുപോയ ആഗ്രഹത്തിന്റെ സഫലീകരണത്തിന് മുഖ്യമന്ത്രി പിണറായി വിജയനെത്തി. കുറുപ്പംപടിയിലെ ഡയറ്റ് സ്കൂളിൽ ബാബു പോളിന്റെ അമ്മ മേരിപോളിന്റെ സ്മരണാർത്ഥം വായനശാല പ്രവർത്തനം തുടങ്ങി. ബാബു പോളിന് മുൻപ് നൽകി നൽകിയ വാക്കനുസരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വായനശാല ഉദ്ഘാടനം ചെയ്തു.

ഭൂമിശാസ്ത്ര പുസ്തകം കിട്ടാൻ വൈകിയപ്പോൾ പട്ടണത്തിലെ സ്കൂളിൽ നിന്ന് കടം വാങ്ങി രാത്രി പകലാക്കി അത് പകർത്തിയെഴുതി കുട്ടികളെ പഠിപ്പിച്ച മേരി ടീച്ചർ. നാടിനും നാട്ടാർക്കും ഏറെ പ്രിയപ്പെട്ട ആ മേരി ടീച്ചർ തന്നെയായിരുന്നു മക്കളുടേയും മാതൃക. ആ അമ്മയുടെ പേരിൽ വായനശാല തുടങ്ങണമെന്ന ബാബു പോളിന്റെ അഭിലാഷം സഫലമാകുമ്പോൾ അത് കാണാൻ മകനുണ്ടായില്ല. അറിവിന്റെ കേന്ദ്രങ്ങളായ വായനശാലകൾ കുരുന്നുകളെ ഉയരങ്ങളിൽ എത്തിക്കുമെന്ന് മുഖ്യമന്ത്രി ആശംസിച്ചു.

ചിലർക്ക് സോഷ്യൽ മീഡിയയോടുള്ള ആസക്തി ലഹരിയായി മാറുന്നുവെന്നും ഇത്തരം സൈബർ അടിമകൾക്ക് ചികിത്സാകേന്ദ്രങ്ങൾ ആരംങഭിക്കേണ്ടി വരുമോ എന്ന ആശങ്ക മുഖ്യമന്ത്രി പങ്കുവച്ചതും ലൈബ്രറിയുടെ ഉദ്ഘാടനത്തിൽ വച്ചായിരുന്നു. ബാബു പോളിന്റെ സഹോദരൻ റോയി പോളിന്റെയും മറ്റ് കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു വായനശാല പ്രവ‍ർത്തനം ആരംഭിച്ചത്.