സ്ത്രീകളിൽ അസ്ഥിസംബന്ധമായ പ്രശ്നങ്ങൾ ആരംഭിക്കുന്നത് 30 വയസ് കഴിയുമ്പോഴാണ്. മുന്നോടിയായി മുട്ട് വേദന, കഴുത്ത് വേദന, നടുവേദന എന്നിവയുണ്ടാകുന്നു. ബാംപുരട്ടിയും വേദനസംഹാരി കഴിച്ചും സ്വയംചികിത്സ നടത്താതെ ഡോക്ടറെ കാണുക. കാൽസ്യത്തിന്റെ അളവ് കുറഞ്ഞാൽ എല്ലിന് ബലക്കുറവുണ്ടാകും. അതിനാൽ കാൽസ്യം അടങ്ങിയ ഭക്ഷണം കഴിക്കുക. വ്യായാമവും അസ്ഥികളുടെ ആരോഗ്യത്തിന് അനിവാര്യമാണ്.
രാവിലെയും വൈകിട്ടും ഇളംവെയിലേൽക്കുന്നതിലൂടെ ലഭിക്കുന്ന വിറ്റാമിൻ ഡി അസ്ഥികളുടെ ആരോഗ്യത്തിന് പ്രധാനപ്പെട്ട ഘടകമാണ്. എസി മുറികളിൽ ഇരുന്ന് ജോലി ചെയ്യുന്നവർ നിർബന്ധമായും രാവിലെയും വൈകിട്ടും ഇളവെയിൽ കൊള്ളുക. പാലും പാലുല്പന്നങ്ങളും ചെറിയ മത്സ്യങ്ങളും കഴിക്കുക.
ശരീരത്തിൽ കാൽസ്യത്തിന്റെ അളവ് കൂടുന്നത് വൃക്കയിൽ കല്ലുണ്ടാക്കുന്നതിനാൽ അമിത കാൽസ്യം ഉപയോഗം നന്നല്ല. ആർത്തവവിരാമം കഴിഞ്ഞ സ്ത്രീകളിൽ കാൽസ്യത്തിന്റെ അളവ് വളരെ കുറയുന്നതിനാൽ ഇവർ കാൽസ്യം ഉറപ്പാക്കുക.