മഞ്ചേരി: ചെരണിയിൽ രണ്ടു യുവാക്കൾ ദുരൂഹ സാഹചര്യത്തിൽ മരിക്കാനിടയായ സംഭവം പ്രദേശത്ത് ലഹരി മാഫിയയുടെ ശക്തമായ ഇടപെടലിലേക്കു വിരൽ ചൂണ്ടുന്നു. ഹെറോയിൻ അമിതമായി ഉപയോഗിച്ചതാണ് മരണ കാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കഞ്ചാവടക്കമുള്ള ലഹരി പദാർത്ഥങ്ങൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെ കേന്ദ്രീകരിച്ചു വിൽപ്പന നടത്തുന്നുണ്ടെന്നു പകൽ പോലെ വ്യക്തമായിരിക്കെ ലഹരി മാഫിയക്കെതിരെ ശക്തമായ നടപടിയുടെ ആവശ്യകതയിലേക്കാണ് സംഭവത്തിലെ പുതിയ കണ്ടെത്തൽ വിരൽ ചൂണ്ടുന്നത്.
ചെരണിയിൽ രണ്ടു പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് രാസ പരിശോധന ഫലം പുറത്തു വന്നത്. സംഭവ സ്ഥലത്തു നിന്നു കണ്ടെത്തിയ രാസവസ്തുക്കൾ വിശദമായ പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിൽ ശ്വാസകോശം, തലച്ചോർ എന്നിവയെ ഗുരുതരമായി ബാധിക്കുന്ന രാസപദാർത്ഥങ്ങളുടെ അമിതോപയോഗമാണ് മരണത്തിനു കാരണമായതെന്നാണ് കണ്ടെത്തിയത്. കോഴിക്കോട്ടെ കെമിക്കൽ ലാബിൽ നടത്തിയ പരിശോധന ഫലമാണ് അന്വേഷണ സംഘത്തിനു ലഭിച്ചത്.
സംഭവത്തിൽ മഞ്ചേരി പൊലീസ് ലഹരി മാഫിയയെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഊർജ്ജിതമാക്കിയെങ്കിലും കൂടുതൽ നടപടികൾ ഉണ്ടായിട്ടില്ല. മഞ്ചേരി സി.ഐ എൻ.ബി. ഷൈജുവിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.കഞ്ചാവിന് അടിമപ്പെടുന്നവർ പിന്നീടു വീര്യം കൂടിയ ലഹരി വസ്തുക്കൾ തേടുന്നതാണ് പ്രധാന വെല്ലുവിളി. ശരീരത്തിൽ കുത്തിവയ്ക്കുന്ന ലഹരി പദാർത്ഥങ്ങളുടെ വ്യാപനം നഗരത്തിൽ നിർലോഭം നടക്കുന്നുണ്ട്. എന്നാൽ ഈ ദിശയിലുള്ള അന്വേഷണം നാമമാത്രമാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. യുവാക്കളുടെ മരണം ലഹരി മൂലമാണെന്ന നിഗമനം ബലപ്പെട്ടതോടെ ലഹരി മാഫിയയെ കേന്ദ്രീകരിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമായി.