മലപ്പുറം: ജില്ലയിൽ വേനൽമഴയിൽ ഇത്തവണയുണ്ടായത് വലിയ കുറവ്. വേനലിൽ 302.9 മില്ലീമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് മാർച്ച് മുതൽ മേയ് വരെയുള്ള കണക്കനുസരിച്ച് 110.6 മില്ലീമീറ്റർ മഴയേ ലഭിച്ചുള്ളൂ. 63 ശതമാനം കുറവ് രേഖപ്പെടുത്തി. കേന്ദ്ര സർക്കാരിന്റെ മെട്രോളജിക്കൽ കേന്ദ്രമാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. വേനൽമഴ കുറഞ്ഞത് ജില്ലയിൽ കുടിവെള്ള ക്ഷാമം വർദ്ധിക്കാനിടയാക്കി. ജില്ലയിൽ കുടിവെള്ളക്ഷാമം രൂക്ഷമായ ഗ്രാമപഞ്ചായത്തുകൾക്ക് വരൾച്ച ദുരിതാശ്വാസ ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത് . കുടിവെള്ള വിതരണത്തിന് വരൾച്ച ദുരിതാശ്വാസ ഫണ്ട് ആവശ്യപ്പെട്ട ഒമ്പത് പഞ്ചായത്തുകൾക്ക് ഫണ്ട് അനുവദിച്ചു. പുളിക്കൽ, ചേലേമ്പ്ര, പുഴക്കാട്ടിരി, വള്ളിക്കുന്ന്, താനൂർ, മക്കരപ്പറമ്പ്, മൂർക്കനാട്, വാഴക്കാട് തുടങ്ങിയ ഒമ്പത് ഗ്രാമപഞ്ചായത്തുകളാണ് ഫണ്ട് ആവശ്യപ്പെട്ടിരുന്നത്. രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ കുടിവെള്ള വിതരണത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് തുക ചെലവഴിക്കുന്നതിന് സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു. കുടിവെള്ള വിതരണത്തിനുള്ള ചെലവ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തനത് ഫണ്ടിൽ നിന്ന് നിർവഹിക്കണമെന്നായിരുന്നു സർക്കാർ ഉത്തരവ്.
വിനിയോഗിച്ചവർക്ക് കൂടുതൽ ഫണ്ട്
ഏപ്രിൽ, മെയ് മാസങ്ങളിൽ കുടിവെള്ള വിതരണത്തിനായി അനുമതി നൽകിയ 11 ലക്ഷം രൂപയും ചെലവഴിച്ച ഒമ്പത് പഞ്ചായത്തുകൾക്കാണ് വരൾച്ചാദുരിതാശ്വാസ ഫണ്ട് നൽകിയിട്ടുള്ളത്.
കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ ജി.പി.എസ് ഘടിപ്പിച്ച ടാങ്കറുകളിൽ കുടിവെള്ളം ഗുണനിലവാരം ഉറപ്പുവരുത്തിവിതരണം നടത്താനായിരുന്നു കളക്ടറുടെ നിർദ്ദേശം.
അതനുസരിച്ച് കുടിവെള്ള വിതരണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തി തദ്ദേശവകുപ്പിന്റെ ജില്ലാതല മേധാവികൾ രണ്ടാഴ്ച കൂടുമ്പോൾ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു.