മലപ്പുറം: ജില്ലയിലെ ഗവ. എൽ.പി, യു.പി സ്കൂളുകളിലെ അദ്ധ്യാപകരുടെ വലിയ കുറവിന് പരിഹാരമായി 1,237 പേരെ ഇരുവിഭാഗങ്ങളിലുമായി പി.എസ്.സി നിയമിച്ചു. എൽ.പിയിൽ 914ഉം യു.പിയിൽ 321ഉം പുതിയ അദ്ധ്യാപകരെയാണ് നിയമിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേരെ നിയമിച്ചത് ജില്ലയിലാണ്. സമീപകാലത്ത് പി.എസ്.സി മുഖേനയുള്ള ജില്ലയിലെ വലിയ നിയമനം കൂടിയാണിത്.
ജില്ലയിൽ 94 യു.പി സ്കൂളുകളും 346 എൽ.പി സ്കൂളുകളുമാണുള്ളത്. എച്ച്.സ്.എ സോഷ്യൽ സ്റ്റഡീസ് -34, നാച്വറൽ സയൻസ് -12, ഹിന്ദി - 12 എന്നിങ്ങനെയും നിയമനങ്ങൾ നടത്തിയിട്ടുണ്ട്. ഈ അദ്ധ്യാപകരും പുതുവർഷത്തിൽ തന്നെ ചുമതലയേൽക്കും. ഓഫീസ് അസിസ്റ്റന്റായി 36 പേർക്കും എൽ.ഡി ക്ലർക്കായി ആറു പേർക്കും നിയമനം നൽകി. ഹയർസെക്കൻഡറികളിൽ വിവിധ വിഷയങ്ങളിൽ അദ്ധ്യാപകരുടെ കുറവുണ്ടെങ്കിലും ഇതു പരിഹരിക്കപ്പെട്ടിട്ടില്ല. ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനങ്ങളാണിപ്പോൾ നടത്തുന്നത്.
എൽ.പി, യു.പി ക്ലാസുകളിൽ അദ്ധ്യാപകരുടെ വലിയ കുറവ് പഠന പാഠ്യേതര പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിരുന്നു. ദിവസ വേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനങ്ങൾ നടത്തിയാണ് അദ്ധ്യാപനം മുന്നോട്ടുകൊണ്ടുപോയിരുന്നത്. അദ്ധ്യാപന ശേഷി വർദ്ധിപ്പിക്കുന്നതിനും പാഠ്യരീതി നവീകരിക്കുന്നതിനുമായി വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പരിശീലന ക്ലാസുകളൊന്നും താത്ക്കാലിക അദ്ധ്യാപകർക്ക് ലഭിക്കാറില്ല. ഇതു കുട്ടികളുടെ പഠന നിലവാരത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.
നീട്ടിയത് നിയമ
പ്രശ്നങ്ങൾ
എൽ.പി, യു.പി റാങ്ക് പട്ടികയിലെ നിയമനത്തെ ചൊല്ലി ഉദ്യോഗാർത്ഥികൾ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ പരാതി നൽകിയതോടെയാണ് നിയമനം നീണ്ടുപോയത്.
2014ലാണ് എൽ.പി.എസ്.എ, യു.പി.എസ്.എ തസ്തികകളിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചത്.
അദ്ധ്യാപക യോഗ്യതാ പരീക്ഷയായ കെ.ടെറ്റ്, സി- ടെറ്റ് വിജയിക്കണമെന്ന മാനദണ്ഡമുൾപ്പെടുത്താതെയായിരുന്നു പരീക്ഷയുടെ വിജ്ഞാപനമിറക്കിയത്.
ഇതിനെതിരെ യോഗ്യതാ പരീക്ഷ വിജയിച്ച വിദ്യാർത്ഥികൾ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ കേസ് നൽകിയതോടെയാണ് നിയമനം നീണ്ടത്.