perinthalmanna

പെരിന്തൽമണ്ണ: അങ്ങാടിപ്പുറം വലമ്പൂരിൽ കാമുകിയുടെ വീട്ടിലെത്തി മടങ്ങുന്നതിനിടെ ബന്ധുവടങ്ങുന്ന ആറംഗ സംഘം യുവാവിനെ പിടികൂടി കെട്ടിത്തൂക്കി ക്രൂരമായി മർദ്ദിച്ചശേഷം മൂത്രം കുടിപ്പിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റെ നില ഗുരുതരമാണ്. പെരിന്തൽമണ്ണ പാതായ്ക്കര ചുണ്ടമ്പറ്റ നാഷിദ് അലിക്കാണ് (20) ശനിയാഴ്ച രാവിലെ ആറോടെ മർദ്ദനമേറ്റത്. യുവാവും പെൺകുട്ടിയും പ്രണയത്തിലാണെന്നും ഇതിനെച്ചൊല്ലി നേരത്തേയും പ്രശ്നങ്ങളുണ്ടായിരുന്നതായും വിവരമുണ്ട്.

വലമ്പൂരിലെ പെൺകുട്ടിയുടെ വീട്ടിലെത്തി മടങ്ങാൻ നോക്കുമ്പോൾ യുവാവിന്റെ ബൈക്ക് കണ്ടില്ല. ഇതന്വേഷിക്കുന്നതിനിടെ ബൈക്ക് അടുത്തുള്ള കുന്നിന് മുകളിലുണ്ടെന്ന് പറഞ്ഞ സംഘം യുവാവിനെ കാറിൽ കൂട്ടിക്കൊണ്ടുപോവുകയും ഇവിടെ വച്ചും പിന്നീട് റെയിൽവേ പാളത്തിന് സമീപവും, ശേഷം ഒരുവീട്ടിലും കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു. വീട്ടിൽ തലകീഴായി കെട്ടിത്തൂക്കിയ ശേഷം കത്തികൊണ്ട് ശരീരമാസകലം കുത്തി പരിക്കേല്പിച്ചു. ഇരുമ്പ് വടി കൊണ്ടായിരുന്നു മർദ്ദനം.

ഏറെനേരത്തെ മർദ്ദനത്തിന് ശേഷം സംഘം യുവാവിന്റെ ബന്ധുവിനെ മൊബൈലിൽ വിളിച്ചറിയിച്ചു. തുടർന്ന് ബന്ധുവും സുഹൃത്തുക്കളും ചേർന്നാണ് ശനിയാഴ്ച ഉച്ചയോടെ പെരിന്തൽമണ്ണ ആശുപത്രിയിലെത്തിച്ചതെന്ന് യുവാവിന്റെ ബന്ധുക്കൾ പറഞ്ഞു. മർദ്ദനത്തിൽ കാലിനും കൈയ്ക്കും പൊട്ടലേറ്റ യുവാവിന് അടിയന്തര ശസ്ത്രക്രിയ നടത്തി. യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.