പൊന്നാനി: അഴിമുഖത്ത് നിർമ്മിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ കടൽ തൂക്കുപാലത്തിന്റെ കൺസൾട്ടൻസിയാകാൻ എൽ ആന്റ് ടി ഇൻഫ്രാസ്ട്രക്ചർ എൻജിനീയറിംഗ് ലിമിറ്റഡ്. ടെൻഡറിൽ പങ്കെടുത്ത ആറ് കമ്പനികളിൽ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയിരിക്കുന്നത് എൽ ആന്റ് ടിയാണ്. കരാർ നൽകുന്നത് സംബന്ധിച്ച അന്തിമ തീരുമാനം റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡവലപ്പ്മെന്റ് കോർപ്പറേഷന്റെ അടുത്ത യോഗത്തിലുണ്ടാവും. കടൽപ്പാലത്തിന്റെ സാദ്ധ്യതാപഠനം, ഡി.പി.ആർ തയ്യാറാക്കൽ എന്നിവയാവും കൺസൾട്ടൻസിയുടെ ചുമതല.
അമേരിക്ക കേന്ദ്രമായ ലൂയിസ് ബെർഗർ കൺസൾട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ്, മുംബൈ കേന്ദ്രമായ എസ്.ടി.യു.പി കൺസൾട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ്, ടി.പി.എഫ് എൻജിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡ്, സ്പെക്ട്രം ടെക്നോ കൺസൾട്ടന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് ടെൻഡറിൽ പങ്കെടുത്ത മറ്റു കമ്പനികൾ. കൂടുതൽ കമ്പനികൾ അപേക്ഷ നൽകിയിരുന്നെങ്കിലും ആറ് കമ്പനികളാണ് അർഹത നേടിയത്. എൽ ആന്റ് ടി 2.03 കോടി രൂപയും എസ്.ടി.യു.പി 2.51 കോടിയും സ്പെക്ട്രം 3.39 കോടിയും ലൂയിസ് ബെർഗർ 4.9 കോടിയും ടി. ഡി. എഫ് 8.2 കോടിയുമാണ് ടെൻഡറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ടെൻഡറിലെ ഫിനാൻഷ്യൽ ബിഡാണ് തുറന്നിരിക്കുന്നത്.
കടൽപ്പാലത്തിന്റെ നിർമ്മാണത്തിന് പൊതുമരാമത്ത് വകുപ്പ് 236 കോടി രൂപയുടെ ഭരണാനുമതി നൽകി. പദ്ധതിക്ക് നേരത്തെ സംസ്ഥാന ബഡ്ജറ്റിൽ 100 കോടി രൂപ വകയിരുത്തിയിരുന്നു. ആർ.ബി.ഡി.സി തയ്യാറാക്കിയ റിവൈസ്ഡ് പ്രൊപ്പോസലിനാണ് ഇപ്പോൾ ഭരണാനുമതി ലഭിച്ചിരിക്കുന്നത്.
അന്താരാഷ്ട്ര തലത്തിൽ 30 മുതൽ 50 വർഷം വരെ പ്രവൃത്തി പരിചയമുള്ള കമ്പനികളാണ് കൺസൾട്ടൻസിയാകുന്നതിനുള്ള ടെൻഡറിൽ പങ്കെടുത്തത്. കൺസൾട്ടൻസി തയ്യാറാക്കുന്ന ഡിസൈനിന്റെയും ഡി.പി.ആറിന്റെയും അടിസ്ഥാനത്തിലായിരിക്കും ഗ്ലോബൽ ടെൻഡർ വിളിക്കുക.
അന്താരാഷ്ട്ര നിലവാരത്തിലുള്ള നിർമ്മാണ കമ്പനിയെയാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.നടപടിക്രമങ്ങൾ പൂർത്തിയായതിനാൽ കൺസൾട്ടൻസിയെ കണ്ടെത്തി കരാർ ഒപ്പുവയ്ക്കുന്നത് അടുത്ത മാസമുണ്ടാകും.