മതത്തിന്റെ പേരിൽ കലുഷിതമായ ലോകത്ത് ശാന്തിയും സമാധാനവും പരസ്പര സഹകരണവും ഉറപ്പാക്കുന്ന നിർണായക ചർച്ചകളും തീരുമാനങ്ങളുമാണ് മക്കയിൽ മുസ്ളിം വേൾഡ് ലീഗ് സംഘടിപ്പിച്ച അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനത്തിലുണ്ടായത്. 139 രാജ്യങ്ങളിൽ നിന്നായി രാഷ്ട്രത്ത ലവന്മാർ മുതൽ രാജ്യമുഫ്തികൾ വരെയുള്ള 1,200 പ്രതിനിധികളാണ് പങ്കെടുത്തത്. 'മതജീവിതത്തിൽ മുസ്ളിങ്ങൾക്ക് ഖുറാനും മുഹമ്മദ്നബി(സ്വ)യുടെ ഉപദേശങ്ങളുമേകുന്ന മിതമായ, മദ്ധ്യമായ, മാന്യമായ നിലപാടുകളെന്ത് " എന്നായിരുന്നു സമ്മേളന വിഷയം. ഖുറാനിലെ ചില പരാമർശങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റി ഖുറാൻ ഭീകരവാദവും തീവ്രവാദവും പ്രോത്സാഹിപ്പിക്കുന്നെന്ന പ്രചാരണം ഇപ്പോഴുണ്ട്.
മതം വേണ്ടവിധം പഠിക്കാതെ ചിലർ ഖുറാൻ വാക്യങ്ങളെടുത്ത് സമൂഹത്തിൽ പ്രശ്നങ്ങളുണ്ടാക്കുന്നു. ഇന്ത്യ ഇസ്ളാമിക ജീവിതത്തിന് പറ്റിയതല്ല, സിറിയയിലേക്ക് പോവണമെന്നൊക്കെ പറയുന്നവരുമുണ്ട്. വിരുദ്ധാഭിപ്രായമുള്ള ആളുകളെയും ഉൾക്കൊണ്ടു ജീവിക്കാനാവശ്യമായ സംസ്കാരമാണ് ഉണ്ടാവേണ്ടത്. മതമൂല്യങ്ങൾ സംരക്ഷിക്കാനുള്ള വിദ്യാഭ്യാസവും വേണം. യുവാക്കളെ ഇസ്ലാമിന്റെ മിതത്വവും മദ്ധ്യമ നിലപാടും പഠിപ്പിക്കാൻ എല്ലാ രാജ്യങ്ങളിലെ പ്രതിനിധികളും മുന്നോട്ടുവരണം.
മതം പഠിപ്പിക്കുന്നവരും പറയുന്നവരും സ്വപ്നലോകത്ത് ജീവിക്കുന്നവരായിക്കൂടാ. മുസ്ളിങ്ങളിൽ തന്നെ വ്യത്യസ്ത മദ്ഹബുകാരുണ്ട്. ഇവയെയെല്ലാം അംഗീകരിച്ചു ബഹുസ്വരത നിലനിറുത്തി ജീവിക്കാനാവണം. ബഹുസ്വര സമൂഹത്തിൽ മുഹമ്മദ് നബിയുടെ ജീവിതവും ഉപദേശവും താഴേത്തട്ടിൽ എത്തിക്കണമെന്നും സമ്മേളനം ആഹ്വാനം ചെയ്യുന്നു. സമ്മേളനത്തിലെ ഏറ്റവും ശ്രദ്ധേയം മക്കാ വിളംബരമാണ്. നബിയുടെ കാലത്തെ മദീന വിളംബരത്തിന്റെ കാലികമായ വായനയോ വ്യാഖ്യാനമോ ആണ് മക്ക വിളംബരം. 1,400 വർഷങ്ങൾക്ക് മുമ്പ് നബി മദീനയിലെത്തിയപ്പോൾ അവിടത്തെ ജൂതന്മാരും ക്രിസ്ത്യാനികളുമടങ്ങിയ ബഹുസ്വരസമൂഹത്തെ വിളിച്ചു കൂട്ടി വിളംബരം നടത്തി. ഇതിൽ പ്രധാനം എല്ലാവർക്കും അവരവരുടെ മതമനുസരിച്ച് ജീവിക്കാൻ സ്വാതന്ത്ര്യം ഉണ്ടാവണമെന്നതായിരുന്നു. സ്വന്തം നാടിന്റെ സംരക്ഷണത്തിനായി ഒന്നിച്ചുനിൽക്കണമെന്നും ആഹ്വാനം ചെയ്തു ഈ കരാർ. 'ഇസ്ളാമോ ഫോബിയ"യെ നേരിടേണ്ടത് അക്രമം കൊണ്ടല്ലെന്നും ആളുകൾക്ക് ഇസ്ളാമിനെക്കുറിച്ചുള്ള ശരിയായ വിവരം നൽകിയാണെന്നും സമ്മേളനം ഉദ്ബോധിപ്പിക്കുന്നു. ഇസ്ളാം സന്ദേശം സ്നേഹവും സമാധാനവുമാണെന്ന് ബോദ്ധ്യപ്പെടുത്തണം. മതഭേദമില്ലാതെ ആരാധനാലയങ്ങൾ സംരക്ഷിക്കപ്പെടണം. മതത്തിന്റെ പേരിൽ വെറുപ്പ് വളർത്തുന്നവർക്കെതിരെ മതസമൂഹങ്ങൾ കൂട്ടായി പ്രവർത്തിക്കണം. ഭീകരത, തീവ്രവാദം, സാംസ്കാരിക അധിനിവേശം എന്നിവയൊക്കെ നിരോധിക്കാൻ ചുമതലപ്പെട്ടവർ തയ്യാറാവണം.
വെറുപ്പില്ലാത്ത ജീവിതമുണ്ടാക്കാൻ മതസമൂഹങ്ങളെ പഠിപ്പിക്കണം. സ്ത്രീകളോട് വിവേചനം പാടില്ല. സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, മത രംഗങ്ങളിൽ അവസരങ്ങൾ നിഷേധിക്കുന്നതും അവകാശങ്ങൾ തട്ടിയെടുക്കുന്നതും മാനഹാനിയുണ്ടാക്കുന്നതും തടയണം. മതത്തെക്കുറിച്ച് പാണ്ഡിത്യമില്ലാത്തവർ മതത്തെക്കുറിച്ച് സംസാരിക്കുകയോ അഭിപ്രായം പറയുകയോ അരുത്. ഇത് തെറ്റിദ്ധാരണകൾക്കിടയാക്കും. കാരുണ്യ പ്രവർത്തനങ്ങൾ സ്വന്തം വിഭാഗത്തിൽ ഒതുക്കുന്ന സങ്കുചിത മനോഭാവം ഇല്ലാതാക്കണം. സാംസ്കാരിക, മതവൈവിദ്ധ്യങ്ങൾ പ്രചരിപ്പിക്കുന്നവർ ശാന്തമായി വേണം ജനങ്ങളെ ബോധവത്കരിക്കാൻ. അത് അക്രമത്തിന്റെയും വെല്ലുവിളികളുടെയും രൂപത്തിലെത്തരുത്. മതത്തിന്റെ പേരിൽ കലഹങ്ങളും പ്രശ്നങ്ങളുമുണ്ടാവരുത്. സൗഹൃദ സംഭാഷണങ്ങൾ, കൂടിക്കാഴ്ചകൾ, സഹകരണം എന്നിവയിലൂടെയുള്ള പൊതുസംസ്കാരം വളർത്തിയെടുക്കണം. മതത്തിന്റെ പേരിൽ മുസ്ളിം രാജ്യങ്ങളിൽ പോലും വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ വേർതിരിവ് പാടില്ലെന്നുമാണ് സമ്മേളന സന്ദേശം.
(പ്രമുഖ പണ്ഡിതനും കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡന്റും സമ്മേളനത്തിലെ ഇന്ത്യൻ പ്രതിനിധിയുമായിരുന്നു ലേഖകൻ)