എടപ്പാൾ: മേൽപ്പാലം നിർമാണവുമായി ബന്ധപ്പെട്ട് എടപ്പാൾ ടൗണിൽ സ്ഥിതി ചെയ്തിരുന്ന ഹൈമാസ്റ്റ് ലൈറ്റ് മാറ്റിസ്ഥാപിക്കാനുള്ള ശ്രമം പാതിവഴിയിൽ.ലൈറ്റുകൾ താഴെയിറക്കിയെങ്കിലും ഇതിനായി സ്ഥാപിച്ച തൂൺ താഴെയിറക്കാനായില്ല. ക്രെയിൽ കൊണ്ട് വന്ന് താഴെ ഇറക്കാൻ ശ്രമിച്ചെങ്കിലും തൊട്ടടുത്ത സിഗ്നൽ ലൈറ്റിന്റെ കേബിളുകൾ തടസ്സമായി വന്നു. ഇതോടെ ട്രാഫിക് സിഗ്നൽ സംവിധാനം ആദ്യം നീക്കം ചെയ്യേണ്ട സ്ഥിതിയായി. മേൽപ്പാല നിർമ്മാണവുമായി ആദ്യം നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതും സിഗ്നൽ സംവിധാനങ്ങളും ടൗണിന് നടുവിലായി ഡിവൈഡറിന് മുകളിൽ പൊലീസ് സ്ഥാപിച്ച ക്യാമറയുമായിരുന്നു. എന്നാൽ ഗതാഗതക്കുരുക്ക് ഭയന്ന് അധികൃതർ പിൻമാറുകയായിരുന്നു. മേൽപ്പാല നിർമ്മാണ മേഖലയിൽ നിന്ന് വിട്ട് നിൽക്കുന്ന ഹൈമാസ്റ്റ് ലൈറ്റ് ഊരിമാറ്റുന്നതിൽ പ്രതിഷേധം ഉണ്ടായിരുന്നങ്കിലും നിർമാണ കമ്പനിയുടെ നിർദ്ദേശനുസരണമാണ് ഗ്രാമപഞ്ചായത്ത് ലൈറ്റ് മാറ്റാൻ തയ്യാറായത്. ലൈറ്റുകൾ താഴെയിറക്കുകയും രാത്രിയിൽ ടൗൺ ഇരുട്ടിലാകുകയും ഭീമൻ തൂണ് താഴെയിറക്കാൻ കഴിയാതെവന്നതോടെ ടൗൺ ഇരുട്ടടിയായിരിക്കുകയാണ്.മേൽപ്പാലം നിർമ്മാണത്തിനായുള്ള പൈലിങ്ങ് ജോലികൾ തുടരുന്നു.ശനിയാഴ്ച പുതിയതായി ഒരു പില്ലറിനു കൂടി പൈലിങ്ങ് ആരംഭിച്ചു.ഇതോടെ പില്ലറിനായുള്ള പൈലിങ്ങ് കാണാനെത്തുന്നവരുടെ എണ്ണം ദിനം പ്രതി വർദ്ധിച്ച് വരികയാണ്.പൊലീസും ട്രോമ കെയർ പ്രവർത്തകരും പണിപെട്ടാണ് ഗതാഗതം നിയന്ത്രിച്ച് വരുന്നത്.രാവിലെ മുതൽ ആരംഭിക്കുന്ന കാഴ്ചക്കാരുടെ വരവ് പകലിന് ചൂട് പിടിക്കുന്നത് വരെ തുടരുകയാണ്. ഗതാഗതക്കുരുക്കിനൊപ്പം കാഴ്ചക്കാരുടേയും പെരുന്നാൾ തിരക്കും വർദ്ധിച്ചതോടെ കഴിഞ്ഞ ദിവസങ്ങളിൽ എടപ്പാൾ ടൗൺ ജനനിബിഡമായിരുന്നു.