മലപ്പുറം: തമിഴ്നാട്ടിലും കർണ്ണാടകയിലും ഉത്പാദനം കുറഞ്ഞതിനൊപ്പം പെരുന്നാൾ വിപണി കൂടി മുന്നിൽകണ്ട് പച്ചക്കറി വില വൻതോതിലുയർത്തി മൊത്തവിതരണക്കാരുടെ കൊള്ള. തക്കാളി, ചെറിയ ഉള്ളി, പച്ചമുളക്, കാരറ്റ്, ബീൻസ് തുടങ്ങിയയാണ് വിലയിൽ മുമ്പിൽ. മറ്റ് പച്ചക്കറികളുടെയും വില വർദ്ധിച്ച് തുടങ്ങിയിട്ടുണ്ട്. സവാളയുടെ വിലയും അനുദിനം കൂടുന്നുണ്ട്. ഇതിൽ തക്കാളിക്കാണ് വലിയ തോതിൽ വില വർദ്ധിച്ചത്. കിലോയ്ക്ക് 55 രൂപ നൽകണം. കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളിലാണ് തക്കാളിയുടെ വില വലിയ തോതിൽ വർദ്ധിച്ചത്. 15 - 20 രൂപയ്ക്കുള്ളിൽ കിട്ടിയ സ്ഥാനത്താണിത്. തക്കാളിയുടെ വില ഉടൻ താഴാൻ സാദ്ധ്യത കുറവാണെന്നാണ് കച്ചവടക്കാർ പറയുന്നത്.
30 രൂപയ്ക്ക് ലഭിച്ചിരുന്ന ബീൻസിനിപ്പോൾ കിലോയ്ക്ക് 80 രൂപയാണ്. പച്ച മുളകിനും സമീപകാലത്തെ ഉയർന്ന വിലയാണ് - കിലോയ്ക്ക് 70 രൂപ. നേരത്തെ 30 രൂപയ്ക്ക് ലഭിച്ചിരുന്ന സ്ഥാനത്താണിത്. കർണ്ണാടകയിലും തമിഴ്‌നാട്ടിലും കടുത്ത ജലക്ഷാമമാണ് പച്ചക്കറി വില വർദ്ധനവിന് കാരണമെന്നാണ് മൊത്ത വ്യാപാരികളുടെ വാദം. ജില്ലയിലേക്ക് പ്രധാനമായും പച്ചക്കറികളെത്തുന്നത് ഇവിടങ്ങളിൽ നിന്നാണ്. സവാളക്കിപ്പോൾ കിലോയ്ക്ക് 25 രൂപയാണ്. രണ്ടാഴ്ച്ച മുമ്പ് കിലോയ്ക്ക് 18 രൂപയായിരുന്നു. പെരുന്നാളിൽ സവാള വലിയതോതിൽ ആവശ്യം വരുമെന്നത് മുന്നിൽകണ്ട് മൊത്തവിതരണക്കാർ വില വർദ്ധിപ്പിച്ച് തുടങ്ങിയിട്ടുണ്ട്.
നോമ്പ് തുടങ്ങിയ ശേഷം കിലോയ്ക്ക് 35ൽ നിന്നും ഉയർന്ന നേന്ത്ര വില 65ൽ എത്തിയിട്ടുണ്ട്. വേനൽമഴയിൽ ജില്ലയിൽ വാഴകൾ വലിയ തോതിൽ നിലംപറ്റിയതോടെ നാടൻ നേന്ത്രപ്പഴം വിപണിയിൽ കുറവാണ്. വയനാട്ടിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമെത്തുന്ന വലിപ്പ കൂടുതലുള്ള, കഴിക്കാൻ അത്ര രുചിയില്ലാത്ത പഴമാണ് ഇപ്പോൾ വിപണിയിലുള്ളത്. നോമ്പ് സീസണിൽ നേന്ത്രപ്പഴത്തിന്റെ ആവശ്യകത വലിയ തോതിൽ വർദ്ധിക്കുന്നതിനാൽ സ്ഥിരമായി വില വർദ്ധിപ്പിക്കാറുണ്ട്. നോമ്പിന് ശേഷമേ വില കുറയാൻ സാദ്ധ്യതയൊള്ളൂവെന്ന് മലപ്പുറം നഗരത്തിലെ ചെറുകിട കച്ചവടക്കാർ പറയുന്നു. പച്ചക്കറി വില വലിയതോതിൽ ഉയർന്നതോടെ വ്യാപാരം കുറഞ്ഞിട്ടുണ്ടെന്നും കച്ചവടക്കാർ പറയുന്നു.