തിരൂരങ്ങാടി : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ കരുത്തിൽ ജനകീയ ഇടപെടലിലൂടെ പഴയ പ്രതാപം തിരിച്ച് പിടിക്കുകയാണ് നാട്ടുകാർ ചേരിയാട് സ്കൂൾ എന്ന് വിളിക്കുന്ന തൃക്കുളം ഗവ: വെൽഫെയർ യു.പി സ്കൂൾ . ആയിരത്തലിധികം വിദ്യാർത്ഥികൾ പഠിച്ചിരുന്ന സ്കൂളിൽ രണ്ട് വർഷം മുമ്പ് ഒന്നാം ക്ലാസിലേക്ക് 16 കുട്ടികൾ മാത്രം അഡ്മിഷൻ നേടിയപ്പോൾ അപകടം തിരിച്ചറിഞ്ഞ പി.ടി.എയുടെയും ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ക്രിയാത്മകമായ ഇടപെടലിലൂടെ കഴിഞ്ഞ രണ്ട് വർഷങ്ങളിൽ അക്കാദമിക ,അനുബന്ധ മേഖലകളിൽ നടത്തിയ വൈവിധ്യവും ആകർഷണീയവുമായ പ്രവർത്തനങ്ങളാണ് സ്കൂളിനെ തകർച്ചയുടെ വക്കിൽ നിന്ന് രക്ഷിച്ചത്.
തിരൂരങ്ങാടി മുനിസിപ്പാലിറ്റി പുതുതായി അനുവദിച്ച നാല് ഹൈടെക് ക്ലാസ് മുറികളടക്കം ഭൗതിക പരോഗതിയിലും വലിയ കുതിച്ച് ചാട്ടമാണ് ഉണ്ടായിട്ടുള്ളത്. പൂർവ്വ വിദ്യാർത്ഥികൾ നിർമ്മിച്ച് നൽകിയ ചിൽഡ്രൻസ് പാർക്ക് അടക്കം പൊതുസമൂഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ഒട്ടനവധി പദ്ധതികൾ ഈ കാലയളവിൽ നടപ്പിലാക്കി. ക്ലാസ് ലൈബ്രറികൾ ,പ്രീ പ്രൈമറി ആരംഭം, ഔഷധോദ്യാനം, റോസ്ഗാർഡൻ, സമഗ്ര പച്ചക്കറി കൃഷി തുടങ്ങി വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതയെയും, സൃഷ്ടിപരതയേയും പ്രോത്സാഹിപ്പിക്കാൻ കർമ്മ നൈരന്തര്യത്തിലാണ് അധ്യാപകരും. ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിലായി 250 കുട്ടികൾ മാത്രമുണ്ടായിരുന്ന വിദ്യാലയത്തിലേക്ക് നൂറോളം കുട്ടികളാണ് ഈ വർഷം മാത്രം പുതുതായി എത്തിയിട്ടുള്ളത് .
വ്യാഴാഴ്ച നടക്കുന്ന പ്രവേശനോത്സവം വർണ്ണാഭമാക്കാൻ ഒരുങ്ങുകയാണ് ഒരുദേശമൊന്നാകെ . 67 വർഷം പിന്നിടുന്ന വിദ്യാലയത്തിന്റെ ഓഫീസ് ബിൽഡിംഗ് ഒഴികെ കെട്ടിടങ്ങളും കളിസ്ഥലവും ഇപ്പോഴും സ്വകാര്യ വ്യക്തിയടേതാണ്. സ്കൂളിന് വേണ്ടി എഴുതിവെച്ച ഈ ഭൂമി പൂർണ്ണമായും സർക്കാർ ഏറ്റെടുക്കുന്നതും അവിടെ ആധുനിക രീതിയിലുള്ള കെട്ടിടങ്ങൾ ഉണ്ടാവുന്നതും സ്വപ്നം കണ്ടാണ് ഓരോ അധ്യായന വർഷത്തെയും ഇന്നാട്ടുകാർ വരവേൽക്കുന്നത്. ഈ വർഷമെങ്കിലും അതിൽ അനുകൂലമായ ഒരു തീരുമാനമുണ്ടാവുമെന്ന വിശ്വാസത്തിലാണവർ.