പൊന്നാനി: തീരദേശത്തിന്റെ പ്രശ്നങ്ങൾക്ക് പരിഹാരമേകാൻ സർക്കാർ വിവിധ പദ്ധതികളാണ് നടപ്പാക്കുന്നതെന്നും അജ്മീർ നഗറിലെ തീരദേശ നിവാസികളുടെ നാശനഷ്ടങ്ങൾക്ക് കാരണമായ നിരന്തരമായ കടൽക്ഷോഭത്തിന് പരിഹാരമാണ് കടൽഭിത്തിയെന്നും സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. പാലപ്പെട്ടി അജ്മീർ നഗറിലെ പുതിയ കടൽഭിത്തിയുടെയും അജ്മീർ നഗർ റോഡിന്റെയും ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
ബഹുമുഖ പ്രശ്നങ്ങൾ നേരിടുന്ന മേഖലയാണ് തീരദേശം.അതിന്റെ ഭാഗമാണ് മുട്ടത്തറ മാതൃകയിൽ പൊന്നാനിയിൽ നിർമ്മിക്കുന്ന മത്സ്യത്തൊഴിലാളികൾക്കുള്ള ഫ്ളാറ്റ് സമുച്ചയവും മികച്ച തീരദേശ റോഡുകളും കടൽഭിത്തിയുമെന്നും സ്പീക്കർ കൂട്ടിച്ചേർത്തു. പൊന്നാനിയിൽ കേന്ദ്ര സർക്കാർ പദ്ധതിയായ ഫിഷർമാൻ കോളനിയിൽ ആളുകൾക്ക് താമസിക്കാൻ കഴിയാത്ത സാഹചര്യത്തിൽ അതിന് പരിഹാരം കാണാൻ ശ്രമിക്കും. വിദ്യദ്യാസം, ആരോഗ്യം, ഗതാഗതം തുടങ്ങി പൊന്നാനിയിൽ എല്ലാ മേഖലയിലും സമഗ്ര വികസനമാണ് നടപ്പാക്കി കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടുകോടി ചെലവഴിച്ച് 350 മീറ്റർ ദൂരത്തിലാണ് കടൽഭിത്തി നിർമ്മിച്ചിരിക്കുന്നത്. കടലാക്രമണ ഭിതി ഏറ്റവും കൂടുതൽ നേരിടുന്ന പ്രദേശമാണ് അജ്മീർ നഗർ. ഓഖിയിലും തുടർന്നുണ്ടായ കടലാക്രമണത്തിലും കടൽഭിത്തി പൂർണ്ണമായി തകരുകയും നിരവധി വീടുകൾ തകരുകയും ചെയ്തിരുന്നു.